ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിന്റെ നയങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തി. ഇന്ത്യയിൽ വർഗീയ വിഷം വിതറി ഭരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. സർക്കാറിന്റെ സ്വച്ഛ് ഭാരത് പദ്ധതിയെ വിമർശിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. മാദ്ധ്യമങ്ങളിൽ ഫോട്ടോ വരാനായി തെരുവ് വൃത്തിയാക്കുന്നവർ തന്നെയാണ് വിഷം ചീറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ തൽക്കത്തോറ സ്‌റ്റേഡിയത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച ജവഹർലാൽ നെഹ്രു അനുസ്മര ചടങ്ങിലായിരുന്നു രാഹുലിന്റെ ഈ ആരോപണം. രണ്ട് ദിവസത്തെ സമ്മേളനമാണ് കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്.

വിദ്വേഷത്തെ നേരിടാൻ മനസിലെ സ്‌നേഹം കൊണ്ടേ സാധിക്കൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വർഗീയതക്കെതിരെ പോരാടിയ പാരമ്പര്യമാണ് കോൺഗ്രസിന്റേത്. കോൺഗ്രസ് തെറ്റു ചെയ്തിട്ടില്ലെന്ന് പറയുന്നില്ല. ഈ തെറ്റുകളിൽ നിന്നും പാഠമുൾക്കൊണ്ട് തിരിച്ചുവരുമെന്നും രാഹുൽ ഗാന്ധി പ്രവർത്തകരോടായി പറഞ്ഞു. ഇംഗ്ലീഷിന് പകരം ഹിന്ദിക്ക് പ്രധാന്യം നല്കുന്നത് ജനങ്ങളെ വിഭജിക്കാനാണെന്നും രാഹുൽ ആരോപിച്ചു. ഇന്ത്യയിൽ ഐക്യത്തിനുള്ള ഉപകരണമായാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ നെഹ്‌റു കണ്ടത്. ഇപ്പോഴത്തെ ബിജെപി സർക്കാർ ഹിന്ദിക്ക് പ്രാധാന്യം നൽകുന്നത് ആ സങ്കൽപ്പത്തിന് എതിരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം നെഹ്രുവിന്റെ പൈതൃകം ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് സോണിയാഗാന്ധി പറഞ്ഞു. എന്നാൽ അതിന് ഒരിക്കലും സാധിക്കില്ലെന്നും നെഹ്രുവിന്റെ പൈതൃകം ഭാരതത്തിന്റേത് കൂടിയാണെന്നും സോണിയ വ്യക്തമാക്കി. നെഹ്‌റുവിനെ അനുസ്മരിക്കാൻ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള നേതാക്കളെ ക്ഷണിച്ച് കോൺഗ്രസ് അടുത്തയാഴ്ച സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടില്ല. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, ജനതാദൾ നേതാവ് നിതീഷ് കുമാർ, എഐഎഡിഎംകെ അധ്യക്ഷ ജയലളിത തുടങ്ങിയവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അതേസമയം സ്വച്ഛ് ഭാരത് പദ്ധതിയെ വിമർശിച്ച് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ഇതു വരെയുള്ള പരിപാചികളെല്ലാം ഫോട്ടോ വരാനുള്ളത് മാത്രമായിരുന്നെന്നും എന്താണ് കോൺഗ്രസ് നേതാക്കളുടെ നേട്ടമെന്ന് വിശദീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഹിന്ദിയെ അപമാനിക്കുന്നതിന് ജനം മാപ്പു നല്കില്ലെന്നും ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ പറഞ്ഞു.