കോടിക്കണക്കിന് ആസ്തിയുണ്ടായാലും ലോകം മുഴുവൻ അറിയപ്പെടുന്ന ആളായാലും സൗന്ദര്യവും ആരോഗ്യമുണ്ടായാലും എല്ലാ വിധ ആഡംബരങ്ങളാലും സുഖസൗകര്യങ്ങളാലും ജീവിതം അനുഗ്രഹീതമായിരുന്നാലും വേണ്ടത്ര സന്തോഷമില്ലെങ്കിൽ ഇതു കൊണ്ടൊന്നും യാതൊരു കാര്യവുമില്ലെന്ന് ജിവിച്ച് മരിച്ച് പോയ നിരവധി പ്രശസ്തരുടെ ജീവിതം നമ്മെ പഠിപ്പിച്ച സംഗതിയാണ്. ജീവിതത്തിന് സന്തോഷമേകുന്ന കാര്യങ്ങളേതെല്ലാമാണെന്ന് മനുഷ്യൻ കാലങ്ങളായി പലതലത്തിലും പല വിധത്തിലും അന്വേഷിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. പലരും പല തരത്തിലാണ് തങ്ങളുടെ സന്തോഷം തേടുകയും കണ്ടെത്തുകയും ചെയ്യുന്നത്. ചിലർ സെക്‌സിലും മറ്റ് ചിലർ മദ്യത്തിലും വേറെ ചിലർ പണം സമ്പാദിക്കുന്നതിലും സന്തോഷം കണ്ടെത്തുന്നുണ്ട്. എന്നാൽ ഏറെ കഴിയുമ്പോൾ അതൊന്നും ശാശ്വതമായ സന്തോഷമേകുന്നില്ലെന്ന് കണ്ട് പലർക്കും മടുക്കുകയും ചെയ്യും. അങ്ങനെയുള്ളവരിൽ ചിലർ ജീവിതത്തിൽ വിരക്തിയനുഭവപ്പെട്ട് ആത്മഹത്യയിൽ അഭയം തേടുകയും ചെയ്യും. കാര്യങ്ങൾ ഇത്തരത്തിലായിരിക്കവെയാണ് ശാശ്വതമായ സന്തോഷം പകരുന്ന മൂന്ന് കാര്യങ്ങൾ ഹാർവാർഡ് സർവകലാശാലയുടെ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ പണമോ, സെക്‌സോ, മദ്യമോ മറ്റ് രസങ്ങളോ ഇല്ലെന്നതാണ് അത്ഭുതകരമായ കാര്യം.

ഹാർവാർഡ് സ്റ്റഡി ഓഫ് അഡൽറ്റ് ഡെവലപ്‌മെന്റിന്റെ ഡയറക്ടറായ സൈക്യാട്രിസ്റ്റ് റോബർട്ട് വാൾഡിംഗറുടെ നേതൃത്വത്തിൽ സന്തോഷം കണ്ടെത്തുന്നതിനെക്കുറിച്ച് ദീർഘകാലം നീണ്ടു നിന്ന് ഗഹനമായ ഒരു പഠനം നടന്നിരുന്നു. മുതിർന്നവരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയതും ഏറ്റവും സമ്പൂർണമായതുമായ പഠനമായിരുന്നു ഇത്. ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നതിന്റെ ചില രഹസ്യങ്ങൾ ഈ പഠനത്തിലൂടെ കണ്ടെത്തിയെന്നാണ് റോബർട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ നടന്ന ടിഇഡി ടാക്കിലൂടെ അദ്ദേഹം ഇവയിൽ ചിലത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു സംഘം മുതിർന്നവരെ നിരീക്ഷിച്ച് കൊണ്ടുള്ള ഈ പഠനം 1938ലായിരുന്നു ആരംഭിച്ചിരുന്നത്. ഗവേഷകർ ഈ പഠനത്തിൽ ഭാഗഭാക്കായവരുടെ ജീവിത ശൈലികളെ പറ്റി പഠനത്തിന്റെ ഭാഗമായി രണ്ട് വർഷം കൂടുമ്പോൾ സർവേ നടത്തിയിരുന്നു. അവരുടെ വിവാഹത്തിന്റെ ഗുണമേന്മ, ജോലി സംതൃപ്തി, സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങൾ പഠനത്തിന്റെ ഭാഗമായി വിലയിരുത്തിയിരുന്നു. കൂടാതെ അഞ്ച് വർഷം കൂടുമ്പോൾ അവരുടെ ആരോഗ്യവും നീരീക്ഷണ വിധേയമാക്കിയിരുന്നു. നെഞ്ചിന്റെ എക്‌സ്‌റേ, രക്തപരിധോനകൾ, മൂത്രപരിശോധനകൾ, എക്കോകാർഡിയോഗ്രാമുകൾ തുടങ്ങിയവ ഇതിനായി സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. നല്ല ബന്ധങ്ങളാണ് നമ്മെ ആരോഗ്യവാന്മാരായും സന്തോഷവാന്മാരായും നിലനിർത്തുന്നതെന്ന് അവർ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

തന്റെ ടിഇഡി ടാക്കിലൂടെ സന്തോഷവുമായി ബന്ധപ്പെട്ട മൂന്ന് അടിസ്ഥാനകാര്യങ്ങളാണ് റോബർട്ട് വാൾഡിംഗെർ പങ്ക് വച്ചിരിക്കുന്നത്. അവ ഏതെല്ലാമാണെന്ന് നോക്കാം.

