- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കാവൽക്കാരൻ കള്ളൻ' എന്ന് രാഹുൽ ആവർത്തിച്ച് അധിക്ഷേപിച്ചപ്പോൾ മാപ്പുപറയിച്ച തീപ്പൊരി നേതാവ് മീനാക്ഷി ലേഖി; ബംഗാളിൽ മമതയോട് മല്ലിട്ട് മോദിയുടെ ഗുഡ്ബുക്സിൽ കയറിയ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി നിശിത് പ്രമാണിക്; തമിഴ്‌നാട്ടിൽ ബിജെപിക്ക് മേൽവിലാസം ഉണ്ടാക്കിയ എൽ.മുരുകൻ; പുത്തൻ ക്യാബിനറ്റിലെ മൂന്നുമിടുമിടുക്കർ
ന്യൂഡൽഹി; 36 പുതിയ മന്ത്രിമാർ രണ്ടാം മോദി സർക്കാരിലേക്ക് എത്തുമ്പോൾ സമൂഹത്തിലെ തങ്ങളുടെ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയരായ മൂന്നുനേതാക്കളുണ്ട്. മീനാക്ഷി ലേഖി, നിശിത് പ്രാമാണിക്, എൽ.മുരുകൻ.
രാഹുലിനെ മാപ്പു പറയിച്ച തീപ്പൊരി നേതാവ്
പുതിയ മന്ത്രിസഭയിലെ ആറ് വനിതകളിൽ ഒരാളാണ് ഡൽഹിയിൽ നിന്നുള്ള തീപ്പൊരി നേതാവ് മീനാക്ഷി ലേഖി. ബിജെപിയുടെ നയങ്ങളും പരിപാടികളും വിശദീകരിക്കാനും രാഷ്ട്രീയ വൈരികളോട് വാക്പോരിൽ ഏർപ്പെടാനും നീണ്ടകാലമായി മുൻനിരയിലുള്ള നേതാവ്. ന്യൂഡൽഹി മണ്ഡലത്തിൽനിന്ന് തുടർച്ചയായി രണ്ടാംവട്ടം ലോക്സഭയിൽ എത്തിയ ലേഖി സഹമന്ത്രിയായിട്ടാണ് ചുമതലയേറ്റത്. സ്ത്രീകളുടെ പ്രശ്നങ്ങൾ മുതൽ പരിസ്ഥിതി, വികസന വിഷയങ്ങളിൽ വരെ പാർട്ടിയുടെ നാവാണ് 54 കാരിയായ മീനാക്ഷി ലേഖി.
ഡൽഹി സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയിട്ടുള്ള അവർ സായുധസേനയിൽ വനിതാ ഉദ്യോഗസ്ഥർക്ക് പെർമനന്റ് കമ്മിഷൻ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അഭിഭാഷകയെന്ന നിലയിൽ ഏറ്റെടുത്തിട്ടുണ്ട്. 2019-ൽ രാഹുൽ ഗാന്ധിയെ ഖേദംപ്രകടനം നടത്താൻ നിർബന്ധിതനാക്കിയത് മീനാക്ഷി ലേഖി നൽകിയ പരാതിയെ തുടർന്നായിരുന്നു. 'കാവൽക്കാരൻ കള്ളൻ' എന്ന രാഹുലിന്റെ പരാമർശത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തപ്പോഴായിരുന്നു ഇത്. 2010-ൽ ബിജെപി മഹിളാ മോർച്ച ഉപാധ്യക്ഷയായി നിയമിതയായി.
തുടർന്ന് പാർട്ടി ദേശീയ വക്താവയതോടെ മാധ്യമങ്ങളിലും പുറത്തും രാഷ്ട്രീയ എതിരാളികളെ നിശബ്ദമാക്കുന്ന പ്രകടനം നടത്തി. പാർലമെന്റേറിയൻ എന്ന നിലയിൽ വനിതാ സംവരണമുൾപ്പെടെ വ്യത്യസ്ത കരടുനിയമങ്ങൾ തയ്യാറാക്കുന്ന സമിതികളിൽ അംഗമായിരുന്നു. വിദേശകാര്യ സ്ഥിരം സമിതിയുൾപ്പെടെ പാർലമെന്ററി സമിതികളിലും പ്രവർത്തിച്ചു. സാമൂഹിക പ്രവർത്തനം ഇഷ്ടപ്പെടുന്ന മീനാക്ഷി ലേഖിക്ക് സാഹിത്യം, സംസ്‌കാരിക പ്രവർത്തനങ്ങൾ തുടങ്ങിയവയിലും താത്പര്യമുണ്ട്.
