തിരുവനന്തപുരം: ഖജാനാവ് മുടുപ്പിക്കുന്ന വെള്ളാനകളാണ് കേരളത്തിലെ മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും. ആർക്കു വേണ്ടിയാണ് ഇവയെല്ലാം എന്ന് ചോദിച്ചാൽ ആർക്കും ഉത്തരമില്ല. രാഷ്ട്രീയക്കാർക്ക് വിലസുകയെന്ന ലക്ഷ്യത്തോടെ ഇവ നികുതി പണം മുടുപ്പിക്കുകയാണ്. കേരളത്തിലെ 50 പൊതുമേഖലാ സ്ഥാപനങ്ങൾ 2015-16 സാമ്പത്തികവർഷത്തിൽ മാത്രം ഉണ്ടാക്കിയ നഷ്ടം 1452 കോടിയാണ്. കൊല്ലങ്ങളായുള്ള സഞ്ചിതനഷ്ടം 13,969 കോടിയും.

ലാഭത്തിലായിരുന്നവയുടെ മൊത്തം ലാഭവും ഇടിഞ്ഞു. മുൻവർഷം 45 സ്ഥാപനങ്ങൾ 718.12 കോടി ലാഭമുണ്ടാക്കിയ സ്ഥാനത്ത് 2015-16ൽ 43 സ്ഥാപനങ്ങളാണ് ലാഭമുണ്ടാക്കിയത്. ഇതാകട്ടെ വെറും 522.99 കോടിയും. ലാഭത്തിലെ വീഴ്ച 27.17 ശതമാനമാണ്. അങ്ങനെ പൊതുമേഖലാ സ്ഥാരനങ്ങൾ കേരളത്തിന് വലിയ ബാധ്യതയാവുകയാണ്. ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. അതിനിടെ വ്യവസായവകുപ്പിന്റെ കീഴിലുള്ള 41 പൊതുമേഖലാസ്ഥാപനങ്ങളിൽ 30 എണ്ണവും നഷ്ടത്തിലെന്ന് ഈ വർഷത്തെ അർധവാർഷിക പ്രവർത്തനറിപ്പോർട്ടും പുറത്തുവരുന്നു. മുൻവർഷം പത്തെണ്ണമാണ് ലാഭത്തിലുണ്ടായിരുന്നത്.

വ്യവസായ സഹകരണസംഘമായ ഹാൻടെക്സാണ് ഇത്തവണ ലാഭത്തിലായത്. ഇതിന്റെ ആറുമാസത്തെ ലാഭം 1.01 കോടി രൂപ. 11 സ്ഥാപനങ്ങളുടെ ആകെ ലാഭമാകട്ടെ വെറും 59.79 കോടിരൂപയും. ഭൂരിഭാഗം സ്ഥാപനങ്ങളുടെയും ലാഭം നാമമാത്രമാണ്. സ്റ്റീൽ ഇൻഡ്സട്രിയൽസ് കേരള ലിമിറ്റഡിന്റെ ലാഭം വെറും 2000 രൂപയാണ്. 23.22 കോടിരൂപ ലാഭമുണ്ടാക്കിയ കേരള മിനറൽസ് ആൻഡ് മെറ്റൽസാണ് പട്ടികയിൽമുന്നിൽ. 2015-16ൽ മാത്രം 31 സ്ഥാപനങ്ങൾ ചേർന്നുണ്ടാക്കിയത് 69.21 കോടിയുടെ നഷ്ടമാണ്. 29.49 കോടിയുടെ നഷ്ടമുണ്ടാക്കിയ കേരള ടെക്സ്സ്റ്റൈൽ കോർപ്പറേഷനാണ് ഇതിൽമുന്നിൽ.

വിവിധ വകുപ്പുകളുടെ കീഴിൽ 96 പൊതുമേഖലാസ്ഥാപനങ്ങളുണ്ട്. ഇതിൽ കണക്കുനൽകിയ 93 എണ്ണത്തെയാണ് ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. ആറുസ്ഥാപനങ്ങൾ നഷ്ടത്തിൽനിന്ന് ലാഭത്തിലായപ്പോൾ എട്ടെണ്ണം ലാഭത്തിൽനിന്ന് നഷ്ടത്തിലായി. ലാഭത്തിന്റെ 86.6 ശതമാനവും 10 സ്ഥാപനങ്ങൾക്കാണ്. ഇതിൽ 155.68 കോടി ലാഭമുണ്ടാക്കിയ കെ.എസ്.എഫ്.ഇ.യാണ് മുന്നിൽ. ബിവറേജസ് കോർപ്പറേഷന്റെ ലാഭം 53.63 കോടിയാണ്. വമ്പൻ വിറ്റു വരവുള്ള സ്ഥാപനത്തിന്റെ അവസ്ഥയാണ് ഇത്. 669.67 കോടിയുടെ നഷ്ടമുണ്ടാക്കിയ ജല അഥോറിറ്റിയാണ് നഷ്ടസ്ഥാപനങ്ങളിൽ മുന്നിൽ. 613.12 കോടിയുടെ നഷ്ടവുമായി കെ.എസ്.ആർ.ടി.സി. തൊട്ടുപിന്നിലുണ്ട്.

പൊതുമേഖലാസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു. 2014-15ൽ സ്ഥിരവും താത്കാലികവുമായി 14.28 ലക്ഷം തൊഴിലാളികളാണ് ഈ സ്ഥാപനങ്ങളിലുണ്ടായിരുന്നത്. കഴിഞ്ഞവർഷം ഇത് 13.95 ലക്ഷമായി. ഇത്തവണ ബജറ്റിൽ പൊതുമേഖലാസ്ഥാപനങ്ങളുടെ വിഹിതം നൂറുകോടിരൂപയിൽനിന്ന് 270 കോടിയായി ഉയർത്തിയിട്ടുണ്ട്. നഷ്ടത്തിലായ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാൻ ഓരോ സ്ഥാപനത്തിനും ചേരുന്ന കർമപദ്ധതി തയ്യാറാക്കുമെന്നാണ് പ്രഖ്യാപനം.