- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ സ്‌കൂൾ ഉടമക്ക് വേണ്ടി തോട്ടത്തിൽ രവീന്ദ്രൻ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി പരാതി; പദവി ദുരുപയോഗം ചെയ്ത് തങ്ങളെ പീഡിപ്പിക്കുന്നു എന്നും കോഴിക്കോട് വെസ്റ്റ് ഹിൽ പ്രദേശത്തെ ഒരു കുടുംബം; കോഴിക്കോട്ടെ സിപിഎം സ്ഥാനാർത്ഥിയെ കുടുക്കിലാക്കി ആരോപണം
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ മേയറും കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ തോട്ടത്തിൽ രവീന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു കുടുംബം. കോഴിക്കോട് വെസ്റ്റ് ഹിൽ പീപ്പിൾസ് റോഡിലെ കൈലാസത്തിൽ സിദ്ധാർത്ഥൻ, ഭാര്യ പ്രീത, മകൻ സുർജിത് എന്നിവരാണ് തോട്ടത്തിൽ രവീന്ദ്രനും കോഴിക്കോട് കോർപറേഷനിലെ ജീവനക്കാർക്കും പ്രാദേശിക സിപിഐഎം പ്രവർത്തകർക്കുമെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
പ്രീതയുടെ പേരിലുള്ള ഇവരുടെ പുരയിടത്തിലെ റോഡിനോട് ചേർന്ന ഭൂമി സമീപത്തെ സ്വകാര്യ സ്‌കൂളിന് വേണ്ടി തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നാണ് പരാതി. പ്രീതയുടെ വീടിനോട് ചേർന്ന് തന്നെ സ്ഥിതി ചെയ്യുന്ന വിസ്ഡം കിഡ്സ് എന്ന പ്ലേസ്‌കൂളിന് വേണ്ടിയാണ് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നത്. സ്‌കൂളിന്റെ ഉടമ രൂപഅനിൽകുമാറും തോട്ടത്തിൽ രവീന്ദ്രനും ചേർന്നാണ് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വർഷങ്ങളായി ഈ കുടുംബം കോടതിയും കേസുമായി ജീവിക്കുകയാണ്. മാത്രവുമല്ല പലപ്പോഴും തോട്ടത്തിൽ രവീന്ദ്രന്റെ അനുയായികളായ ചില പ്രാദേശിക സിപിഐഎം പ്രവർത്തകരും കോർപറേഷനിലെ ജീവനക്കാരും പൊലീസും ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
വർഷങ്ങളായി തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങളെ കുറിച്ച് പ്രീതയും മകൻ സുർജിതും മറുനാടൻ മലയാളിയോട് സംസാരിച്ചു. പതിറ്റാണ്ടുകളായി നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് സുർജിതിന്റെ കുടുംബം. കോഴിക്കോട്ടെ പ്രധാനപ്പെട്ട പല കെട്ടിടങ്ങളും കരാറെടുത്ത് നിർമ്മിച്ചത് ഈ കുടുംബമാണ്. ഇവരുടെ വീടിനോട് ചേർന്ന് തന്നെയാണ് ഇപ്പോൾ വിസ്ഡം കിഡ്സ് എന്ന പേരിലുള്ള പ്ലേസ്‌കൂൾ പ്രവർത്തിക്കുന്നത്. നേരത്തെ ഒരു പഴയ വീടായിരുന്നു ഈ സ്‌കൂൾ നിലനിൽക്കുന്ന പ്രദേശത്ത് ഉണ്ടായിരുന്നത്. അതിന്റെ ഉടമയും പ്രീതയുടെ അയൽവാസിയുമായ രൂപ എന്ന സ്ത്രീയാണ് ഈ സ്‌കൂൾ ആരംഭിച്ചത്. രൂപയുടെ ഭർത്താവ് അനിൽകുമാർ വിദേശത്ത് ജോലി ചെയ്യുകയാണ്.
