ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മറ്റൊരു ഇൻസ്റ്റന്റ് റെസ്‌പോൺസ് നടത്തരുത് എന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു കാരണം കഴിഞ്ഞ മാസങ്ങളായി എത്ര തവണ ഈ വിഷയത്തെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി എന്ന് എനിക്ക് പോലും നിശ്ചയമില്ല. എന്നാൽ ഒരു കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്. ശബരിമലയിലെ യുവതി പ്രവേശനം ആർഎസ്എസിന്റെയും ബിജെപിയടേയും നേതാക്കന്മാർ പറഞ്ഞ് തുടങ്ങുന്നതിന് മുൻപ് തന്നെ ഭരണഘടനയുടെ പേരിൽ നടക്കുന്ന തെറ്റിധരിപ്പിക്കലാണ് എന്ന വാദം മുൻപ് തന്നെ പറയാൻ സാധിച്ചൂ എന്ന കാര്യത്തിൽ.

ഈ വിഷയത്തിൽ കോടതിയിൽ കേസ് നടക്കുമ്പോൾ തന്നെ ഇൻസ്റ്റന്റ് റെസ്‌പോൺസ് എന്ന ഈ പരിപാടിയിൽ അത് തെറ്റായ ഒരു പ്രവണതയിലേക്കുള്ള ചുവട് വയ്‌പ്പാണ് എന്ന് ഞാൻ പറഞ്ഞിരുന്നു. ആ നിലപാടിൽ നിന്ന് അണുവിട പോലും ചലിക്കാതെ തന്നെ അതേ സമയം സുപ്രീം കോടതിയുടെ വിധിയെ അപഹസിക്കാതെയും അപമാനിക്കാതെയുമാണ് ഇതുവരെ ഞാൻ നിലപാടെടുത്തത്. ഞാൻ പറഞ്ഞ നിലപാടിലേക്ക് സർക്കാരും എത്തുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ശബരിമല വ്യക്തിപരമായ ഒരു വിശേഷം കൂടിയാണ്. ഭഗവാന്റെ സന്നിധിയിൽ നിന്നും വെറും 35 കിലോമീറ്റർ അപ്പുറം മാത്രമാണ് ഞാൻ ജനിച്ചതും വളർന്നതും.

ഒന്നിലേറെ തവണ മലകയറി ഭഗവാനെ ദർശിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ളതിന്റെ സന്തോഷവും എനിക്കുണ്ട്. ഞങ്ങളുടെ നാട്ടുകാരെ സംബന്ധിച്ചിടത്തോളം അയ്യപ്പൻ ഒരു ഹിന്ദു ദൈവം മാത്രമല്ല പ്രത്യുത എല്ലാ മനുഷ്യരുടേയും ദൈവിക ഭാവമുണർത്തുന്ന ഒരു വികാരം തന്നെയാണ്. അവിടെ ഹിന്ദുവിന് മാത്രമല്ല ക്രിസ്ത്യാനിക്കും മുസ്ലീമിനും ദളിതനും വരെ ഇടമുണ്ട്. അപ്പോൾ സ്ത്രീയ്ക്ക് മാത്രം ഇടമില്ല അത് വിവേചനമാണ് ആര് പറഞ്ഞാലും അംഗീകരിക്കാൻ അയ്യപ്പഭഗവാനെ ഇഷ്ടപ്പെടുന്ന ആർക്കും മനസ് വരികയില്ല. അത് മാത്രമേ ഞാനും ചെയ്യുന്നുള്ളൂ. ഇന്ന് സർക്കാര് പോലും നിലപാട് മാറ്റി തുടങ്ങി എന്നറിയുന്നതിൽ സന്തോഷമാണ്.

ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നപ്പോൾ ഒരു യുവതിയേയും പ്രവേശിപ്പിക്കേണ്ടന്ന കൃത്യമായ നിർദ്ദേശം പൊലീസിന് നൽകിയിരുന്നവെന്ന് കൃത്യമായ ഉറവിടത്തിൽ നിന്നും അറിയാൻ സാധിച്ചു. എന്നാൽ കപടമായ പുരോഗമന വാദം പുറത്ത് കാണിക്കേണ്ടത് വോട്ടുബാങ്ക് ഉറപ്പിക്കേണ്ടതിന്റെ ആവശ്യകതയായതുകൊണ്ടാവാം സർക്കാരും അതിന്റെ മെഷീനറികളും ഭരണാധികാരികളും ഒക്കെ പുറമേ ഇപ്പോൾ പുരോഗമന വാദം കൊട്ടി ഘോഷിക്കുന്നത്. അവസാന എപ്പിസോഡായി എനിക്ക് ചോദിക്കാൻ ഒന്ന് മാത്രമേയുള്ളൂ.

സുപ്രീം കോടതി പറഞ്ഞതുകൊണ്ട് മാത്രമാണോ നിങ്ങൾ ഇത് ചെയ്യുന്നത്. അതോ പുരോഗമനപരമായ ഒരു നിലപാട് പ്രതിലോമകരമായ ഒരു നിലപാടിനെതിരെയുള്ള ഒരു നിലപാടെടുക്കേണ്ടത് യഥാർത്ഥ ഇടതുപക്ഷമെന്ന നിലയിൽ നിങ്ങളുടെ ചുമതല ആയതുകൊണ്ടാണോ ഇങ്ങനെയൊരു നിലപാടെടുക്കുന്നത്. ഈ ചോദ്യം ഞാൻ എന്റെ പ്രേക്ഷകരുടെ മുൻപിൽ അവതരിപ്പിക്കുന്നത് എന്റെ സുഹൃത്തായ പ്രദീപ് ജോൺ ചോദിച്ച ചില ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടാണ്. മൂന്ന് ചോദ്യങ്ങളാണ് അവ. ആ ചോദ്യങ്ങളുടെ ഉത്തരം കൂടി നൽകാൻ പിണറായി വിജയനും പിണറായി വിജയൻ സർക്കാരിന്റെ നയത്തെ പിന്തുണയ്ക്കുന്ന ഷാനി പ്രഭാകറും സിന്ധു സൂര്യകുമാറും അടക്കമുള്ള ചാനൽ പ്രഭുക്കളും ഇടതുപക്ഷ സൈബർ പോരാളികളും ബാധ്യസ്ഥരാണ്.