തിരുവനന്തപുരം: കൊച്ചി കൊക്കെയ്ൻ കേസിൽ സംവിധായകൻ ആഷിഖ് അബുവിനും റിമ കല്ലിങ്കലിനും എതിരായി വാർത്തയെഴുതിയ മംഗളം ലേഖകന് വധഭീഷണിയെന്ന് റിപ്പോർട്ട്. മംഗളം പത്രം തന്നെയാണ് വാർത്തയെഴുതിയ തിരുവനന്തപുരത്തെ ലേഖകൻ എസ് നാരായണന് വധഭീഷണി സന്ദേശം ലഭിച്ചെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെ 11.42ന് ആഷിക് അബുവിന്റെ ആരാധകനെന്നു പരിചയപ്പെടുത്തിയയാൾ ലേഖകന്റെ ഫോണിൽ വധഭീഷണി മുഴക്കിയെന്നാണ് പത്രവാർത്ത. പ്ലസ് 3510347 എന്ന ഇന്റർനെറ്റ് ഫോൺ നമ്പരിൽനിന്നായിരുന്നു ഭീഷണിസന്ദേശം.

അതേസമയം തനിക്കെതിരായ അപകീർത്തികരമായ പരാമർശം നടത്തിയ ആഷിന്റെ ഭാര്യ റിമ കല്ലിങ്കലിനെതിരെ പരാതി നൽകുമെന്ന ലേഖകനും അറിയിച്ചു. വാർത്തയെഴുതിയതിന്റെ പേരിൽ പിമ്പെന്ന് വിളിച്ച റിമയുടെ പരാമർശത്തിനെതിരെയാണ് ലേഖകൻ പരാതി നൽകാൻ ഒരുങ്ങുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു റിമ കല്ലിങ്കൽ വാർത്തയെഴുതിയ ലേഖകനെ പിമ്പെന്ന് വിളിച്ചത്. അതിനിടെ മംഗളം വാർത്തയ്ക്ക് ആഷിക് നൽകിയ മറുപടി ഇന്നലെ ഫേസ്‌ബുക്കിലും ചൂടുള്ള ചർച്ചയായി.

മംഗളം പത്രത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ആഷിന്റെ നിലപാടിനെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തിയതപ്പോൾ ആഷിക് അബുവിന് ഇക്കാര്യത്തിൽ പ്രതികരിക്കാനുള്ള ധാർമികത ചോദ്യം ചെയ്തുകൊണ്ടും നിരവധി അഭിപ്രായ പ്രകടനങ്ങളുണ്ടായി. മന്ത്രി കെ.എം. മാണിക്കെതിരേ കോഴയാരോപണമുയർന്നയുടൻ, എന്റെ വക 500 എന്ന പേരിൽ ആഷിക് അബു തുടക്കമിട്ട സോഷ്യൽ മീഡിയ പ്രചാരണവും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതികരണങ്ങളും താരതമ്യം ചെയ്തായിരുന്നു പോസ്റ്റുകൾ. ആഷിന് എന്തിനാണ് ഇത്ര അസഹിഷ്ണുവാകുന്നതെന്നാണ് ചിലർ ചോദിച്ചത്.

ലേഖകൻ മാദ്ധ്യമപ്രവർത്തനത്തെ വ്യഭിചരിച്ചെന്നു തനിക്കെതിരായ വാർത്തയുടെ പേരിൽ മാനനഷ്ട കേസ് നൽകുമെന്നും ഈ തുക ഐഎസ്ആർഒ ചാരക്കേസിൽ ആരോപണ വിധേയനായ ശാസ്ത്രജ്ഞൻ നമ്പി നാരായണന് നൽകുമെന്നുമായിരുന്നു ആഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അതിനിടെ ഈ വിഷയത്തിൽ പ്രതികറണം നടത്താൻ നടൻ ഫഹദ് ഫാസിൽ ഇതുവരെ തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളോട് കാര്യങ്ങൽ തിരക്കിയെങ്കിലും പ്രതികരിക്കാൻ താൽപ്പര്യമില്ലെന്നാണ് വ്യക്തമാക്കിയത്.

അതിനിടെ വാർത്തയ്ക്ക് വിശദീകരണം നൽകികൊണ്ടും മംഗളം രംഗത്തെത്തിയിട്ടുണ്ട്. ആഷിക് അബു, റിമാ കല്ലിങ്കൽ എന്നിവർക്കു കൊക്കെയ്ൻ കേസിൽ പങ്കുണ്ടെന്നു വാർത്തയിലൊരിടത്തും പറഞ്ഞിട്ടില്ലെന്നും അവരിൽനിന്നു പൊലീസ് തെളിവെടുക്കുമെന്ന കൃത്യമായ വിവരം മാത്രമാണതിലുള്ളതെന്നും വാർത്തയെഴുതിയ എസ് നാരായണൻ വിശദീകരിച്ചു.