ണവും പൂക്കളവും മലയാളിക്കാണെങ്കിലും ഓണം ആഘോഷിക്കാനുള്ള സകല സാധനങ്ങളും മലയാളിക്ക് തമിഴ് നാട് നൽകണം. അത്തം മുതൽ വീട്ട് മുറ്റത്ത് പൂക്കളമൊരുക്കാൻ പൂ വരണമെങ്കിൽ അങ്ങ് തോവാളയിൽ ചെല്ലണം. പൂക്കളമൊരുക്കാൻ പൂക്കൾ തേടി മലയാളികൾ തോവാളയിൽ എത്തി തുടങ്ങി.

മലയാളികൾ വീട്ടുമുറ്റത്തും ഓഫിസുകളിലും കലാലയങ്ങളിലും ഒക്കെ ഒരുക്കുന്ന കലക്കൻ പൂക്കളത്തിന്റെ പ്രധാനികൾ തോവാളയിലെ പൂ കർഷകർ തന്നെയാണ്. പൂക്കളും പൂക്കളവും മലയാളികൾക്ക് ഓണത്തിന് ഒഴിച്ച് കൂടാൻ ആവാത്തതാണെന്ന് മനസ്സിലാക്കിയതോടെ മുൻപ്, തോവാളയിൽ മാത്രമായിരുന്ന പൂക്കൃഷി ഇന്നു കൂടുതൽ  സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. തോവാളയും സമീപപ്രദേശങ്ങളായ കുമാരപുരം, പഴവൂർ, കാവൽക്കിണർ, ചെമ്പകരാമൻ, പുതൂർ എന്നിവിടങ്ങളിൽ ഇന്നു പൂക്കൃഷിയുണ്ട്.

ട്യൂബ്റോസ് (ചമ്മങ്കി)രാജാവൂരിൽ നിന്നും മുല്ല, പിച്ചി എന്നിവ കുമാരപുരം, പഴവൂർ എന്നിവിടങ്ങളിൽ നിന്നാണ് വരുന്നത്. ജില്ലയ്ക്കു പുറത്തുനിന്നു വരുന്നവയാണ് അധിക്കവും. പുലർച്ചെ ആരംഭിക്കുന്ന ചന്ത ഉച്ചയ്ക്കു മുൻപ് പിരിയും. രാവിലെ വിപണിയിലെത്തുന്ന പൂവിന്റെ അളവും അന്നത്തെ സീസണും കണക്കാക്കിയാണു വില നിശ്ചയിക്കുന്നത്.

വിവാഹം, ക്ഷേത്ര ഉൽസവങ്ങൾ എന്നീ സമയങ്ങളിൽ പൂക്കളുടെ വില ഉയരും. നിലവിലെ ചന്തയ്ക്കു സമീപം മൂന്നുകോടി രൂപ ചെലവിൽ തമിഴ്‌നാട് സർക്കാറിന്റെ നിയന്ത്രണത്തിൽ കന്യാകൂമാരി ജില്ലാ അഗ്രികൾച്ചറൽ മാർക്കറ്റിങ് കമ്മിറ്റി പൂവിൽപനയ്ക്കായി 75 കടകളോടുകൂടിയ വ്യാപാര സമുച്ചയം പണിതുവരുന്നു.