- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മാണിസാറിനെ പെരുംകള്ളനാക്കുന്നവർ മറക്കരുത്; നിങ്ങൾ പണ്ട് കരുണാകരനെ ചാരനാക്കിയും പിണറായിയെ കള്ളനാക്കിയും കഥ മെനഞ്ഞവർ തന്നെയാണ്
കഴിഞ്ഞ അമ്പതു വർഷം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന കെ എം മാണി സാറിനെ ഏതോ ഒരു ബാർ മുതലാളിയുടെ വിശ്വാസ യോഗ്യമല്ലാത്ത വെളിപ്പെടുത്തലിലൂടെ കേരള ജനത അവിശ്വസിക്കും എന്ന് ഒരിക്കലും കരുതാനാവില്ല. ഇൻകം ടാക്‌സ് കണക്കു പ്രകാരം രണ്ടായിരം കോടിയുടെ ആസ്തി സ്വന്തമായി ഉണ്ട് എന്ന് ചാനലിലൂടെ വിളിച്ചു കൂവുന്ന ബിജു രമേശ് എന്ന ബാർ മുതലാളിയുടെ വാക
കഴിഞ്ഞ അമ്പതു വർഷം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന കെ എം മാണി സാറിനെ ഏതോ ഒരു ബാർ മുതലാളിയുടെ വിശ്വാസ യോഗ്യമല്ലാത്ത വെളിപ്പെടുത്തലിലൂടെ കേരള ജനത അവിശ്വസിക്കും എന്ന് ഒരിക്കലും കരുതാനാവില്ല. ഇൻകം ടാക്‌സ് കണക്കു പ്രകാരം രണ്ടായിരം കോടിയുടെ ആസ്തി സ്വന്തമായി ഉണ്ട് എന്ന് ചാനലിലൂടെ വിളിച്ചു കൂവുന്ന ബിജു രമേശ് എന്ന ബാർ മുതലാളിയുടെ വാക്കുകൾ വിശ്വസിക്കുന്ന കേരള സമൂഹമേ നിങ്ങൾ ഇന്നല്ലെങ്കിൽ നാളെ ലജ്ജിച്ചു തല താഴ്‌ത്തേണ്ടി വരും എന്ന് യാതൊരു സംശയവുമില്ല. ആറോ ഏഴോ ബാറുകളും മറ്റു ബിസ്സിനസ് സംരംഭങ്ങളും ഉണ്ട് എന്ന് അവകാശപ്പെടുന്ന ബിജു നേരായ വഴിയിൽ ബിസ്സിനസ് നടത്തിയാണ് ഈ നിലയിൽ എത്തിയത് എന്ന് ഒരിക്കലും വിശ്വസിക്കാനാകുന്നില്ല.
രണ്ടായിരം കോടി ഉണ്ട് എന്ന് സ്വയം പ്രഖ്യാപിച്ച ബിജു രമേശിന് ഇതിനെക്കാൾ എത്രയോ കോടി ആസ്തി ഉണ്ടായിരിക്കും? അത് എന്തെങ്കിലും ആകട്ടെ. തനിക്കും കൂട്ടർക്കും സ്വന്തമായി ഉണ്ടായിരുന്ന ബാറുകൾ സർക്കാർ നിറുത്തലാക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി, കേരള സർക്കാരിനെ തന്റെ വരുതിയിൽ ആക്കി തീരുമാനം പിൻവലിപ്പിക്കുന്നതിനായി നടത്തിയ ഒരു ക്രൂര വിനോദമാണ്, കഴിഞ്ഞ അമ്പതു വർഷം കൊണ്ട് ഊതികാച്ചി ഉണ്ടാക്കിയ ഒരു ജീവിതം തല്ലിക്കെടുത്താൻ നോക്കുന്നത്. ഈ ബിജു എന്ന മനുഷ്യന്റെ വാക്കുകൾ മാത്രം വിശ്വസിച്ചു മാണിസാറിനെ കരിവാരി തേക്കുന്ന ഈ സമൂഹം ഒരു കാര്യം മറക്കാൻ പാടില്ല, ഈ നാടിനു വേണ്ടി, കേരളത്തിന് വേണ്ടി, പാലായ്ക്കു വേണ്ടി അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങൾ, പാവപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനു വേണ്ടി മാണിസാർ ചെയ്തിട്ടുള്ള എത്രയോ പ്രവർത്തികൾ കേരളത്തിലെ പാവപ്പെട്ട രോഗികൾക്കായി ഉള്ള കാരുണ്യ പദ്ധതി, ഇതെല്ലാം ബിജു രമേശ് എന്ന ഒരു വ്യക്തി നടത്തിയ ഒരു വ്യാജ ആരോപണത്തോടെ കേരള ജനത മറക്കുമോ? കഴിഞ്ഞ മൂന്നു മാസമായി ഈ ആരോപണം ഉന്നയിക്കുകയല്ലാതെ, എന്തെങ്കിലും ഒരു തെളിവ് ഹാജരാക്കാൻ ഈ മാന്യദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടോ. ഒരു തെളിവും ഹാജരാക്കിയിട്ടില്ല എങ്കിലും ഈ കള്ള് കച്ചവടക്കാരന്റെ വാക്കുകൾ വിശ്വസിക്കാനാണ് ഇവിടുത്തെ സമൂഹവും മാദ്ധ്യമങ്ങളും ശ്രമിക്കുന്നത്.
