കൊച്ചി: ഒരു മാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വീറുംവാശിയും പോളിങ്ങ് ബൂത്തിലെക്ക് കൂടി പടർന്നപ്പോൾ തൃക്കക്കാരയിൽ ഉച്ചവരെയുള്ള സമയത്ത് തന്നെ കനത്ത പോളിങ്ങ്.ഒരു മണിവരെയുള്ള കണക്കനുസരിച്ച് പോളിങ്ങ് ശതമാനം 44.74 ശതമാനമായി. 12മണിക്ക് തന്നെ പോളിങ്ങ് ശതമാനം 40 പിന്നിട്ടിരുന്നു.ജില്ലയിൽ യല്ലോ അലർട്ട് ഉള്ളതിനാലും വൈകീട്ട് മഴ സാധ്യതകണക്കിലെടുക്കും രാവിലെത്തന്നെ ബൂത്തിലെത്തി ജനങ്ങൾ സമ്മതിദാനവകാശം വിനിയോഗിക്കുക്ക കാഴ്‌ച്ചയാണ് തൃക്കാക്കരിയിൽ കാണാനാകുന്നത്.

ചെറിയ ഒരു ഇടവേളക്ക് ശേഷമെത്തിയ ഇലക്ഷനെ അക്ഷരാർത്ഥത്തിൽ ഉത്സവമാക്കുകയാണ് തൃക്കാക്കരിയിലെ വോട്ടർമാർ.പോളിങ്ങ് ബൂത്തിന് ഉത്സവഛായ പകർന്ന് മമ്മൂട്ടിയുൾപ്പടെയുള്ള സിനിമാതാരങ്ങൾ രാവിലെയോടെ തന്നെ വോട്ട് രേഖപ്പെടുത്തി. പൊന്നുരുന്നി സി.കെ.സി. എൽപി സ്‌കൂളിലെത്തിയാണ് താരം വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയെന്നും സമ്മതിദാനാവകാശം നമ്മുടെ അവകാശമാണെന്നും എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. ഭാര്യയോടൊപ്പമെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്.

മമ്മൂട്ടിയെക്കൂടാതെ ചലച്ചിത്രതാരങ്ങളായ ലാൽ, ഹരിശ്രീ അശോകൻ, തിരക്കഥാകൃത്തും നടനുമായ രഞ്ജിപണിക്കർ, സംവിധായകൻ എം എ നിഷാദ് തുടങ്ങിയവരും രാവിലെയോടെയെത്തി വോട്ട് രേഖപ്പെടുത്തി.മികച്ച പോളിങ്ങ് ശതമാനം തങ്ങൾക്കനുകൂലമാകുമെന്നാണ് ഇരുമുന്നണികളും അവകാശപ്പെടുന്നത്.ഇതിന് ഒപ്പം തന്നെ തെരഞ്ഞെടുപ്പ് ഫലം സർക്കാറിനുള്ള വിലയിരുത്തലാകുമെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകുമെന്ന് വി ഡി സതീശനും പ്രതികരിച്ചു.

രാവിലെ ഏഴ് മണിമുതൽ വൈകിട്ട് 6 മണി വരെയാണ് പോളിങ്. രാവിലെ ആറിന് മോക് പോളിങ് നടത്തി. വോട്ടിങ്മെഷീനിൽ തകരാർ കണ്ടയിടങ്ങളിൽ പരിശോധന നടത്തി പ്രശ്നം പരിഹരിച്ചു.ആകെ 1,96,805 വോട്ടർമാരാണുള്ളത്. 3633 പേർ കന്നി വോട്ടർമാരാണ്. 1,01,530 സ്ത്രീ വോട്ടർമാരുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഒരു വോട്ടറുണ്ട്. 164 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 75 ഓക്സിലറി ബൂത്തുകളുണ്ട്. അഞ്ചു മാതൃകാ പോളിങ് സ്റ്റേഷനുകളും വനിതകൾമാത്രം നിയന്ത്രിക്കുന്ന ഒരു പോളിങ് സ്റ്റേഷനും ഒരുക്കിയിട്ടുണ്ട്.

എംഎ‍ൽഎ. ആയിരുന്ന കോൺഗ്രസ് നേതാവ് പി.ടി. തോമസ് അന്തരിച്ചതിനെത്തുടർന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസ് (യു.ഡി.എഫ്.), ഡോ. ജോ ജോസഫ് (എൽ.ഡി.എഫ്.), എ.എൻ. രാധാകൃഷ്ണൻ (എൻ.ഡി.എ.) എന്നിവരടക്കം എട്ട് സ്ഥാനാർത്ഥികളാണുള്ളത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.

956 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാൻ പോളിങ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.

മഹാരാജാസ് കോളജിലാണ് സ്‌ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തിൽ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോയില്ല. എങ്കിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനമാകെ ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാൻ വെള്ളിയാഴ്ച വരെ കാത്തിരിക്കണം.

അതേസമയം 19-ാം നമ്പർ ബൂത്ത് വനിതകൾ നയിക്കുമെന്നും സവിശേഷതയാണ്.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആകെയുള്ള 239 ബൂത്തുകളിൽ വേറിട്ട ബൂത്തിൽത്തന്നെ നിയോഗിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അഞ്ച് വനിതകൾ.119-ാം നമ്പർ ബൂത്തായ തൃക്കാക്കര ഇൻഫന്റ് ജീസസ് എൽ.പി.എസ്. ആണ് അപൂർവ ബൂത്തായിട്ടുള്ളത്. മുഴുവൻ പോളിങ് ജീവനക്കാരും വനിതകളായിട്ടുള്ള ഒരേയൊരു ബൂത്ത് ഇവിടെയാണ്.

പോളിങ് ബൂത്തിന്റെയും ഉദ്യോഗസ്ഥരുടെയും ചുമതല നൽകിയിട്ടുള്ളതും ഒരു വനിതയ്ക്കുതന്നെയാണ്. ആലുവ യു.സി. കോളേജിലെ രസതന്ത്രം അദ്ധ്യാപിക ഡോ. നീതുമോൾ വർഗീസ്, മരട് നഗരസഭാ ജൂനിയർ സൂപ്രണ്ട് പി.പി. ജൂഡി, അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ എ. ശീതള, സൗത്ത് വാഴക്കുളം ജി.എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അദ്ധ്യാപികയായ എംപി. റൂബിയ എന്നിവരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്.

വനിതാ സെല്ലിലെ ഉദ്യോഗസ്ഥയായ പി.എസ്. അമ്പിളിക്കാണ് സുരക്ഷാ ചുമതല. മഹാരാജാസ് കോളേജിലെ വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു ഒപ്പമുള്ളത് മുഴുവൻ വനിതകളാണെന്ന് അഞ്ചുപേരും അറിഞ്ഞത്. പ്രിസൈഡിങ് ഓഫീസറായ നീതുമോളും ഫസ്റ്റ് പോളിങ് ഓഫീസറായ ജൂഡിയും ചേർന്നായിരുന്നു വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ളവ ഏറ്റുവാങ്ങിയത്. അപ്പോഴും മണ്ഡലത്തിലെ ഒരേയൊരു വനിതാ ബൂത്താണ് തങ്ങളുടേതെന്ന് ഇവർക്ക് അറിയില്ലായിരുന്നു. ഏക പിങ്ക് ബൂത്ത് ആണെന്ന് അറിഞ്ഞതോടെ ആദ്യം അമ്പരപ്പായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.