അബുദാബി: സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ നിര്യാണത്തെത്തുടർന്ന് യുഎഇയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കിങ് അബ്ദുള്ള ബിന്ഡ അബ്ദുൾ അസ്സീസിന്റെ വിയോഗത്തിൽ തന്റെ അനുശോചനം അറിയിക്കുന്നതായും പ്രസിഡന്റ് ഷേക്ക് ഖാലിഫ ബിൻ സയ്യിദ് അൽ നഹ്യാൻ അറിയിച്ചു. അറബ് രാജ്യത്തെ സമുന്നതനും ശക്തനുമായ നേതാവായിരുന്നു അബ്ദുള്ള രാജാവെന്നും അറബ് രാജ്യങ്ങൾക്കും ജനതകൾക്കും വേണ്ടി ജീവിതാവസാനം വരെ നിലകൊണ്ട ഭരണാധികാരിയുമായിരുന്നു അബ്ദുള്ള രാജാവെന്ന് ഷേക്ക് ഖലീഫ വ്യക്തമാക്കി.

അബ്ദുള്ള രാജാവിനോടുള്ള ആദരസൂചകമായി എല്ലാ സർക്കാർ സ്ഥാപനങ്ങളിലും എംബസികളും യുഎഇയുടെ വിദേശത്തുള്ള പ്രതിനിധി ഓഫീസുകളിലും ദേശീയ പതാക താഴ്‌ത്തിക്കെട്ടുമെന്നും ഷേക്ക് ഖലീഫ പറഞ്ഞു. ഞായർ വരെയാണ് രാജ്യത്ത് ദുഃഖാചരണം നടക്കുക. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ ഈ ദിവസങ്ങളിൽ നടക്കുന്ന വിവിധ സംഗീതപരിപാടികളും ഷോകളും ഇതിനോടനുബന്ധിച്ച് റദ്ദാക്കിയിട്ടുണ്ട്. വിനോദ, സംഗീതപരിപാടികൾ ഞായറാഴ്ച വരെ നിർത്തിവച്ചിരിക്കുകയാണ്. ഗ്ലോബൽ വില്ലേജിനോട് അനുബന്ധിച്ച് നടക്കുന്ന വിനോദപരിപാടികളും റദ്ദാക്കി.

ഷാർജ അൽ മജാസ് ആംഫി തിയറ്ററിൽ അഭയാർഥികുട്ടികളെ സഹായിക്കാനുള്ള ധനശേഖരണാർഥം വെള്ളിയാഴ്ച നിശ്ചയിച്ച ലബനീസ് ഗായകൻ മജീദ എൽ റൂമിയുടെ സംഗീതനിശ തിങ്കഴാഴ്ചയിലേക്ക് മാറ്റി. ശൈഖ് ഖലീഫയുടെ നിർദേശ പ്രകാരം വെള്ളിയാഴ്ച ഇശാ നമസ്‌കാരത്തിന് ശേഷമാണ് രാജ്യത്തെ മുഴുവൻ പള്ളികളിലും മയ്യിത്ത് നമസ്‌കാരം നടന്നത്.