നേരത്തെയുണ്ടായിരുന്ന പഴയ വീട് പ്ലേസ്‌കൂളായി പുതുക്കി പണിയാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. അയൽവാസിയും പതിറ്റാണ്ടുകളായി നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുയാളുമായ സുർജിതിനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചത്. സുർജിത്തിനെ സംബന്ധിച്ച് ചെറിയ ജോലി ആയതിനാൽ തന്നെ ആദ്യം ജോലി ഏറ്റെടുക്കാൻ വിസമ്മതിച്ചെങ്കിലും അമ്മ പ്രീതയുടെ നിർബന്ധത്തിന് വഴങ്ങി സുർജിത് ഈ ജോലി ഏറ്റെടുക്കുകയായിരുന്നു. പഴയവീട് പുതുക്കിപണിയുന്നതിനിടയിലാണ് രൂപ അനിൽകുമാർ പറഞ്ഞത് വലിയ പദ്ധതിയാണ് ആലോചിക്കുന്നതെന്നും പഴയ വീട് പുതുക്കിപണിതാൽ മാത്രം പോര കൂടുതൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും വേണമെന്ന്. സുർജിത് അതനുസരിച്ച് നിർമ്മാണം തുടങ്ങുകയും ചെയ്തു.
തുടക്കത്തിലെല്ലാം കൃത്യമായി പണം ലഭിച്ചിരുന്നെങ്കിലും പിന്നീട് രൂപയും അനിൽകുമാറും പണം നൽകുന്നതിന് ഓരോ അവധി പറയാൻ തുടങ്ങി. ഗൾഫിലായിരുന്ന അനിൽകുമാർ ഇത്തരത്തിൽ നിരവധി തവണ പണം നൽകുന്നതിന് അവധി പറഞ്ഞ് സുർജിതിനെ കബളിപ്പിക്കാൻ തുടങ്ങി. നാട്ടിലുള്ള രൂപയാകട്ടെ ഭർത്താവ് നാട്ടിലെത്തിയാൽ പണം തരാമെന്നും അതല്ലെങ്കിൽ തോട്ടത്തിൽ വിളവെടുത്തതിന് ശേഷം പണം നൽകാമെന്നുമെല്ലാം പറഞ്ഞ് സുർജിതിനെ വഞ്ചിക്കുകയും ചെയ്തു. നിർമ്മാണം പകുതിയിലെത്തിയപ്പോൾ തന്നെ പണം മുടങ്ങിയിരുന്നെങ്കിലും അയൽവാസിയാണെന്ന പരിഗണന വെച്ച് സുർജിത് നിർമ്മാണം പൂർത്തിയാക്കി നൽകുകയായിരുന്നു. എന്നാൽ അതിന്റെ പേരിൽ സുർജിതിന് ഇപ്പോൾ 24 ലക്ഷം രൂപ ലഭിക്കാനുണ്ട്. ഇക്കാര്യം കാണിച്ച് നിരവധി തവണ പരാതി നൽകാൻ ശ്രമിച്ച ഘട്ടത്തിലാണ് കോർപറേഷൻ മേയറും സിപിഐഎം നേതാവുമായ തോട്ടത്തിൽ രവീന്ദ്രൻ ഈ കേസിൽ ഇടപെടുന്നത്.
