റോം: ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഐഎസ് ബന്ധമുള്ള ഭീകരസംഘടനയുടെ വധഭീഷണി. അൽ അബ്ദ് അൽ ഫക്കിർ എന്ന സംഘടനയാണ് ഒരാഴ്ചയ്ക്കിടെ രണ്ടുതവണ വത്തിക്കാനു ഭീഷണി സന്ദേശമയച്ചത്. ഞങ്ങളുടെ ആക്രമണത്തിൽനിന്ന് അകലെയാണു നിങ്ങൾ എന്നു കരുതരുത് എന്ന അടികുറിപ്പോടെയാണ് ഭീഷണിയിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

മാർപാപ്പയ്‌ക്കെതിരേ ഗ്രനേഡ് ആക്രമണം നടത്തുമെന്നു ഭീഷണിപ്പെടുത്തിയുള്ള ചിത്രങ്ങൾ സംഘടനയുടെ മീഡിയ വിഭാഗം പുറത്തുവിട്ടു. 2016-ൽ ഓഷ്വിറ്റ്‌സിൽ മാർപാപ്പ സന്ദർശനം നടത്തുമ്പോൾ എടുത്ത ചിത്രത്തിലേക്ക് ഒരു തോക്കുധാരി ആയുധം ചൂണ്ടിനിൽക്കുന്ന ചിത്രമാണ് ഭീഷണി സന്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഞങ്ങളുടെ ആക്രമണത്തിൽനിന്ന് അകലെയാണു നിങ്ങൾ എന്നു കരുതരുത് എന്നു ചിത്രത്തിൽ എഴുതിയിരിക്കുന്നു.

കഴിഞ്ഞ വർഷം, ഐഎസ് അനുകൂല സംഘടനയായ മറ്റൊരു ഭീകരഗ്രൂപ്പും വത്തിക്കാനു ഭീഷണി സന്ദേശം അയച്ചിരുന്നു. ഒരു വാൻ നിറയെ ആയുധങ്ങൾ വത്തിക്കാനിലേക്കു നീണ്ടുനിൽക്കുന്ന ചിത്രമാണ് ഭീഷണി സന്ദേശത്തിൽ അവർ ഉൾക്കൊള്ളിച്ചത്.