മസ്‌ക്കറ്റ്: ഒമാനിൽ മൂന്നു പുതിയ സ്‌കൂളുകൾ തുടങ്ങാൻ പദ്ധതിയുള്ളതായി ഇന്ത്യൻ സ്‌കൂൾസ് ഡയറക്ടർമാരിലൊരാൾ വ്യക്തമാക്കി. അൽ അൻസാബ്, ബർഖ, സഹാം എന്നിവിടങ്ങളിൽ ഓരോ സ്‌കൂളുകൾ വീതം തുറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഡോ. ബേബി സാം സാമുവൽ വെളിപ്പെടുത്തി.

നിലവിൽ ഒമാനിൽ 19 ഇന്ത്യൻ സ്‌കൂളുകളാണുള്ളത്. 46882 വിദ്യാർത്ഥികളും 1776 ടീച്ചർമാരും 484 അനധ്യാപകരുമാണ് ഈ സ്‌കൂളുകളിലുള്ളത്. രാജ്യത്ത് വർധിച്ചു വരുന്ന വിദ്യാർത്ഥികളുടെ എണ്ണം കണക്കിലെടുത്താണ് പുതിയ സ്‌കൂളുകൾ തുടങ്ങാൻ പദ്ധതിയിട്ടിരിക്കുന്നതെന്നും ഡോ. സാം സാമുവൽ വ്യക്തമാക്കി.