തങ്ങളുടെ റേറ്റിങ് കൂട്ടുക എന്ന ഒരേയൊരു ലക്ഷ്യവുമായി പ്രവർത്തിക്കുന്ന കേരളത്തിലെ മാദ്ധ്യമങ്ങൾ ആണ് ഇവിടം വിഷലിപ്തം ആക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നത് എന്നതാണ് സത്യം. എല്ലാ ദിവസവും വൈകുന്നേരം ന്യൂസ് അവർ പോലുള്ള ലൈവ് ചർച്ചകൾ നടത്തിയും അങ്ങോട്ടുമിങ്ങോട്ടും തെറി വിളിച്ചും നടത്തുന്ന കൂത്തുകൾ കാണുന്നതിനായി ജനം നെട്ടോട്ടം ഓടുന്നു. സത്യത്തെ അസത്യമായി വളച്ചൊടിക്കാൻ ശ്രമിച്ചു ജനങ്ങളിലേക്ക് അടിച്ചേല്പിക്കുന്ന ഈ നവമാദ്ധ്യമ സംസ്‌ക്കാരം ആണ് ആദ്യം തൂത്ത് ഏറിയപ്പെടേണ്ടത്. ചാര കേസിലൂടെ വ്യാജ ആരോപണങ്ങൾ സൃഷ്ടിച്ച് മുന്മുഖ്യ മന്ത്രി കെ കരുണാകരന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ ശ്രമിച്ച മാദ്ധ്യമങ്ങൾ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. കെ കരുണാകരനെ മാത്രമാണോ ഇവർ നശിപ്പിക്കാൻ ശ്രമിച്ചത് എത്രയോ ശാസ്ത്രജ്ഞർ, പ്രമുഖ വ്യക്തികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി എത്ര ആളുകളെയാണ് ഇക്കൂട്ടരും എതിർ രാഷ്ട്രീയക്കാരും ചേർന്ന് കശാപ്പു ചെയ്തത്. ഇങ്ങിനെ ഒരു ആരോപണം ഉണ്ടായ സ്ഥിതിക്ക് അനേഷിച്ചു സത്യം കണ്ടെത്തും വരെയെങ്കിലും അദ്ദേഹത്തെ വെറുതെ വിട്ടുകൂടെ. അതല്ലേ മര്യാദ. ഈ ബിജുവിന്റെ ആരോപണം നാളെ ശരിയല്ല വ്യാജമായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ എന്തായിരിക്കും സ്ഥിതി. മാണി സാറിനെ ക്രൂശിച്ച ഈ സമൂഹം എങ്ങിനെ അദ്ദേഹത്തോട് നീതി പുലർത്തും.
