ദുബായ്: ഈദ് അവധി ദിനങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നവർക്ക് പകരം ലീവ് നൽകുകയോ അധിക ശമ്പളം നൽകുകയോ ചെയ്യണമെന്ന് ലേബർ മിനിസ്ട്രി.   പൊതു അവധി ദിനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അവർ എത്ര ദിവസം ജോലി ചെയ്തു എന്നതനുസരിച്ച് പകരം ലീവ് നൽകുകയോ അല്ലെങ്കിൽ അതിനു ചേർന്ന സാമ്പത്തികമായ നഷ്ടപരിഹാരം നൽകയോ ചെയ്യണം. പകരം ലീവ് നൽകിയിട്ടില്ലെങ്കിൽ അടിസ്ഥാന ശമ്പളത്തിന്റെ 150 ശതമാനമായിരിക്കണം ഇവർക്ക് ശമ്പളമായി നൽകേണ്ടത്. യുഎഇ ലേബർ നിയമത്തിന്റെ ആർട്ടിക്കിൾ 81 ഇതാണ് അനുശാസിക്കുന്നതെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

ആഴ്ചാവസാനങ്ങളിൽ ഈദ് അവധി പോലുള്ള പൊതുഅവധികൾ വന്നു ചേർന്നിരിക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ഡ്യൂട്ടി ചെയ്യാൻ നിർബന്ധിതരാകുന്നവർക്ക് അധിക ശമ്പളം ലഭിക്കാൻ യോഗ്യരാണ്. പൊതുഅവധി ദിനങ്ങളിൽ പകരം ലീവ് നൽകിയിട്ടില്ലാത്തവർക്ക് അധിക ശമ്പളം നൽകുകയാണ് വേണ്ടത്. അത് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 150 ശതമാനം എന്ന തോതിലായിരിക്കണമെന്നും ലേബർ മന്ത്രാലയത്തിലെ ഓഫീസ് ഓഫ് ലേബർ റിലേഷൻസ് ഡയറക്ടർ മുഹമ്മദ് അഹമ്മദ് മുബാറക് വ്യക്തമാക്കി.

ഇത്തരത്തിലുള്ള പരാതികൾ തീരെ കുറവാണ് ലഭിക്കുന്നതെങ്കിലും അവ പ്രത്യേക പരിഗണനയോടെ സ്വീകരിക്കും.