ഹൃദയഭേദകമായ ചിത്രങ്ങൾ പകർത്തുമ്പോൾ പത്രപ്രവർത്തകർക്കുണ്ടാകുന്ന മനോവികാരങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. അടിയന്തര സഹായം ആവശ്യമുള്ള സാഹചര്യങ്ങളിൽ ഒരു ഫോട്ടോയുമെടുത്ത് പത്രക്കാരൻ തന്റെ ജോലി ചെയ്തു പാട്ടിനു പോയെന്ന ആരോപണം സോഷ്യൽ മീഡിയകളുടെ കാലത്ത് ഇനി ഉന്നയിക്കാൻ കഴിയില്ലെന്നാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ഒരു രക്ഷാപ്രവർത്തനം നൽകുന്ന സൂചന. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ഒരു മൂലയിൽ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട മൂന്നു കരുന്നുകൾ പരസ്പരം കെട്ടിപ്പിടിച്ച് തണുപ്പകറ്റി അന്തിയുറങ്ങുന്ന ഹൃദയഭേദകമായ കാഴ്ച കണ്ട പത്രപ്രവർത്തകനായ 33കാരൻ അഭിഷേക് ശുക്ല ഈ കുരുന്നുകളുടെ ചിത്രമെടുത്താണ് അവരെ രക്ഷപ്പെടുത്തിയത്.

ഇവരുടെ സുരക്ഷയിൽ ആശങ്കയുണ്ടായിരുന്നെങ്കിലും അവരെ വിളിച്ചുണർത്തി കാര്യങ്ങൾ തിരക്കാനുള്ള സമയമില്ലാതിരുന്നതുകൊണ്ട് ഉടൻ തന്നെ മൊബൈലിൽ ഈ ചിത്രം പകർത്തി അത് ട്വീറ്റ് ചെയ്യുകയാണ് അഭിഷേക് ചെയ്തത്. ആർക്കെങ്കിലും സഹായിക്കാനാകുമോ എന്ന അഭ്യർത്ഥനയും ഫോട്ടോയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തു. ഈ ഫോട്ടോ ട്വീറ്റ് വൈറലായതോടെ സംഭവം പൊലീസിന്റെ കാതിലുമെത്തി. മേഖലാ പൊലീസ് മേധാവി മധുർ വർമ്മയുടെ നിർദ്ദേശ പ്രകാരം പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടികൾ പോയിരുന്നു. 'ഇവരെ തട്ടിക്കൊണ്ടു പോയതാകാമെന്ന് സംശയിച്ച് യാത്രക്കാരെ പോലും തടഞ്ഞ് സ്റ്റേഷനിൽ പരിശോധന നടത്തി. ഒരു മണിക്കൂർ നീണ്ട തിരച്ചിലിനു ശേഷം കുട്ടികളെ മറ്റൊരു പ്ലാറ്റ്‌ഫോമിൽ കണ്ടെത്തി,' അദ്ദേഹം പറയുന്നു.

കറങ്ങി വരാമെന്ന് പറഞ്ഞ് അച്ഛനാണ് തങ്ങളെ ഇവിടെ ഉപേക്ഷിച്ചു പോയതെന്ന് കൂട്ടത്തിലെ മുതിർന്ന കുട്ടി പറഞ്ഞു. സ്റ്റേഷനിലിരുത്തിയ ശേഷം അമ്മ വന്ന് കൊണ്ടു പോകും എന്നു പറഞ്ഞ് അച്ഛൻ സ്ഥലം വിടുകയായിരുന്നത്രെ. അച്ഛനും അമ്മയും നേരത്തെ വേർപിരിഞ്ഞതാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമ്മയുടെ വീട് പൊലീസ് കണ്ടെത്തി. തന്റെ മക്കളായ രഹനുമ(7), രാജ(5), സന്യ(4) എന്നിവർ മുൻ ഭർത്താവിന്റെ കൂടെയാണ് താമസിക്കുന്നത് എന്നു മാത്രമെ അമ്മ തബസുമിന് അറിയുമായിരുന്നുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

ഇപ്പോൾ അച്ഛനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് പൊലീസ്. കുട്ടികളെ അമ്മയുടെ അടുത്തെത്തിച്ച ശേഷം പൊലീസ് മേധാവി ട്വീറ്റിലൂടെ തന്നെയാണ് ഈ കാര്യം അറിയിച്ചത്. ഇതോടെ പൊലീസിനു പ്രശംസയുമായി നിരവധി ട്വീറ്റുകൾ പിന്നാലെ വരികയും ചെയ്തു.