- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിനെ വെട്ടിക്കാൻ കിടിലൻ മെയ്ക്ക് ഓവർ; ബണ്ടിച്ചോർ സ്റ്റൈലിൽ മുങ്ങി നടന്നു; ട്രാക്കിങ് ചെയ്യാതിരിക്കാൻ മൊബൈൽ ഫോണും ഉപയോഗിക്കാതെ കറങ്ങൽ; ഒടുവിൽ തൊരപ്പൻ സന്തോഷിനെ പൊലീസ് പിടികൂടിയത് പയ്യന്നൂർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം
കണ്ണൂർ: പൊലീസിനെ കബളിപ്പിച്ച് മെയ്ക്ക് ഓവർ നടത്തി ബണ്ടിച്ചോർ ലുക്കിൽ മുങ്ങി നടക്കുകയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷിനെ പയ്യന്നൂർ പൊലീസ് മട്ടന്നൂരിൽ വച്ച് തന്ത്രപരമായി അറസ്റ്റു ചെയ്തു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെയും കർണാടകയിലും തമിഴ്നാട്ടിലെ ഗൂഡല്ലൂരിലും നിരവധി മോഷണ കേസുകളിലെ പ്രതിയായ കുടിയാന്മല നടുവിൽ പുലിക്കുരുമ്പയിലെ സന്തോഷ് എന്ന തൊരപ്പൻ സന്തോഷി(40)നെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മട്ടന്നൂർ ചാലോട് വച്ച് പയ്യന്നൂർ ഡിവൈ.എസ്പി എം.സുനിൽകുമാറിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
തളിപ്പറമ്പിലെ അഭിഭാഷകന്റെ വീട്ടിലും സൂപ്പർ മാർക്കറ്റിലും നടത്തിയ കവർച്ചകളിലും മട്ടന്നൂർ, ഇരിട്ടി, കാസർകോട്, പൊയിനാച്ചി, ബേക്കൽ, വെള്ളരിക്കുണ്ട്, ചന്തേര, നീലേശ്വരം എന്നിവിടങ്ങളിൽ നടന്ന നിരവധി കവർച്ച കേസുകളിലും ഇയാൾ പ്രതിയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പുതിയ മെയ്ക്ക് ഓവറിൽ ബണ്ടിച്ചോർ സ്റ്റൈലിൽ വിലസി നടന്ന ഇയാളെ പിടികൂടിയത്. സന്തോഷ്മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലെന്നു മനസിലാക്കിയ പൊലീസ് ഇയാളുടെ കൂട്ടാളിയുടെ നീക്കങ്ങൾ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.
തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ച് ബണ്ടിച്ചോറിനെ അനുകരിക്കരിക്കുംവിധം ബാഗുമായി നിൽക്കുകയായിരുന്നു. ഇയാളുടെ ശരീര പ്രകൃതിയാണ് തിരിച്ചറിയാൻ പൊലീസിനു സഹായകമായത്. മോഷണത്തിന് ശേഷം ബംഗളൂരുവിലും തമിഴ്നാടിന്റെ പല ഭാഗങ്ങളിലുമായി ഒളിവിൽ കഴിയുന്നതാണ് ഇയാളുടെ ശൈലി. പൊലീസിന്റെ ശ്രദ്ധ തെരഞ്ഞെടുപ്പ് ചുമതലകളിലേക്ക് തിരിഞ്ഞതോടെ വീണ്ടും കവർച്ചക്കെത്തുകയായിരുന്നു. കേരളത്തിലേക്ക് കടന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് ജില്ലാ റൂറൽ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇയാളെ പിടികൂടാനുള്ള തന്ത്രങ്ങൾ ഒരുക്കിയത്.
പെരിങ്ങോം വൈപ്പിരിയത്തെ ആഗ്ര ടൈൽസിൽ നിന്നും നിരീക്ഷണ കാമറകൾ കേടുവരുത്തി ഒരുലക്ഷത്തോളം രൂപ അപഹരിച്ച സംഭവവുമുൾപ്പെടെയുള്ള നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പൊലീസ് സംഘത്തിൽ ഇൻസ്പെക്ടർ എം.സി പ്രമോദ്, എസ്ഐ കെ.ടി ബിജിത്ത്, അഡീഷണൽ എസ്ഐ മനോഹരൻ എഎസ്ഐ എ.ജി അബ്ദുൽ റൗഫ് എന്നിവരുമുണ്ടായിരുന്നു.