ഡബ്ലിൻ: 999 കോൾ സെന്ററുകളിലെ ജീവനക്കാർ പണിമുടക്കിന് ഒരുങ്ങുന്നു. വേതന വ്യവസ്ഥയും തൊഴിൽ സാഹചര്യവും മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ പണിമുടക്ക് നടത്തുന്നത്. അതേസമയം ജീവനക്കാർ പണിമുടക്ക് നടത്തിയാലും ഇതിനെ നേരിടുമെന്നും സർവീസിന് തടസം ഉണ്ടാകുകയില്ലെന്നും എംപ്ലോയർ Conduit വ്യക്തമാക്കി.

തൊഴിലുടമ തങ്ങളെ സ്‌കൂൾ കുട്ടികളെപ്പോലെയാണ് കരുതുന്നതെന്നും ടോയ്‌ലെറ്റിൽ പോകാൻ പോലും അനുവാദം ചോദിക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ജീവനക്കാർ പരാതിപ്പെടുന്നു. വേതനം മണിക്കൂറിൽ 11.50 യൂറോയാക്കി ഉയർത്താനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തണമെന്നുമാണ് യൂണിയൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജീവനക്കാർക്ക് ഏഴു മിനിട്ട് മാത്രമാണ് ടോയ്‌ലറ്റ് ബ്രേക്ക് നൽകിയിരിക്കുന്നത്. ടോയ്‌ലറ്റിൽ പോകുന്നതിന് മുമ്പും തിരിച്ചുവന്നതിനു ശേഷവും ഇക്കാര്യം മാനേജ്‌മെന്റിനെ റിപ്പോർട്ട് ചെയ്യണമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് ജീവനക്കാർ പരാതിപ്പെടുന്നു.

തൊഴിലാളികൾക്കിടയിൽ പണിമുടക്കിനെ കുറിച്ച് നടത്തിയ ബാലറ്റിൽ 84 ശതമാനം പേരും അനുകൂലിച്ച് വോട്ട് ചെയ്തിട്ടുണ്ട്. തുടർന്ന് അടുത്ത ആഴ്ചകളിൽ പന്ത്രണ്ട് മണിക്കൂർ വരെ പണിമുടക്ക് പ്രതീക്ഷിക്കാമെന്ന് യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കുന്നുണ്ട്. അതേസമയം ഷിഫ്റ്റ് വർക്ക് രീതിയിൽ വിവിധ സമയത്തിൽ ഇടവേള ലഭിക്കുന്നുണ്ടെന്നാണ്  മാനേജ്‌മെന്റിന്റെ വാദം. 15 മിനിട്ടിന്റെ മൂന്ന്  ഇടവേള, മുപ്പത് മിനിട്ടിന്റെ ഒരു ഇടവേള,  പന്ത്രണ്ട് മണിക്കൂർ കൂടുമ്പോൾ  19 മിനിട്ടിന്റെ ഷിഫ്റ്റ്   എന്നിവ നൽകുന്നതായി വ്യക്തമാക്കുന്നു.