നിശിത് പ്രാമാണിക്: ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി
രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് നിശിത് പ്രമാണിക്. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ എംപിയാണ് നിശിത്. കൂച്ച് ബിഹാറിൽനിന്നുള്ള ആദ്യ കേന്ദ്രമന്ത്രി കൂടിയാണ് ഇദ്ദേഹം. 2019ൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നീശീഥിന് കൂച്ച് ബിഹാറിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാൻ ബിജെപി ടിക്കറ്റ് നൽകുകയായികുന്നു. ഈ വർഷം നടന്ന പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും നിശിത് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ എംഎൽഎ സ്ഥാനം രാജിവെക്കാൻ പാർട്ടി അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
ബിസിഎ ബിരുദധാരിയാണ് നിശിത്്. മുൻപ് പ്രൈമറി സ്‌കൂളിൽ അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. നിഷിത് പ്രാമാണിക് നിർഭയനായി കൂച് ബീഹാറിൽ മമതയുടെ തൃണമൂലിനെ നേരിട്ട യുവാവാണ്. കൂച് ബീഹാൾ ഉൾപ്പെട്ട വടക്കൻ ബംഗാളിനെ തൃണമൂലിൽ നിന്നും മോചിപ്പിച്ച യുവരക്തം കൂടിയാണ് നിഷിത് പ്രാമാണിക്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂച് ബീഹാർ ലോക്സഭാമണ്ഡലത്തിൽനിന്ന് നിഷിത് പ്രാമാണിക് 54,231 വോട്ടുകൾക്കാണ് തൃണമൂലിലെ പരേഷ് ചന്ദ്ര അധികാരിയെ തറപറ്റിച്ചത്. ഇക്കുറി ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കൻ ബംഗാളിലെ 54 സീറ്റുകളിൽ 30ലും ബിജെപി കൊടിപാറിച്ചതിന് പിന്നിൽ നിഷിത് പ്രാമാണിക്കിന്റെ മിടുക്കുണ്ട്.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നിഷിതിന്റെ ലോക്‌സഭാ മണ്ഡലമായ കുച് ബീഹാറിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ ഏഴിലും ബിജെപി വിജയിച്ചു. ആലിപുർദുവാർ, ജൽപൈഗുരി, ഡാർജലിങ്, കലിംപോംഗ് എന്നിവിടങ്ങളിലെല്ലാം കാവിക്കൊടി പാറി.
ഗോത്രവർഗ്ഗമായ രാജ്ബൊൻഷിയിൽപ്പെട്ട നേതാവാണ് നിഷിത് പ്രാമാണിക്. രാജ്ബൊൻഷി, കംതാപുരി എന്നീ ഗോത്രസമൂഹങ്ങൾ കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് തുടങ്ങി നാളുകളേറെയായി. മോദിയുടെ പുതിയ നീക്കം വടക്കൻ ബംഗാളിൽ ബിജെപിയെ കൂടുതൽ അരക്കിട്ടുറപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്‌നാട്ടിൽ ബിജെപിയെ ഉയർത്തിയ നേതാവ്
തമിഴ്‌നാട് ബിജെപി അധ്യക്ഷൻ എൽ. മുരുകൻ കേന്ദ്രമന്ത്രിസഭയിലേക്ക് എത്തി. ദേശീയ പട്ടിക ജാതി കമ്മീഷൻ വൈസ് ചെയർമാനായിരുന്നപ്പോഴാണ് പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എൽ മുരുകനെ ബിജെപി നിയോഗിക്കുന്നത്. 2011ൽ നാമക്കൽ ജില്ലയിലെ രാശിപുരം മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചിരുന്നു. 44 വയസുകാരനായ മുരുകന് അഭിഭാഷകവൃത്തിയിൽ 15 വർഷത്തിലേറെ പരിചയസമ്പത്തുണ്ട് എസ്‌പി.കൃപാനിധിക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷനാകുന്ന ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെയാളായിരുന്നു മുരുകൻ.
1977 ൽ കരൂരിൽ ജനിച്ച മുരുകൻ എബിവിപിയിലൂടെയാണു രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. നിയമത്തിൽ പിഎച്ച്ഡിയുള്ള മുരുകൻ 15 വർഷം മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. ഇതിനിടെ, ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസലുമായി.
ദളിത് വിഭാഗത്തിനിടയിൽ പാർട്ടിക്കു കൂടുതൽ സ്വീകാര്യത ഉണ്ടാക്കാൻ മുരുകന് കഴിഞ്ഞിരുന്നു. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് മുരുകന്റെ നേതൃത്വത്തിൽ ബിജെപി തമിഴനാട്ടിൽ നടത്തിയത്. പൂജ്യത്തിൽ നിന്നും നാലു സീറ്റുകൾ നേടാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. വോട്ടിങ്ങ് ശതമാനം ക്രമാതീതമായി ഉയർത്തുകയും കോയമ്പത്തൂരിൽ നടൻ കമൽഹാസനെ ബിജെപി തോൽപ്പിക്കുകയും ചെയ്തത് വലിയ വാർത്ത പ്രധാന്യം നേടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