സ്വഭാവികമായും ഇലക്ഷൻ സമയങ്ങളിലും, പാർട്ടി സമ്മേളന സമയത്തും ബിസ്സിനസ് കാരിൽ നിന്നും മറ്റും സംഭാവന വാങ്ങാത്ത ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോ നേതാക്കന്മാരോ കേരളത്തിലോ ഇന്ത്യയിലോ ഉണ്ടോ? അങ്ങിനെ വാങ്ങാതെ സ്വന്തം വീട്ടിൽ നിന്നും പണം കൊണ്ടുവന്നു രാഷ്ടീയം കളിക്കാൻ സാധിക്കുമോ. ഇതു അഴിമതിയാണ് എന്ന് പറയാമെങ്കിലും ഇതു ഒരു നാട്ടു നടപ്പാണ്. ഒരു കോടി രാഷ്ട്രീയക്കാർക്ക് കൊടുത്താൽ നൂറു കോടി അതിലൂടെ ഉണ്ടാക്കാൻ അവർ ശ്രമിക്കുന്നു എന്ന് കരുതി ആരെങ്കിലും കൊടുക്കാതിരിക്കുകയോ മേടിക്കാതിരിക്കുകയോ ചെയ്യുന്നുണ്ടോ. അങ്ങിനെ മാണി സാറിന് കോടികൾ കൊടുത്തു എങ്കിൽ കൊടുത്തവർക്ക് എതിരെ എന്തെ കേസ് എടുക്കാത്തത്? നമ്മുടെ നിയമമനുസരിച്ച് കൈക്കൂലി കൊടുക്കുന്നതും മേടിക്കുന്നതും നിയമ വിരുദ്ധമല്ലേ? ശക്തമായ ഒരു ശക്തിയുടെ പിൻബലം ഇല്ലാതെ ബിജുവിനെ പോലെ ഒരാൾ ഇങ്ങിനെ ഒരു ആരോപണം ഉന്നയിക്കില്ല. ഇതിന് വ്യക്തമായ ഒരു ഗൂഢലക്ഷ്യം ഉണ്ട് എന്ന് യാതൊരു സംശയവും ഇല്ല. അമ്പതു വർഷം ഒരേ മണ്ഡലത്തിൽ നിന്നും ജനവിധി തേടി പരാജയം അറിയാതെ പാലായുടെ ജനപ്രധിനിധിയായി പ്രവർത്തിക്കുന്ന മാണി സാറിന്റെ അൻപതാം വാർഷികം ആഘോഷിക്കാനുള്ള കേരള ജനതയുടെ, പാലാക്കാരുടെ ശ്രമത്തെ ഈ ആരോപണങ്ങൾ ബാധിക്കില്ല എന്നതാണ് സത്യം. ഒരു പാലക്കാരൻ എന്ന നിലയിലും, മാണിസാറിന്റെ പ്രവർത്തനങ്ങളെ ദീർഘനാളായി നോക്കിക്കാണുന്ന ഒരു വ്യക്തി എന്ന നിലയിലും ഈ ആരോപണങ്ങൾ തികച്ചും വ്യാജമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. മന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും പാലായിലെ ജനങ്ങളെ നേരിട്ട് പേരെടുത്തു വിളിക്കുന്ന മാണി സാർ ഈ ആരോപണങ്ങളെയെല്ലാം അതിജീവിച്ച് ശക്തമായി തിരിച്ചുവരും എന്ന കാര്യത്തിലും യാതൊരു സംശയവും ഇല്ല.
മാണി സാറിന് എതിരായുള്ള ആരോപണത്തിൽ അന്വേഷണം നടക്കുന്നുണ്ട് അതിന്റെ വിധി വരുന്നത് വരെയെങ്കിലും അദേഹത്തെ വെറുതെ വിടുക. കഴിഞ്ഞ അമ്പതു വർഷം കറ പുരളാത്ത ജീവിതവുമായി താൻ സേവിച്ച ജനം ഏതോ ഒരു ബാർ മുതലാളിയുടെ വാക്കുകൾക്ക് മുൻപിൽ തന്നെ തള്ളി പറയുന്നത് മാണി സാറിനും സാറിനെ സ്‌നേഹിക്കുന്നവർക്കും സഹിക്കാനാവും എന്ന് ഞാൻ കരുതുന്നില്ല. ഫേസ് ബുക്കുകളിലൂടെയും മറ്റും അദ്ദേഹത്തെ ആക്ഷേപിക്കുന്ന ഒരു സംസ്‌ക്കാരം പടർന്നു പിടിക്കുന്നു. വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, പക്ഷെ ഒരു കാര്യം വിമർശിക്കുന്നവരും കളിയാക്കുന്നവരും മനസിലാക്കണം ആരെങ്കിലും തെളിവില്ലാത്ത