പണം താൻ ഇടപെട്ട് വാങ്ങിത്തരാമെന്ന് സുർജിതോ കുടുംബമോ ആവശ്യപ്പെടാതെ തന്നെ തോട്ടത്തിൽ രവീന്ദ്രൻ ഇങ്ങോട്ട് വന്ന് ഉറപ്പ് നൽകുകയായിരുന്നു. ഇവരുടെ വീടിന് സമീപത്ത് തന്നെയാണ് തോട്ടത്തിൽ രവീന്ദ്രന്റെ വീടും. പ്രദേശത്തെ പൊതുപ്രവർത്തകനും കോർപറേഷൻ മേയർ എന്ന നിലയിലും അദ്ദേഹത്തിന്റെ വാക്ക് വിശ്വസിച്ചെങ്കിലും രണ്ടരവർഷം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ സുർജിത് പരാതി നൽകുകയായിരുന്നു. ഇതോടെയാണ് ഈ കുടുംബത്തെ തോട്ടത്തിൽ രവീന്ദ്രനും കോർപറേഷൻ ഉദ്യോഗസ്ഥരും പ്രദേശത്തെ സിപിഐഎം പ്രവർത്തകരും ഉപദ്രവിക്കാൻ തുടങ്ങിയത്. പിന്നീടിങ്ങോട് ഒരു വർഷത്തിലധികമായി കടുത്ത മാനസിക ശാരീരിക പീഡനമാണ് ഈ കുടുംബം അനുഭവിച്ചുവരുന്നത്. പ്ലേസ്‌കൂൾ ഉടമ രൂപ അനിൽകുമാറിന് വേണ്ടി തോട്ടത്തിൽ രവീന്ദ്രൻ തന്റെ മേയർസ്ഥാനവും പൊതുപ്രവർത്തകനെന്ന പേരും ദുരുപയോഗം ചെയ്യുകയാണെന്ന് ഈ കുടുംബം ആരോപിക്കുന്നു.
പതിറ്റാണ്ടുകളായി നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് സുർജിതിന്റെ കുടുംബം. അതുകൊണ്ട് തന്നെ വെസ്റ്റ്ഹിൽ പീപ്പിൾസ് റോഡിലുള്ള ഇവരുടെ വീട്ടിലേക്ക് നിർമ്മാണ സാമഗ്രികൾ കൊണ്ടുവരുന്ന വലിയ ലോറികൾക്ക് പ്രവേശിക്കാൻ കഴിയുന്ന തരത്തിലാണ് മതിൽകെട്ടിയിരുന്നത്. ഭൂമിയുടെ യഥാർത്ഥ അതിർത്തിയിൽ നിന്നും അൽപം ഉള്ളിലേക്ക് മാറ്റി പൊതുറോഡിനോട് ചേർന്ന് അൽപം കൂടുതൽ സ്ഥലം ഒഴിച്ചിട്ടാണ് മതിൽ കെട്ടിയിരുന്നത്. വീട്ടിലേക്ക് പലപ്പോഴും വലിയ ലോറികളടക്കം വരാനുള്ളതുകൊണ്ടാണ് ഇത്തരത്തിൽ ചുറ്റുമതിൽ കെട്ടിയിരുന്നത്. ഇപ്പോൾ പ്ലേസ്‌കൂൾ നിൽക്കുന്ന സ്ഥലം നേരത്തെ സുർജിതിന്റെ ബന്ധുവിന്റേത് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ സുർജിതിന്റെ വീട്ടിലേക്കും സ്‌കൂളിലേക്കും ഇപ്പോൾ ഒരേ സ്ഥലത്ത് കൂടിയാണ് പ്രവേശിക്കുന്നത്.
