സിംഗപ്പൂർ:  പ്രശസ്ത ഹൈന്ദവ ആരാധന കേന്ദ്രമായ രുദ്രകാളി അമ്മൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവത്തിന് ആയിരങ്ങൾ അണിനിരന്നു.  ക്ഷേത്രത്തിന് 102 വർഷത്തോളം പഴക്കമുണ്ട്. 50 പുതിയ വിഗ്രഹങ്ങളാണ് ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ പുതുതായി പ്രതിഷ്ഠിക്കുന്നത്.

ഹൈന്ദവ ക്ഷേത്രങ്ങളിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഈ ചടങ്ങിൽ സിംഗപ്പൂർ ഡപ്യൂട്ടി പ്രൈംമിനിസ്റ്ററും ധനകാര്യ മന്ത്രിയുമായ തർമൻ ഷൺമുഖ രത്‌നം  5000ത്തോളം വരുന്ന മറ്റ് ഭക്തർക്കൊപ്പം പങ്കെടുത്തു.

ചടങ്ങിൽ ഷൺമുഖരത്‌നം വിശിഷ്ടാതിഥി ആയിരുന്നു.  നിയമ മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ കെ ഷൺമുഖം, പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതല വഹിക്കുന്ന മന്ത്രിയായ  എസ് ഈശ്വരൻ തുടങ്ങിയവർ ചടങ്ങിന് സാക്ഷികളായി എത്തിയിരുന്നു.

സൗത്ത് ഇന്ത്യയിലേയും ശ്രീലങ്കയിലേയും അമ്പലങ്ങളിൽ കാണുന്നതു പോലെ കാളിയുടെ വിവിധ ഭാവങ്ങളെ ഭക്തർക്ക് ഈ ക്ഷേത്രത്തിൽ ആരാധിക്കാമെന്ന് ക്ഷേത്ര മാനേജ്‌മെന്റ് കമ്മറ്റി ചെയർമാൻ വി കെ രാമചന്ദ്ര വ്യക്തമാക്കി. 37 പുരോഹിതന്മാരാണ് കർമത്തിന് നേതൃത്വം നൽകിയത്. തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ് പ്രതിഷ്ഠിക്കുന്ന 50 വിഗ്രഹങ്ങളും നിർമ്മിച്ചിരിക്കുന്നത്.

വ്യാവസായിക മേഖലയുടെ അടുത്ത് ഡിപോട് റോഡിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഏകദേശം 1.2 മില്ല്യൺ സിംഗപ്പൂർ ഡോളർ ചിലവഴിച്ചാണ് പുനർ നിർമ്മിച്ചത്. കുടുബത്തോടൊപ്പം നിരവധി പേരാണ് ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത്.