മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയം ജനാലയ്ക്കടുത്തുള്ള ചെറിയ ഗാലറിയിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി റിയൽ ലൈഫ് ഹീറോസ്. കിഴക്കൻ ചൈനയിലെ ജിയാങ്‌സുവിൽ സെപ്റ്റംബർ ഏഴിനാണ് സംഭവമുണ്ടായത്. കുഞ്ഞിന് രക്ഷകരായവരിൽ ഒരാൾ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനും മറ്റേ ആൾ വ്യാപാരിയുമാണ്. കുട്ടി കുടുങ്ങിപ്പോയ കെട്ടിടത്തിന് സമീപത്തു കൂടി വാഹനമോടിച്ച് പോകുന്നതിനിടയിലാണ് ഇവർ സംഭവം കാണുന്നത്.

മൂന്നു വയസ്സുകാരി പെൺകുട്ടിയെ രക്ഷപ്പെടുത്താനായി ഇരുവരും കെട്ടിടത്തിന്റെ മുകളിലേക്ക് വളരെ വേഗം കയറുന്നതിന്റെ വീഡിയോ പീപ്പിൾസ് ഡെയ്ലി ട്വിറ്ററിൽ പങ്കുവച്ചിരുന്നു. വെറും രണ്ടു മിനിട്ടിനുള്ളിലാണ് ഇവർ കെട്ടിടത്തിനു മുകളിലെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ വീട്ടിൽ തനിച്ചാക്കി മാതാപിതാക്കൾ പുറത്തു പോവുകയായിരുന്നു. ഇതിനിടെ കുട്ടി ഉണരുകയും ജനാലയുടെ കൊളുത്ത് തുറന്ന് പുറത്തെത്തുകയുമായിരുന്നു.

'എന്റെ കുട്ടിയെ രക്ഷപ്പെടുത്തിയതിന് ആ ഹീറോകളോട് ഒരുപാട് നന്ദിയുണ്ട്. കെട്ടിടത്തിനു മുകളിലേക്ക് കയറുന്നത് അവർക്കും അപകടകരമായിരുന്നു'പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. കുട്ടിയെ ശ്രദ്ധിക്കാതെ വീട്ടിൽ ഒറ്റയ്ക്കാക്കി പോയതിന് കുട്ടിയുടെ അച്ഛന് താക്കീത് ലഭിച്ചിട്ടുണ്ട്. നിരവധിയാളുകളാണ് കുട്ടിയെ രക്ഷപ്പെടുത്തിയവർക്ക് അഭിനന്ദനവുമായി എത്തിയിട്ടുള്ളത്.