സ്‌കൂളിന് വഴി ഉപയോഗിക്കാൻ മാത്രമുള്ള അവകാശമാണുള്ളത്. എന്നാൽ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പണം നൽകാത്തിന് പരാതി നൽകിയതോടെ സുർജിതിനെയും കുടുംബത്തെയും മനഃപൂർവ്വം ദ്രോഹിക്കുന്ന നടപടികളാണ് സ്‌കുൾ ഉടമ രൂപഅനിൽകുമാർ നടത്തുന്നത്. തോട്ടത്തിൽ രവീന്ദ്രനും പ്രദേശിക സിപിഐഎം നേതൃത്വവും ഇതിന് കൂട്ടുനിൽക്കുകയും ചെയ്യുന്നു. സുർജിതിന്റെ വീട്ടിൽ നിന്നും വാഹനവുമായി പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽ മറ്റുവാഹനങ്ങൾ വഴിയിൽ അനധികൃതമായി പാർക്ക് ചെയ്താണ് ആദ്യും ബുദ്ധിമുട്ടുണ്ടാക്കിയത്. ഇതൊഴിവാക്കാനായി വഴിയോട് ചേർന്ന സ്ഥലത്ത് ആദ്യം ചെറിയ ഉയരത്തിൽ ഒരു മതിൽപണിതെങ്കിലും അക്കാലത്തെ വെസ്റ്റ്ഹിൽ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ ജെസിബിയുമായി വന്ന് ഈ മതിൽ പൊളിച്ചുകളയുകയായിരുന്നു. നോട്ടീസ് നൽകാതെയോ പ്രത്യേക ഉത്തരവില്ലാതെയോ എങ്ങനെയാണ് തങ്ങൾ നികുതിയടക്കുന്ന ഭൂമിയിലെ നിർമ്മാണം പൊളിക്കുക എന്ന ചോദ്യത്തിന് പ്രദീപ് ഉത്തരം നൽകിയത് ഞങ്ങൾക്ക് ഉത്തരവിന്റെ ആവശ്യമില്ല കോർപറേഷൻ സെക്രട്ടറിയും മേയറും പറഞ്ഞതിനാലാണ് അത് ചെയ്തത് എന്നാണ്. തുടർന്നും സ്‌കൂൾ അധികൃതർ അനധികൃതമായി വാഹനം പാർക്ക് ചെയ്ത് സുർജിതിനെയും കുടുംബത്തെയും ബുദ്ധിമുട്ടിച്ചപ്പോൾ നേരത്തെ മതിൽ പണിത സ്ഥലത്ത് നിർ്മ്മാണ സാമഗ്രികൾ ഇറക്കിവെച്ചു.
എന്നാൽ ദിവസങ്ങൾക്കുള്ളിൽ കാരപറമ്പ് ഹെൽത്ത് ഇൻസ്പെക്ടർ സലിനും കോർപറേഷൻ ജീവനക്കാരും വന്ന് അവിടെയുണ്ടായിരുന്ന കരിങ്കല്ലുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ എടുത്തുകൊണ്ടുപോവുകയായിരുന്നു. 2020 മാർച്ച് 20നാണ് ഇത് സംഭവിക്കുന്നത്. രാവിലെ 9 മണിയോടെ സുർജിതിന്റെ അമ്മ പ്രീത ശബ്ദം കേട്ട് പുറത്തുവന്നപ്പോഴാണ് തങ്ങളുടെ ഭൂമിയിൽ നിന്നും കരിങ്കല്ലുകൾ കോർപറേഷന്റെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടത്. ഉടൻ തന്നെ മകനെ വിളിച്ചുവരുത്തി ഇരുവരും തടയാൻ ശ്രമിച്ചെങ്കിലും കോർപറേഷൻ ജീവനക്കാർ ഇരുവരെയും മർദ്ദിച്ച് അവശരാക്കി കല്ലുകൾ കടത്തിക്കൊണ്ടുപോയി. തോട്ടത്തിൽ രവീന്ദ്രനും കോർപറേഷൻ സെക്രട്ടറി ബിനുഫ്രാൻസിസും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണ് കോർപറേഷൻ ജീവനക്കാർ പറയുന്നത്. നേരത്തെ മതിൽപൊളിച്ചപ്പോഴും കല്ലുകൾ കടത്തിക്കൊണ്ടുപോയപ്പോഴുമെല്ലാം പ്രദേശത്തെ സിപിഐഎം പ്രവർത്തകർ ഇവരുടെ വീടിന് മുന്നിലെത്തി പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു.
