തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങൾ ഒരുമിച്ച് തിയേറ്ററിലെത്തുകയാണ്. ഒക്ടോബർ ഏഴിന് കേരളത്തിലെ തിയേറ്ററുകളിൽ നടക്കുന്ന താരയുദ്ധത്തിന് ആരാധകർ തയ്യാറായിക്കഴിഞ്ഞു. എതിർ താരത്തിന്റെ ചിത്രത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയെന്നാണ് പാപ്പരാസികൾ പറയുന്നത്. ഒരു സൈബർ പോരാട്ടം തന്നെ ബോക്സ് ഓഫീസ് പോരാട്ടത്തിനൊപ്പം ഉണ്ടാകുമെന്നത് നിസംശയം പറയാം.

മലാളത്തിന്റെ ആവേശമായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകൾ ഒരുമിച്ച് വരുന്നത് ആരാധകർക്ക് ആഘോഷം തന്നെയാണ്. എന്നാൽ അതിനപ്പുറം ഇരു ചിത്രങ്ങളും ഒരുമിച്ച് വരുമ്പോൾ ചില പ്രശ്‌നങ്ങളുമുണ്ട്. അമിത പ്രതീക്ഷയുമായാണ് രണ്ട് ചിത്രങ്ങളും എത്തുന്നത്.

അതിനാൽ തന്നെ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. തുടക്കത്തിൽ അത് കലക്ഷനെ കാര്യമായി ബാധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഫാൻസ് തിരിഞ്ഞായിരിക്കും ആദ്യദിനം പടം കാണുന്നത്. മമ്മൂട്ടിയെ സംബന്ധിച്ച് ഒരു വിജയം അനിവാര്യമാണ്. തുടർ വിജയങ്ങൾ ഉണ്ടെങ്കിലും ഒന്നര വർഷം കാത്തിരുന്ന, ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രം എന്നിങ്ങനെ പുലിമുരുകൻ മോഹൻ ലാലിനും നിർണായകമാണ്.

200 തിയേറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം പുലിമുരുകൻ പദ്ധതിയിട്ടത്. പിന്നീട് അത് വെട്ടിക്കുറച്ച് 165 തിയേറ്ററുകൾ എന്നാക്കി. തോപ്പിൽ ജോപ്പനും എണ്ണം പറഞ്ഞ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. രണ്ട് സൂപ്പർസ്റ്റാറുകളുടെ സിനിമ ഒരുമിച്ചെത്തുമ്പോൾ അത് ബാധിക്കുന്നത് മറ്റ് താരങ്ങളുടെ ചെറിയ സിനിമകളെയാണ്. തിയേറ്ററിൽ ഇപ്പോൾ പ്രദർശനം തുടരുന്ന ഒപ്പം എന്ന ചിത്രത്തെ പോലും പുലിമുരുകന്റെയും തോപ്പിൽ ജോപ്പന്റെയും റിലീസ് ബാധിക്കും

പല കേന്ദ്രങ്ങളിലും പുലിമുരുകന് അതിരാവിലെ തന്നെ ഫാൻസ് ഷോകൾ ഒരുക്കിയിട്ടുണ്ട്. കോട്ടയമുൾപ്പടെയുള്ള പല കേന്ദ്രങ്ങളിലും രണ്ടു തീയറ്ററുകളിൽ വരെ ഫാൻസ് ഷോകളുണ്ട്. എന്നാൽ മമ്മൂട്ടി ചിത്രത്തിന് ഫാൻസ് ഷോ ഇത്തവണ ഒരുക്കിയിട്ടില്ല. മിക്ക തീയറ്റർ പരിസരങ്ങളും ഫ്ലെക്സുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലയിടത്തും ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് സൂചനയുള്ളതിനാൽ പൊലീസും മുൻകരുതൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ആവേശം അക്രമത്തിനു വഴിമാറാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. അതിനാൽ തീയറ്ററിലും കൂടുതൽ പൊലീസ് സന്നാഹത്തെ വിന്യസിക്കാൻ സാധ്യതയുണ്ട്. മോഹൻലാൽ മമ്മൂട്ടി സിനിമകൾ ഒരേ ദിനം റിലീസ് ചെയ്തിട്ട് ഒരുപാട് വർഷങ്ങൾ പിന്നിട്ടതിനാൽ സ്ഥിതിഗതികൾ ഊഹിക്കാവുന്നതിലും അപ്പുറമാകുമെന്ന് അധികൃതർ കണക്കു കൂട്ടുന്നു. ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലൊഴിവാക്കാൻ ജോപ്പൻ ഫാൻസ് ഷോ മനഃപൂർവം ഒഴിവാക്കിയതാണെന്നും തീയറ്ററുകാരോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

