തിരുവനന്തപുരം: മെഗാതാരം മമ്മൂട്ടി നായകനാകുന്ന തോപ്പിൽ ജോപ്പന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. കൂളിങ് ഗ്ലാസും വച്ചു മുണ്ടും മടക്കിക്കുത്തി തലേക്കെട്ടുമൊക്കെയായി എതിരാളികളെ ഇടിച്ചു പറത്തുന്ന മമ്മൂട്ടിയെയാണു ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്.

ബെൻസു കാറും ജീപ്പുമൊക്കെ 45 സെക്കൻഡ് നീളുന്ന ഈ ടീസറിന്റെ പശ്ചാത്തലത്തിലുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസർ സൂപ്പർ ഹിറ്റായിരുന്നു. മമ്മൂട്ടിയെ കാണിക്കാത്ത ആദ്യ ടീസർ ഹിറ്റായപ്പോൾ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന രണ്ടാം ടീസർ ആദ്യത്തേതിനെ മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

'തോപ്പിൽ ജോപ്പൻ' ജോണി ആന്റണിയുടെ കരിയറിലെ ഏറ്റവും നല്ല ചിത്രമായിരിക്കും എന്നതിന് അടിവരയിടുന്ന പ്രതീക്ഷയാണ് ഈ ടീസർ തരുന്നതെന്ന് ആരാധകർ പറയുന്നു. കുടുംബത്തോടൊപ്പം കുട്ടികളോടൊപ്പം ആടിപ്പാടി ഉല്ലസിക്കാൻ പറ്റുന്ന ഒരു അടിപൊളി ഫാമിലി എന്റർടൈനറായിരിക്കും തോപ്പിൽ ജോപ്പനെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഒരു കുടുംബചിത്രമാണ് തോപ്പിൽ ജോപ്പനെന്ന പ്രതീക്ഷയും കവിയൂർ പൊന്നമ്മ കൂടി ഉൾപ്പെടുന്ന ടീസർ നൽകുന്നുണ്ട്. വിദ്യാസാഗറിന്റെ സംഗീതവും ടീസറിനെ മരണ മാസ്സ് അയക്കുന്നുണ്ട്. തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം, താപ്പാന എന്നീ ചിത്രങ്ങൾക്കു ശേഷം ജോണി ആന്റണിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണു തോപ്പിൽ ജോപ്പൻ.