- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവയിലെ മൂന്നു വയസ്സുകാരന്റെ മരണകാരണം നാണയം വിഴുങ്ങിയതല്ല; കുഞ്ഞ് മരിച്ചത് ന്യൂമോണിയ ഗുരുതരമായതിനെ തുടർന്നുണ്ടായ ശ്വാസതടസം മൂലമെന്ന് രാസപരിശോധനാ ഫലം; നാണയം കടന്നു വന്ന സ്ഥലങ്ങളിലൊന്നും യാതൊരു മുറിവോ പഴുപ്പോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
കൊച്ചി: ആലുവയിൽ മൂന്നു വയസുകാരൻ പൃഥ്വിരാജിന്റെ മരണകാരണം നാണയം വിഴുങ്ങിയതല്ലെന്ന് രാസപരിശോധനാ ഫലം. കുഞ്ഞ് മരിച്ചതു ശ്വാസംമുട്ടൽ മൂലമാണ് എന്നാണ് പരിശോധനാ ഫലം. ന്യൂമോണിയ ഗുരുതരമായതിനെ തുടർന്നുണ്ടായ ശ്വാസതടസമാണു മരണകാരണമെന്നുമാണ് റിപ്പോർട്ട്. രാസപരിശോധനാ ഫലം പൊലീസ് സർജന് കൈമാറി.
കുട്ടിയുടെ മരണത്തിൽ യാതൊരു ചികിത്സാപിഴവും ഇല്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടാണു പുറത്തു വന്നിരിക്കുന്നത്. വിഴുങ്ങിയ നാണയങ്ങൾ വൻകുടലും കടന്ന് എത്തിയിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ നാണയം കടന്നു വന്ന സ്ഥലങ്ങളിലൊന്നും യാതൊരു മുറിവോ പഴുപ്പോ ഉണ്ടായിരുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കുട്ടിക്ക് ന്യൂമോണിയ മൂലം ശ്വാസകോശത്തിന് കാര്യമായ തകരാർ സംഭവിച്ചിരുന്നു. 2019 ഓഗസ്റ്റിൽ ന്യുമോണിയയ്ക്ക് എറണാകുളം മെഡിക്കൽ കോളജിൽ ഒരാഴ്ചയോളം ചികിത്സിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ കുഞ്ഞിന്റെ മരണ കാരണം നാണയം വിഴുങ്ങിയതല്ല എന്ന പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് കൃത്യമായ തീരുമാനത്തിലെത്താൻ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയക്കുകയായിരുന്നു.
കളമശേരി മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ ശരീരത്തിൽനിന്ന് അമ്പതു പൈസയുടെയും ഒരു രൂപയുടെയും രണ്ട് നാണയങ്ങളാണ് കണ്ടെത്തിയത്. എന്നാൽ ഇവ ശ്വാസകോശത്തിൽ കടക്കാതെ ആമാശയവും ചെറുകുടലും വൻകുടലും കടന്ന് വൻകുടലിന്റെ അവസാന അറ്റത്ത് എത്തിയിരുന്നു. അൽപ സമയം കൂടി കഴിഞ്ഞിരുന്നെങ്കിൽ ഇത് മലാശയത്തിലേക്ക് എത്തി പുറത്തു പോകുമായിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാണയങ്ങൾ കടന്നുപോയ ആമാശയത്തിനോ കുടലുകൾക്കോ മുറിവുണ്ടായിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണ കാരണം നാണയം വിഴുങ്ങിയതല്ല എന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തിയത്. മരണകാരണം കണ്ടെത്താനാണ് ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്കായി കാക്കനാട്ടെ കെമിക്കൽ ലാബിൽ എത്തിച്ചത്.
ആലുവ പടിഞ്ഞാറേകടുങ്ങല്ലൂർ വളഞ്ഞമ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന രാജിന്റെയും നന്ദിനിയുടെയും ഏകമകനാണ് മരിച്ച പൃഥിരാജ്. കുഞ്ഞ് നാണയം വിഴുങ്ങിയെന്നു മനസ്സിലായതോടെ ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജിലും കുട്ടിയെ എത്തിച്ചെങ്കിലും നാണയം തനിയെ പുറത്തു പോകുമെന്നു പറഞ്ഞ് ചികിത്സ നൽകാതെ മടക്കിയയച്ചു എന്നാണ് ആരോപണം. കണ്ടെയ്ന്മെന്റ് സോണിൽ നിന്നെത്തിയതിനാൽ ചികിത്സ നിഷേധിച്ചു എന്ന ആരോപണം ഉയർന്നതോടെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആരോഗ്യ സെക്രട്ടറിയോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ മരണത്തിൽ ചികിത്സാ പിഴവില്ലെന്നായിരുന്നു ആശുപത്രികളുടെ നിലപാട്. മൂന്നാം പിറന്നാളിന് എട്ടു ദിവസം മാത്രം ശേഷിക്കെ കുഞ്ഞ് മരിച്ചത് കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയിരുന്നു.
മറുനാടന് ഡെസ്ക്