മലയാളത്തിലെ എക്കാലത്തെയും വലിയബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണവുമായാണ് പുലിമുരുകൻ എത്തുന്നത്. വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മുതൽമുടക്കിൽ മാത്രമല്ല ഷൂട്ടിങ് ദൈർഘ്യത്തിലും മറ്റു സാങ്കേതിക വിദ്യകളിലും മലയാളത്തിന്റെ പരിമിതികൾ കടന്ന സിനിമയാണ്. പുലിയുമായുള്ള മോഹൻലാലിന്റെ ഫൈറ്റ് സീനുകളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നൽകിയിരുക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പൻ. ഭയ്യാ ഭയ്യായ്ക്ക് ശേഷം ജോണി ആന്റണി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ അൻഡ്രിയയും മംമ്തയുമാണ് നായികമാർ. മമ്മൂട്ടി അച്ചായനായി എത്തുമ്പോൾ എന്നും ആളുകൾക്ക് ആവേശമാണ് കോട്ടയം കുഞ്ഞച്ചനും ഒരു മറവത്തൂർ കനവിലെ ചാണ്ടിച്ചായനും എല്ലാം ആളുകളിൽ പ്രതീക്ഷ നിറയ്ക്കുന്നു...

ഇതിന് മുമ്പ് ഇങ്ങനെ ഒരു താരയുദ്ധനം നടന്നത് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പാണ്. 2001 ലാണ് ഏറ്റവും ഒടുവിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രം ഒരുമിച്ച് തിയേറ്ററിലെത്തിയത്. ഓഗസ്റ്റ് 31 ന്. വിനയൻ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ രാക്ഷസ രാജാവും രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാലിന്റെ രാവണ പ്രഭുവും ആയിരുന്നു ആ രണ്ട് ചിത്രങ്ങൾ. മമ്മൂട്ടിയ്‌ക്കൊപ്പം ദിലീപ്, കാവ്യ മാധവൻ, മീന, കലാഭവൻ മണി, രാജൻ പി ദേവ് തുടങ്ങിയവർ അണിനിരന്നപ്പോൾ, മറുവശത്ത് ഡബിൾ റോളിൽ മോഹൻലാലും കൂടെ നെപ്പോളിയനും രേവതിയും വസുന്തരദാസും സിദ്ധിഖുമൊക്കെ എത്തി.

ഒടുവിൽ ആ യുദ്ധത്തിൽ ജയിച്ചത് മോഹൻലാൽ ആയിരുന്നു. രാക്ഷസ രാജാവ് ബോക്‌സോഫീസ് കലക്ഷന്റെ കാര്യത്തിൽ മോശമല്ലായിരുന്നുവെങ്കിലും രാവണപ്രഭുവിനോട് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. രാക്ഷസ രാജാവും രാവണപ്രഭുവും തമ്മിലുള്ള ഏറ്റുമുട്ടൽ കഴിഞ്ഞ ശേഷം പരസ്പരം ഇങ്ങനെ ഒരു ക്ലാഷ് വരാതെ മോഹൻലാലും മമ്മൂട്ടിയും ശ്രദ്ധിച്ചിരുന്നു. പലതവണ രണ്ട് പേരുടെയും ചിത്രങ്ങൾ ഒന്നിച്ചു വരുന്നതായി പ്രഖ്യാപിച്ചുവെങ്കിലും നടന്നില്ല. ഒന്നര പതിറ്റാണ്ടിന് ശേഷം ആ യുദ്ധം വീണ്ടും നടക്കുമ്പോൾ വിജയം ആരുടെ പക്ഷത്തായിരിക്കും?