കണ്ണൂർ: സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജനെ ആർ എസ്. എസ്. നിയോഗിച്ച ക്വട്ടേഷൻ സംഘത്തിൽ നിന്ന് വധഭീഷണിയുണ്ടെന്ന ജില്ലാ പൊലീസ് ചീഫിന്റെ മുന്നറിയിപ്പ് സന്ദേശം ജില്ലയിൽ രാഷ്ട്രീയ വിവാദത്തിന് വഴി ഒരുങ്ങി. രഹസ്യാന്വേഷണ വിഭാഗം ഇത്തരത്തിലൊരു റിപ്പോർട്ട് മേലധികാരികൾക്ക് നൽകിയിട്ടില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ജില്ലയിലെ ആർഎസ്എസ് പക്ഷത്തു നിന്ന് അടുത്ത മൂന്ന് മാസത്തിനകം ചില അക്രമങ്ങൾക്ക് ശ്രമമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിലെ പരാമർശം എന്നാണ് വിവരം.

ഷുഹൈബ് വധവും കീഴാറ്റൂർ വയൽ സമരവും മറ്റുമായി ബന്ധപ്പെട്ടുള്ള നിലവിലെ സ്ഥിതി വിശേഷത്തിന്റെ സാഹചര്യത്തിൽ പി.ജയരാജന് സുരക്ഷ വർദ്ധിപ്പിക്കണമെന്ന ശുപാർശയാണ് സ്പെഷൽ ബ്രാഞ്ച് നൽകിയതെന്നാണ് അറിയുന്നത്. എന്നാൽ ഈ വിവരം അറഞ്ഞതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക സന്ദേശം നൽകുകയായിരുന്നു. അതിൽ ആർ. എസ്. എസ് നേതൃത്വത്തിന്റെ അറിവോടെ പിണറായി എരുവട്ടിയിലെ ഒരു പ്രവർത്തകന്റെ നേതൃത്വത്തിൽ ക്വട്ടേഷൻ സംഘം രൂപീകരിച്ച് പി.ജയരാജനെ അപായപ്പെടുത്താൻ വേണ്ടിയാണെന്നുമാണ് ഉള്ളടക്കം.

പൊലീസ് റിപ്പോർട്ട് പുറത്തറിഞ്ഞ ഉടൻ ബിജെപി. ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ പ്രതികരണങ്ങളുമായി രംഗത്ത് വന്നിരുന്നു. പൊലീസിലെ ഒരു വിഭാഗവും സിപിഎം ജില്ലാ നേതൃത്വവും തയ്യാറാക്കിയ പൊറാട്ട് നാടകമാണ് ഇതിന്റെ പിന്നിലെന്നും നിലവിലുള്ള സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കമാണിതെന്നും അവർ ഒആരോപിച്ചിരുന്നു. കീഴാറ്റൂരിലെ വയൽ സമരത്തെ തുടർന്ന് മുഖം നഷ്ടപ്പെട്ട സിപിഎം നേതൃത്വത്തിന്റെ ജാള്യത മറച്ചു വെക്കാൻ പൊലീസും സിപിഎമ്മും ചേർന്ന് രചിച്ച തിരക്കഥയാണ് ആർ.എസ്. എസ് ക്വട്ടേഷൻ എന്ന നുണ പ്രചരിപ്പിക്കുന്നതെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആരോപിച്ചിരുന്നു.

പൊലീസ് റിപ്പോർട്ടിലെ പരാമർശത്തിനെതിരെ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയും പ്രതികരിച്ചു. ജയരാജനെ അക്രമിക്കാൻ ശ്രിക്കുന്നവരുടെ പേര് വിവരവും ഗൂഢാലോചനയും അറിയാമെങ്കിൽ അവരെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാൻ മടിക്കുന്നതെന്ന് സതീശൻ പാച്ചേനി ചോദിക്കുന്നു. സിപിഎമ്മിന്റെ പോഷക സംഘടന പോലെ പ്രവർത്തിക്കുന്ന സ്പെഷൽ ബ്രാഞ്ച് പാർട്ടി അജണ്ടയുടെ ഇരയായി മാറിയിരിക്കയാണ്.

ഷുഹൈബ് വധക്കേസിലെ പൊലീസ് റെയ്ഡുകൾ ചോർത്തിയതും സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്താൻ തയ്യാറാവാത്തതിനാൽ എസ്‌പി.യുടെ കീഴിലുള്ള സ്പെഷൽ സ്‌ക്വാഡിനെ പിരിച്ചു വിടേണ്ടി വന്നതും ആരും മറന്നിട്ടില്ല. ജില്ലയിലെ ബോംബ് നിർമ്മാണവും ആയുധ ശേഖരണവും കൊലയാളി സംഘങ്ങളുടെ പ്രവർത്തനവും ഒന്നും കണ്ടെത്താൻ സ്പെഷൽ ബ്രാഞ്ചിന് കഴിയുന്നില്ല. സതീശൻ ആരോപിക്കുന്നു. എടയന്നൂരിലെ സ്‌ക്കൂളിലാരംഭിച്ച ചെറിയ സംഘർഷങ്ങൾ ഒടുവിൽ ഷുഹൈബിന്റെ കൊലപാതകത്തിലെത്തിയതും സ്പെഷൽ ബ്രാഞ്ചിന്റെ പരാജയമാണ്.

സിപിഎമ്മിന്റെന്റെ ദാസ്യ വേലക്ക് കൂട്ടു നിൽക്കുന്ന പൊലീസ് സേനാംഗങ്ങൾ പടച്ചു വിടുന്ന കഥകൾ പാർട്ടിക്ക് മുഖം മിനുക്കാനുള്ള പാഴ്ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരം തിരക്കഥകൾ മാധ്യമങ്ങളെ അറിയിക്കേണ്ടുന്ന നിസ്സഹായാവസ്ഥയിലേക്ക് പൊലീസ്ചീഫും എത്തിയിരിക്കയാണെന്ന് പാച്ചേനി പറയുന്നു.