കൊച്ചി: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ വിലയിരുത്തൽ എന്ന് വിശേഷിപ്പിക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ലെങ്കിലും ആവേശം കുറയാതിരിക്കാനുള്ള മുന്നൊരുക്കങ്ങളുമായി സിപിഎം. കെ വി തോമസ് ഉൾപ്പെടെ കോൺഗ്രസിലെ പ്രമുഖരെ വേദിയിൽ എത്തിക്കാനാണ് നീക്കം. ജോ ജോസഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയ കോൺഗ്രസ് പ്രാദേശിക നേതാക്കളും കൺവെൻഷനിൽ എത്തും.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് പത്രിക സമർപ്പിച്ചിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്, ജോസ് കെ മാണി തുടങ്ങിയവർക്കൊപ്പം എത്തിയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. അതിനു ശേഷം 11.45 ഓടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ് പത്രിക സമർപ്പിക്കാനെത്തിയത്. ഹൈബി ഈഡൻ എംപി, ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് എന്നിവരും കൂടെയുണ്ടായിരുന്നു.എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക.

ആംആദ്മി മത്സര രംഗത്തില്ല. അതുകൊണ്ടു തന്നെ തൃക്കാക്കരയിലെ ചിത്രം തെളിഞ്ഞു കഴിഞ്ഞു. എ.എ.പിയും-ട്വന്റി-20 യും സ്ഥാനാർത്ഥിയെ നിർത്താത്ത സാഹചര്യത്തിൽ ആ വോട്ടുകൾ അടിയൊഴുക്കാകും. ട്വന്റി-20 തൃക്കാക്കര മുൻ എംഎ‍ൽഎ പി.ടി തോമസുമായി രാഷ്ട്രീയ ശത്രുതയിലായിരുന്നു. കഴിഞ്ഞ തവണ 13897 വോട്ടാണ് ട്വന്റി-20 പിടിച്ചെടുത്തത്. ഇത് ആരിലേക്ക് പോവുമെന്നതാണ് നിർണായകം. തന്നെ തോൽപ്പിക്കാനായിരുന്നു ട്വന്റി ട്വന്റി ശ്രമിച്ചതെന്ന് പിടി തോമസ് ആരോപിച്ചിരുന്നു. പിടിക്ക് കിട്ടേണ്ട വോട്ടുകളാണ് ട്വന്റി ട്വന്റി നേടിയതെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇപ്പോൾ ചിത്രം മാറി.

ട്വന്റി-ട്വന്റി ഇടതുസർക്കാരുമായാണ് ഇപ്പോൾ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. ട്വന്റി-ട്വന്റി പ്രവർത്തകൻ സി.കെ. ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇടത് എംഎ‍ൽഎ. പി.വി. ശ്രീനിജനുമായി വലിയ ഏറ്റുമുട്ടലിലാണ് അവർ. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മനംമടുത്ത് ട്വന്റി-ട്വന്റി പ്രസിഡന്റ് സാബു എം. ജേക്കബ് കേരളത്തിൽ തുടങ്ങാനിരുന്ന വ്യവസായസ്ഥാപനം തെലങ്കാനയിലേക്കു മാറ്റി. ഇടതു പക്ഷത്തിന് എതിരാണ് ഇപ്പോൾ അവർ. അതുകൊണ്ട് തന്നെ ഉമാ തോമസിന്റെ പെട്ടിയിൽ ആ വോട്ടുകൾ വീഴുമെന്നാണ് പ്രതീക്ഷ.

ബിജെപി. സ്ഥാനാർത്ഥിയായി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനെ കൂടെ പ്രഖ്യാപിച്ചതോടെ എൻ.ഡി.എ.യുടെ പ്രവർത്തനങ്ങളും മണ്ഡലത്തിൽ വേഗത്തിലായി. ട്വന്റി ട്വന്റി വോട്ടുകൾ തങ്ങൾക്ക് കിട്ടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇടതു വലതു മുന്നണികളോട് വിയോജിപ്പുള്ള വോട്ടുകളാണ് കഴിഞ്ഞ തവണ ട്വന്റി ട്വന്റി നേടിയതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ബിജെപിയും പ്രതീക്ഷയിലാണ്.

ട്വന്റി ട്വന്റിക്ക് വോട്ടു ചെയ്തവർ ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് പറയുന്നു. ട്വന്റി ട്വന്റിയും ആം ആദ്മിയും ഉയർത്തിയ രാഷ്ട്രീയം ഇപ്പോൾ ആരാണ് ഉയർത്തുന്നതെന്ന് നോക്കിയാൽ മതി. വിജയത്തെ കുറിച്ച് വലിയ ആത്മവിശ്വാസമുണ്ടെന്നും ഇടതുപക്ഷ സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് പറഞ്ഞു. അതേസമയം തൃക്കാക്കരയിൽ ആം ആദ്മി സ്ഥാനാർത്ഥി ഇല്ലാത്തത് അവരുടെ ആഭ്യന്തര കാര്യമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് പറഞ്ഞു. ആര് സ്ഥാനാർത്ഥിയെ നിർത്തിയാലും ഇല്ലെങ്കിലും തൃക്കാക്കരയിൽ ജയം ഉറപ്പാണെന്നും ഉമ തോമസ് പറഞ്ഞു.

അതേസമയം 20 20യും ആം ആദ്മിയും മൽസരിക്കാത്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇത് ഗുണം ചെയ്യും. യു ഡി എഫ് ഒരു ചർച്ചയും 20 20യുമായി നടത്തിയിട്ടില്ല. ശ്രീനിജൻ എം എൽ എയെ ആയുധമാക്കി കിറ്റക്‌സ് എന്ന സ്ഥാപനത്തെ ഇവിടെ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന് യു ഡി എഫ് കൂട്ടുനിൽക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

തൃക്കാക്കരയിൽ ട്വന്റി ട്വന്റിയുടെ പിന്മാറ്റം യൂഡിഎഫുമായുള്ള അഡ്ജസ്റ്റ്‌മെന്റ് ആണോ എന്ന് സംശയം പ്രകടിപ്പിച്ച് പി വി ശ്രീനിജൻ എം എൽ എ രംഗത്തു വന്നിട്ടുണ്ട്. വി ഡി സതീശന് സാബു ജേക്കബുമായി നല്ല ബന്ധം ഉണ്ട്.അഡ്ജസ്റ്റ്‌മെന്റ് ഉണ്ടെങ്കിൽ പി ടിയുടെ ആത്മാവ് കോൺഗ്രെസ്സുകാരോട് പൊറുക്കില്ലെന്ന് ശ്രീനിജൻ പറഞ്ഞു.