ന്യൂഡൽഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ബീഫ് നിരോധനം മൂലം കുടുംബം പട്ടിണിയിൽ ആയത് ആയിരക്കണക്കിന് വരുന്ന മുസ്ലിംകുടുംബങ്ങളാണ്. ഈ മേഖലയിൽ ജോലി ചെയ്തിരുന്നവർക്ക് തൊഴിൽ നഷ്ടമാകുകയും ചെയ്തു. ഇങ്ങനെ സ്വസമുദായത്തിലെ ആയിരങ്ങൾ പട്ടിണിയിൽ ആയപ്പോഴും കടുത്ത സംഘപരിവാർ നേതാക്കളെ പോലും തോൽപ്പിക്കുന്ന നിലപാടുമായി കേന്ദ്രമന്ത്രിസഭയിലെ മുസ്ലിം സമുദായംഗമായ മുക്താർ അബ്ബാസ് നഖ്വി രംഗത്തെത്തി.

ബീഫ് കഴിക്കണമെന്നുള്ളവർ പാക്കിസ്ഥാനിലേക്ക് പോകണമെന്നാണ് പാർലമെന്ററികാര്യ സഹമന്ത്രി കൂടായിയ മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞത്. ഗോവധ നിരോധനത്തെ ന്യായീകരിച്ച അദ്ദേഹം, ഇത് ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ വിഷയമല്ലെന്നും വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും പറഞ്ഞു. ഹിന്ദു വിശ്വാസികളുടെ വൈകാരിക വിഷയമാണ് ഇതെന്നായിരുന്നു നഖ്‌വിയുടെ അഭിപ്രായം. ഒരു ദേശീയ ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് നഖ്‌വി വിവാദ പരാമർശം നടത്തിയത്.

ബീഫ് കഴിക്കാതെ ജീവിക്കാൻ കഴിയാത്തവർക്ക് പാക്കിസ്ഥാനിലേക്കോ അറബ് രാജ്യങ്ങളിലേക്കോ പോകാം. അല്ലെങ്കിൽ ബിഫ് ലഭിക്കുന്ന ഏതു സ്ഥലത്തേയ്ക്കു വേണമെങ്കിലും പോകാം. മുസ്‌ലിമുകൾ പോലും ഇതിനെതിരാണെന്നും നഖ്‌വി കൂട്ടിച്ചേർത്തു. ഗോവ, ജമ്മു കശ്മീർ, കേരളം പോലെ ബീഫ് അധികം കഴിക്കുന്നവരുള്ള സ്ഥലങ്ങളിൽ ബീഫ് നിരോധിക്കുന്നത് എങ്ങനെയാണെന്ന എഐഎംഐഎം പ്രസിഡന്റ് അസദ്ദീൻ ഒവൈസിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം മുഖ്താർ അബ്ബാസ് നഖ്വിയുടെ പ്രസ്താവന വിവാദത്തിൽ ആയിട്ടുണ്ട്. പാക്കിസ്ഥാനിലേക്ക് പോകണമെന്ന വിധത്തിലുള്ള പ്രസ്താവന അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ പക്ഷം. എന്നാൽ രാജ്യവ്യാപകമായി ഗോവധ നിരോധനം നടപ്പിലാക്കുമെന്ന നിലപാടിലാണ് സംഘപരിവാർ നേതൃത്വവും സർക്കാറും. ഗോവധ നിരോധനം വ്യാപകമാക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ബീഫ് നിരോധനം വേണ്ടെന്ന നിലപാടിലാണ് കേരളത്തിലെയും മറ്റ് ചില സംസ്ഥാനങ്ങളിലെയും ബിജെപി നേതൃത്വം. കേരളത്തിലെ കശാപ്പുശാലകളെ നവീകരിക്കണമെന്ന ആവശ്യമാണ് കേരളത്തിലെ ബിജെപി നേതൃത്വം ഉന്നയിച്ചത്. അതേസമയം ബിജെപി അധ്യക്ഷൻ അമിത് ഷാ മേഘാലയ സന്ദർശിച്ചപ്പോൾ ബീഫ് ഫെസ്റ്റ് നടത്തിയാണ് അവിടുത്തെ ഒരു വിഭാഗം പ്രതികരിച്ചത്. ഇതിന് ബിജെപി പ്രവർത്തകരുടെ തന്നെ പിന്തുണയും ഉണ്ടായിരുന്നു.