ദോഹ: ഇൻഡസ്ട്രിയൽ മേഖലയിൽ താമസിക്കുന്ന പ്രവാസി തൊഴിലാളികൾക്കു മാത്രമായി മൂന്നു ആശുപത്രികൾ ഉടൻ തന്നെ പ്രവർത്തനമാരംഭിക്കുമെന്ന് മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത്, പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. ഷെയ്ക്ക് മുഹമ്മദ് ബിൻ ഹമദ് അൽതാനി വ്യക്തമാക്കി. ഈ മേഖലയിലുള്ളവർക്ക് പത്തു പതിനഞ്ചു മിനിട്ടിനുള്ളിൽ തന്നെ മെഡിക്കൽ സഹായം ലഭ്യമാകുന്ന തരത്തിലാണ് ആശുപത്രികൾ ഒരുക്കിയിട്ടുള്ളത്.

ആശുപത്രിയിൽ ചികിത്സ ലഭ്യമാകുന്നതിന് തൊഴിലാളികൾക്കെല്ലാം ഉടൻ തന്നെ ഹെൽത്ത് ഐഡി ലഭ്യമാകുമെന്നും മികച്ച ചികിത്സ പ്രവാസി തൊഴിലാളികൾക്ക് ഉറപ്പാക്കാനാകുമെന്നും ഹെൽത്ത് ഡയറക്ടർ വ്യക്തമാക്കുന്നു. ഓരോ വർഷവും രാജ്യത്തുള്ള തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുന്നുണ്ടെന്നും പുതിയ സാങ്കേതിക വിദ്യക്കനുസരിച്ച് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അൽതാനി പറയുന്നു.

ആശുപത്രികളിൽ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. തൊഴിലാളികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം തന്നെ അവരുടെ കുട്ടികൾക്കും ഭാവിയിൽ ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നുണ്ട്. കൂടുതൽ മേഖലകളിലേക്ക് ഹെൽത്ത് സെന്റർ സേവനവും വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും അൽതാനി വെളിപ്പെടുത്തി.