തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെടുകയും അതിന് പിന്നാലെ വിസ നിയമങ്ങളിൽ മാറ്റം വരികയും ചെയ്തതോടെ ജനന സർട്ടിഫിക്കറ്റുകളിൽ പേരു തിരുത്താൻ തദ്ദേശ സ്ഥാപനങ്ങളിൽ വൻ തിരക്ക്. സമീപകാലത്തായി ഇമിഗ്രന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ സർട്ടിഫിക്കറ്റുകളിലാണ് തിരുത്തൽ വരുത്തുന്നത്.

കോർപ്പറേഷനുകളിലും പഞ്ചായത്ത് മുനിസിപ്പൽ ഓഫീസുകളിലും ഇതുസംബന്ധിച്ച് നല്ല തിരക്കാണ് കഴിഞ്ഞ കുറച്ചുകാലമായി അനുഭവപ്പെടുന്നത്. പേരിനൊപ്പം കൊടുത്തിട്ടുള്ള ഇനിഷ്യലുകൾ തിരുത്തി പൂർണരൂപം നൽകാനാണ് അപേക്ഷകൾ എത്തുന്നത്. യുഎസ് ഇമിഗ്രന്റ് വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് ഇത്തരത്തിൽ തിരുത്തലുകൾ വരുത്താനാണ് നിഷ്‌കർഷയുള്ളത്.

ഉദാഹരണത്തിന് രഘു ബി എന്നാണ് ബർത്ത് സർട്ടിഫിക്കറ്റിലെ പേരെങ്കിൽ രഘു ബാലകൃഷ്ണൻ എന്ന് രേഖപ്പെടുത്തി വാങ്ങിയാലേ വിസയ്ക്ക് അപേക്ഷിക്കാനാവൂ. ട്രംപ് അധികാരമേറ്റതിന് ശേഷം വിസ നിയമങ്ങൾ കൂടുതൽ കർക്കശമാക്കിയിരിക്കുകയാണെന്ന് അപേക്ഷകർ പറയുന്നു. ജനന തീയതിക്കും പേരിനും ബർത്ത് സർട്ടിഫിക്കറ്റ് ആണ് അടിസ്ഥാന പ്രമാണമായി കണക്കാക്കുന്നത്.

ഇതോടെയാണ് ഇപ്പോൾ അതിൽ തിരുത്തൽ വരുത്താൻ തിരക്കേറിയിട്ടുള്ളതും. തിരുവനന്തപുരം കോർപ്പറേഷനിൽ ഇത്തരത്തിൽ നിരവധി പേർ തിരുത്തൽ വരുത്താൻ എത്തുന്നതായാണ് വിവരം. യുഎസിലും കാനഡയിലും ഇത്തരത്തിൽ നിബന്ധന കർശനമാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലും വിസ നിയമങ്ങൾ കർക്കശമാകുന്നുണ്ടെന്നാണ് സൂചന. ഇതോടെയാണ് ജനന സർട്ടിഫിക്കറ്റ് മുഖ്യ ആധാരപ്രമാണമാകുന്നതിനാൽ അതിൽ തിരുത്തലുകൾ വരുത്താൻ തിരക്കേറുന്നത്.

ജനന സർട്ടിഫിക്കറ്റിലെ പേരും പാസ്‌പോർട്ടിലെ പേരും ഒരേപോലെ അല്ലെങ്കിൽ വിസ ലഭിക്കില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇന്ത്യൻ പാസ്‌പോർട്ടുകളിൽ ഇനിഷ്യലുകളില്ല. പകരം അതിന്റെ എക്‌സ്പാൻഷനാണ് ഉപയോഗിക്കുന്നത്. എന്നാൽ മിക്കവരുടേയും ജനന സർട്ടിഫിക്കറ്റുകളിൽ ഇനിഷ്യലുകളുണ്ടു താനും.

അതിനെ മാറ്റിയെടുക്കാനാണ് ഇപ്പോൾ തിരക്കേറിയിട്ടുള്ളത്. ഇതോടൊപ്പം കുഞ്ഞുങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുമ്പോൾ അതിൽ പേര് കൃത്യമായി ചേർക്കാൻ ശ്രദ്ധിക്കണമെന്നും ഇനിഷ്യൽ ഇല്ലാത്ത രീതിയിൽ പേര് നൽകിയാൽ ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇന്ത്യയിലും പാസ്‌പോർട്ടുകളിൽ ഇനിഷ്യലുകൾ ഒഴിവാക്കിയിട്ടുള്ളത്. എന്നാൽ പാസ്‌പോർട്ട് ലഭിക്കാൻ ജനന സർട്ടിഫിക്കറ്റിലെ ഇനിഷ്യൽ എക്‌സ്പാൻഡ് ചെയ്ത് എഴുതിക്കൊടുത്താൽ മതിയാകും. ഇതാണ് പാസ്‌പോർട്ടുകളിൽ രേഖപ്പെടുത്തുക. എന്നാൽ പ്രശ്‌നം ഉണ്ടാകുന്നത് വിസ ലഭിക്കുമ്പോഴാണ്. - പാസ്‌പോർട്ട് അധികൃതർ പറയുന്നു.

ട്രംപ് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പും വിസ ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് നൽകണമായിരുന്നു. പക്ഷേ അന്ന് ഈ നിബന്ധന അത്ര കർക്കശം അല്ലായിരുന്നു. ഇപ്പോൾ ഇത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ ബർത്ത് സർട്ടിഫിക്കറ്റിലേയും പാസ്‌പോർട്ടിലേയും പേരിൽ നേരിയ വ്യത്യാസം ഉണ്ടെങ്കിൽപോലും വിസ ലഭിക്കില്ലെന്ന സ്ഥിതിയാണ്. വിസനേടി എത്തുന്നവർ പിന്നീട് ഒരു ബാധ്യതയായി മാറാതിരിക്കാനാണ് പല രാജ്യങ്ങളും ഇത്തരം നിബന്ധനകൾ ഇപ്പോൾ കർക്കശമാക്കുന്നത്.