ഒരു ആരോപണം ഉന്നയിച്ചതുകൊണ്ട് മാത്രം ഒരാൾ കുറ്റക്കാരൻ ആവില്ല. അന്വേഷണം നടത്തി കുറ്റക്കാരൻ ആണ് എന്ന് തെളിയണം. അല്ലാതെ ആഷിക് അബുവിനെ പോലെയും, ഇടതു പക്ഷ സഹയാത്രികനായ അനൂപ് ചന്ദ്രനെ പോലെയുള്ള വ്യക്തികൾ മാണി സാറിനെ ആക്ഷേപിക്കാനും അവഹേളിക്കാനുമായി മണി ഓർഡർ അയക്കുന്ന ഒരു സമൂഹത്തെ വളർത്തിയെടുക്കുന്ന രീതി അപലനീയമാണ്. മാണി സാർ തെറ്റുകാരൻ ആണ് എന്ന് തെളിഞ്ഞാൽ ഇതൊക്കെ ശരിയാണ്. ആ വിധി വരുന്നതുവരെ കാത്തിരിക്കുന്നതല്ലേ ശരി. സരിത വിഷയത്തിൽ ഉമ്മൻ ചാണ്ടിയെ, അഴിമതി വിഷയത്തിൽ പിണറായി വിജയനെ ഒക്കെ ഈ സമൂഹം ഏതെല്ലാം രീതിയിൽ ആക്ഷേപിച്ചു. പിണറായി വിജയൻ കോടതി വിധിയിലൂടെ തിരിച്ചു വന്നില്ലേ. അതിനു മുൻപ് അദ്ദേഹത്തെ ആക്ഷേപിച്ചവരും, കളിയാക്കിയവരും ഇന്ന് എവിടെ ഒളിച്ചു. നമ്മുടെ വ്യവസ്ഥിതിയിൽ സത്യം പുറത്ത് വരുന്നത് കോടതി വിധി വഴിയാണ് അതിനായി നമുക്ക് കാത്തിരിക്കാം അതല്ലേ ശരി.
എല്ലാ കാര്യത്തിലും കേരള ജനത കാണിക്കുന്ന അമിത രാഷ്ടീയമാണ് ആരോപണങ്ങളുടെയെല്ലാം അടിസ്ഥാനം. ജനങ്ങളാൽ തിരെഞ്ഞെടുക്ക പെട്ട ഒരു സർക്കാർ എന്ത് കാണിച്ചാലും അതിനെ എതിർക്കുക മാത്രമാണ് തങ്ങളുടെ ചുമതല എന്ന് കരുതുന്ന ഒരു പ്രതിപക്ഷ പാർട്ടികൾ ഇനിയെങ്കിലും മാറി ചിന്തിക്കണം. കന്യാകുമാരി മുതൽ കാസർഗോഡ് വരെ ഒരു നാലുവരി പാത വേണമെന്ന ആവശ്യം വന്നപ്പോൾ ഈ പദ്ധതി വന്നാൽ കേരളത്തെ വെട്ടിമുറിക്കപ്പെടും എന്ന കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് ഇന്ന് കേരളത്തിന്റെ ശാപം. വികസന കാര്യത്തിൽ ഇടതുപക്ഷമെന്നോ ,വലതുപക്ഷമെന്നൊ നോക്കാതെ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ സംസ്‌ക്കാരമാണ് നമുക്ക് വേണ്ടത്. അല്ലാതെയുള്ള ഈ രാഷ്ട്രീയ അതിപ്രസരം നമ്മുടെ നാടിനെ പുറകോട്ടെ നയിക്കൂ. ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു നില്ക്കുന്നതിനായി മാത്രം ആരോപണം ഉന്നയിക്കരുത്. വ്യക്തമായ തെളിവോടു കൂടി ആരോപണം ഉന്നയിക്കട്ടെ , ജനങ്ങൾ വിശ്വസിക്കും. മാണി സാർ കോടികൾ കോഴ വാങ്ങി എന്നുള്ള ആരോപണം ബിജു രമേശിലൂടെ പുറത്തുവന്നത് ആരുടെയോ എഴുതി തയ്യാറക്കിയ തിരക്കഥയുടെ അവതരണം മാത്രം. ഈ ആരോപണത്തിലൂടെ മാണി സാറിനെ തളയ്ക്കാം എന്ന് കരുതിയവർ ഒന്ന് മനസിലാക്കുക തനിക്കുമുള്ള തിരക്കഥകൾ എവിടെയോ ആരോ എഴുതിക്കൊണ്ടിരിക്കുന്നു എന്നുള്ളത്. ഫേസ് ബുക്കിലും മറ്റും മാണി സാറിനെതിരെ നടക്കുന്ന നെറികെട്ട പ്രചരണം കണ്ടതുകൊണ്ട് എഴുതിയതാണ്.
(ലേഖകൻ പ്രവാസി കേരളാ കോൺഗ്രസിന്റെ യുകെ റീജിയണൽ സെക്രട്ടറിയാണ്)