ഡബ്ലിൻ: ബാങ്ക് ഓഫ് അയർലണ്ടിന്റെ പ്രവർത്തനം തടസപ്പെട്ടതിനെത്തുടർന്ന് പതിനായിരക്കണക്കിന് ആൾക്കാർ വെൽഫെയർ പേയ്‌മെന്റുകൾ കിട്ടാതെ വലഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിച്ച് ഉടൻ തന്നെ വെൽഫെയർ പേയ്‌മെന്റുകൾ ലഭ്യമായിത്തുടങ്ങുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.

65,000 പേർക്കാണ് ബാങ്കിന്റെ പ്രവർത്തനം തടസപ്പെട്ടതു മൂലം ഡിപ്പാർട്ട്‌മെന്റ് ഓഫ് സോഷ്യൽ പ്രൊട്ടക്ഷനിൽ നിന്നുമുള്ള വെൽഫെയർ പേയ്‌മെന്റ് മുടങ്ങിയത്. ഇതിൽ സോഷ്യൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ആയിരത്തോളം സ്റ്റാഫുകളും ഉൾപ്പെടുന്നുണ്ട്.
സോഷ്യൽ വെൽഫെയർ പേയ്‌മെന്റ് മുടങ്ങിയതിൽ ബാങ്ക് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. തകരാറുകൾ പരിഹരിച്ച് ഉടൻ തന്നെ പേയ്‌മെന്റുകൾ ഉപയോക്താക്കൾക്ക് നൽകിത്തുടങ്ങുമെന്നാണ് ബാങ്ക് ഉറപ്പു നൽകുമെന്ന്. ട്രാൻസാക്ഷനുകളിൽ വന്നിരിക്കുന്ന വർധനയാണ് ബാങ്കിന്റെ പ്രവർത്തനത്തെ ബാധിച്ചത്. സാങ്കേതിക തകരാറുകൾ ഒന്നും ബാങ്കിന്റെ ഭാഗത്തു നിന്ന് വന്നിട്ടില്ലെന്നും പേയ്‌മെന്റുകൾ വിതരണം ചെയ്യുന്ന നടപടി ക്രമങ്ങളിൽ വന്നിരിക്കുന്ന വേഗതക്കുറവാണ് പേയ്‌മെന്റ് വിതരണത്തെ ബാധിച്ചതെന്നും ബാങ്ക് വ്യക്തമാക്കുന്നു.

പേയ്‌മെന്റുകൾ തടസപ്പെട്ടതോടെ ട്വിറ്ററിൽ ബാങ്കിനെതിരേ ആൾക്കാർ എതിർപ്പുമായി എത്തിയിട്ടുണ്ട്. ബാങ്കിന്റെ പ്രവർത്തനം തടസപ്പെട്ടത് ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് സ്‌കിൽസ് ടീച്ചർമാർക്കുള്ള ശമ്പള വിതരണത്തിലും കാലതാമസം വരുത്തി. ഇക്കാര്യം ബാങ്ക് നേരത്തെ ഡിപ്പാർട്ട്‌മെന്റിനെ അറിയിച്ചിരുന്നുവെന്നും പേയ്‌മെന്റുകൾ നടത്താൻ കാലതാമസം എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു.

മെയ്‌ ദിന അവധി ബാങ്കുകളുടെ പേയ്‌മെന്റുകളെ ബാധിക്കരുതെന്ന് ബാങ്കുകൾക്ക് മുന്നറിയിപ്പ് വന്നതിനു പിന്നാലെയാണ്  ബാങ്ക് ഓഫ് അയർലണ്ടിലെ പേയ്‌മെന്റ് വിതരണം തടസപ്പെട്ടത്. കഴിഞ്ഞ വർഷം മെയ്‌ ദിന അവധിയെ തുടർന്ന് പതിനായിരക്കണക്കിന് ആൾക്കാർക്ക് ശമ്പളം കിട്ടാതെ വലഞ്ഞിരുന്നു. മെയ്‌ ദിനം അയർലണ്ടിൽ ബാങ്ക് ഹോളിഡേ അല്ലാതിരുന്നിട്ടു കൂടി രാജ്യത്തെ ഇന്റർ ബാങ്ക് ഇടപാടിനെ ഇത് സാരമായി ബാധിച്ചിരുന്നു. മെയ്‌ ദിനം യൂറോപ്യൻ ബാങ്ക് ഹോളിഡേ ആയതാണ് ഇന്റർ ബാങ്ക് ഇടപാടിനെ ഇതു ബാധിച്ചതെന്നാണ് വിശദീകരണം.

പെൻഷനും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഏപ്രിൽ 29നു തന്നെ ചെയ്തു തീർക്കണമെന്നും അടുത്ത ദിവസം ഇതു വിതരണം ചെയ്യാനുള്ളതാണെന്നും ബാങ്കുകൾ എംപ്ലോയർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.