1. അടുത്ത ബന്ധങ്ങൾ

ജീവിതത്തിലെ സന്തോഷത്തിന്റെ അടിസ്ഥാനം അടുത്ത ബന്ധങ്ങളാണെന്ന് റോബർട്ട് അഭിപ്രായപ്പെടുന്നു. ഹാർവാർഡ് പഠനത്തിന്റെ ഭാഗമായി നിരീക്ഷണവിധേയമാക്കിയ രണ്ട് ഗ്രൂപ്പുകളെ അടിസ്ഥാനമാക്കിയാണ് തങ്ങൾ ഈ നിഗമനത്തിലെത്തിയതെന്ന് റോബർട്ട് വെളിപ്പെടുത്തുന്നു. ഇതിൽ ഒന്നാമത്തെ ഗ്രൂപ്പിന് കുടുംബ, സുഹൃത്തുക്കൾ അല്ലെങ്കിൽ സമൂഹം എന്നിവയുമായി ബന്ധപ്പെട്ട് അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. തൽഫലമായി അവർ കൂടുതൽ ആരോഗ്യവാന്മാരും സന്തോഷവാന്മാരുമായി കാണപ്പെട്ടിരുന്നു. എന്നാൽ ഇത്തരം ബന്ധങ്ങൾ കുറവായ രണ്ടാമത്തെ ഗ്രൂപ്പുകാർക്ക് സന്തോഷവും ആരോഗ്യവും കുറവായിരുന്നു. ആദ്യത്തെ ഗ്രൂപ്പ് ഇതിനാൽ ദീർഘായുസോടെയും സന്തോഷത്തോടെയും വളരെക്കാലം ജീവിച്ചിരിക്കുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാൽ സാമൂഹ്യ ബന്ധങ്ങൾ കുറവായവർക്ക് സന്തോഷം കുറവായിരുന്നുവെന്നും അവർക്ക് ശാരീരികവും മാനസികവുമായ ആരോഗ്യവും കുറവായിരുന്നുവെന്നും പഠനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. അവർ വേഗത്തിൽ മരിക്കുകയും ചെയ്യും.

2.ബന്ധങ്ങളുടെ ഗുണമേന്മ

ന്ധങ്ങളുടെ എണ്ണമോ അളവോ അല്ല പ്രധാനമെന്നും ഉള്ള ബന്ധങ്ങളുടെ ഗുണമേന്മയ്ക്കാണ് പ്രാധാന്യമെന്നും ഹാർവാർഡ് പഠനം ചൂണ്ടിക്കാട്ടുന്നു. എപ്പോഴും പരസ്പരം വിവാദത്തിലേർപ്പെടുകയും പരസ്പരം ആകർഷണം കുറവുമായ ദമ്പതികൾക്കിടയിൽ സന്തോഷവും ആരോഗ്യവും കുറവായിരിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്.ബന്ധങ്ങളുടെ ഗുണമേന്മയ്ക്ക് വയസുമായി അഭേദ്യമായ ബന്ധമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. 2015ൽ ഇതു സംബന്ധിച്ച ഒരു പഠനം ജേണൽ സൈക്കോളജി ആൻഡ് ഏയ്ജിംഗിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 30കാരെ പിന്തുടർന്ന് കൊണ്ടാണീ പഠനം നടത്തിയിരിക്കുന്നത്. 30 കളിലാണ് ആത്മാർത്ഥമായ ബന്ധത്തിന് പ്രസക്തിയേറെയെന്നാണ് ഇതിലൂടെ തെളിഞ്ഞിട്ടുള്ളത്. ബന്ധങ്ങളുടെ ഗുണമേന്മ സാമൂഹ്യമായും മനഃശാസ്ത്രപരവുമായ നല്ല ജീവിതത്തിന് അനിവാര്യമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

3. സ്ഥിരതയുള്ളതും പിന്തുണയേകുന്നതുമായ വിവാഹം

സാമൂഹികമായ നല്ല ബന്ധങ്ങൾ വളർത്തുന്നത് നമ്മുടെ ശാരീരികമായ ആരോഗ്യത്തിന് മാത്രമല്ല മറിച്ച് മനസ് നശിക്കാതിരിക്കാനും സഹായിക്കും. ഇതിന് പുറമെ നല്ല വൈവാഹിക ബന്ധങ്ങൾക്കും ശാരീരിക മാനസിക സന്തോഷത്തിലും ആരോഗ്യത്തിലും നിർണായകമായ പങ്കുണ്ടെന്നാണ് ഹാർവാർഡ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സാമൂഹിക ബന്ധങ്ങൾ ഉള്ളവരുടെ വൈവാഹിക ബന്ധങ്ങളും ഏറെ നല്ലനിലയിൽ മുന്നോട്ട് പോകുമെന്നും തെളിഞ്ഞിട്ടുണ്ട്.

ശാരീരികവും മാനസികവുമായ സന്തോഷത്തിന്റെ യും ആരോഗ്യത്തിന്റെയും അടിസ്ഥാനം നല്ല ബന്ധങ്ങൾ തന്നെയാണെന്ന് തന്നെയാണ് ഇത്തരം കണ്ടെത്തലുകളിലൂടെ വ്യക്തമാകുന്നതെന്ന് റോബർട്ട് ഇതിലൂടെ ആവർത്തിച്ച് പറയുന്നു.അതിനാൽ സന്തോഷം കണ്ടെത്താൻ മദ്യത്തിനും മദിരാക്ഷിക്കും പണത്തിനും മറ്റ് നൈമിഷിക സുഖങ്ങൾക്കും പുറകെ പായുന്നവർ ആ സമയം കൊണ്ട് നല്ല ബന്ധങ്ങൾ വളർത്തിയെടുക്കാൻ ശ്രമിച്ചാൽ ശരീരത്തിനും മനസിനും പൂർണമായ ആരോഗ്യവും സന്തോഷവും നേടി ദീർഘകാലം ജീവിക്കാമെന്ന് ഓരോരുത്തരും ഓർത്താൽ നന്നായിരിക്കും.