കോർപറേഷൻ ഉത്തരവിനെ തുടർന്നാണ് ഉദ്യോഗസ്ഥർ മതിൽപൊളിച്ചതും കരിങ്കല്ലുകൾ കൊണ്ടുപോയതും എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സുർജിതും കുടുംബവും കോർപറേഷൻ സെക്രട്ടറിയെ കണ്ട് കാര്യങ്ങൾ തിരക്കിയെങ്കിലും ഇവരെ ഭീഷണിപ്പെടുത്തുന്ന ഇടപെടലാണ് കോർപറേഷൻ സെക്രട്ടറി ബിനുഫ്രാൻസിസിന്റെ ഭാഗത്ത് നിന്നുണ്ടായത്. കോർപറേഷൻ ഭരിക്കുന്നത് താനാണെന്നും എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യുമെന്നും ചോദ്യം ചെയ്യാൻ ആരും ഇങ്ങോട്ട് വേരേണ്ടെന്നും ബിനു ഫ്രാൻസിസ് സുർജിതിനോടും കുടുംബത്തോടും പറഞ്ഞു. തങ്ങളുടെ ഭൂമിയിലെ നിർമ്മാണം പൊളിക്കാനോ കല്ലുകൾ കടത്തിക്കൊണ്ടുപോകാനോ ഏതെങ്കിലും തരത്തിലുള്ള ഉത്തരവ് കോർപറേഷൻ ഇറക്കിയിട്ടുണ്ടോ എന്നറിയാൻ കോർപറേഷനിൽ വിവരാവകാശ അപേക്ഷ നൽകിയിരുന്നു. ഇതിന് മറുപടിയായി അറിയിച്ചത് ഇത്തരം പ്രവർത്തികൾ നടന്നത് കോർപറേഷൻ അറിഞ്ഞിട്ടില്ലെന്നും അതിനായി ഉത്തരവുകളോ നോട്ടീസുകളോ കോർപറേഷൻ ഇറക്കിയിട്ടില്ല എന്നുമാണ്.
ഇത് സംബന്ധിച്ച് പല തവണ നടക്കാവ് പൊലീസിൽ പരാതി നൽകാൻ എത്തിയെങ്കിലും തോട്ടത്തിൽ രവീന്ദ്രന്റെ ഇടപെടൽകാരണം പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച കോവിഡ് മുർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോളും പ്രായമായ മാതാവിനെയും കൊണ്ട് സുർജിത് നടക്കാവ് പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുകയായിരുന്നു. പ്രീതയെയും സുർജിതിനെയും മർദ്ദിച്ചതിനും തങ്ങളുടെ ഭൂമിയിയിൽ അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തിയതിനും പരാതി നൽകാനെത്തിയ കുടുംബത്തെ നാല് ദിവസത്തോളം നടക്കാവ് പൊലീസ് നടത്തിച്ചു. ലോക്കൽപൊലീസിൽ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഡിജിപിക്ക് പരാതി നൽകി. എന്നാൽ ഡിജിപി പരാതി തുടരന്വേഷണത്തിനായി വീണ്ടും നടക്കാവ് പൊലീസ് സ്റ്റേഷനിലെ അന്നത്തെ സ്റ്റേഷൻ ഓഫീസറായിരുന്ന സിഐ അഷറഫിനെ ഏൽപിച്ചു. എന്നാൽ ഈ അന്വേഷണവും തോട്ടത്തിൽ രവീന്ദ്രനും നടക്കാവ് പൊലീസും ചേർന്ന് അട്ടിമറിച്ചു എന്നും സുർജിതും അമ്മ പ്രീതയും മറുനാടൻ മലയാളിയോട് പറഞ്ഞു.
രൂപഅനിൽകുമാർ എന്ന സ്ത്രീക്ക് വേണ്ടി കോഴിക്കോട് കോർപറേഷൻ മേയറായിരുന്ന കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ തോട്ടത്തിൽ രവീന്ദ്രൻ ഒരു കുടുംബത്തെ വർഷങ്ങളായി മാനസികമായും ശാരീരകമായും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പേരിൽ ലക്ഷങ്ങളുടെ സാമ്പത്തികബാധ്യതയും ഈ കുടുംബത്തിന് വന്ന് ചേർന്നിട്ടുണ്ട്. എങ്കിലും നീതി ലഭിക്കുന്നത് വരെ നിയമയുദ്ധം തുടരുമെന്നാണ് ഈ കുടുംബം വ്യക്തമാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