- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കാക്കര നഗരസഭയിൽ ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് 10,000 രൂപ: കൂടുതൽ ദൃശ്യങ്ങൾ പുറത്ത്; അന്വേഷിക്കുമെന്ന് കോൺഗ്രസ് നേതൃത്വം; കുറ്റം തെളിഞ്ഞാൽ നടപടിയെന്ന് വി.ഡി.സതീശൻ; കൈമാറിയത് പണമല്ല, പരാതി കവറെന്ന് ചെയർപേഴ്സൺ
കൊച്ചി: തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് ഓണക്കോടിക്ക് ഒപ്പം പണം നൽകിയ വിഷയം അന്വേഷിക്കുമെന്ന് കോൺഗ്രസ് നേതൃത്വം. വിഷയം അന്വേഷിക്കാൻ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയെന്നും നഗരസഭാ അധ്യക്ഷ കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാൽ കർശന നടപടിയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് 10,000 രൂപ വിതരണം ചെയ്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർതന്നെ രംഗത്തെത്തിയിരുന്നു.
കൗൺസിലർമാർക്ക് നഗരസഭ അധ്യക്ഷ ഓണക്കോടിക്കൊപ്പം പണം നൽകിയതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്ത ഓണക്കോടിക്കൊപ്പം പതിനായിരം രൂപ അടങ്ങുന്ന കവർ കൂടി ചെയർപേഴ്സൺ അജിത തങ്കപ്പൻ നൽകിയെന്നാണ് ആരോപണം ഉയർന്നത്. പണമടങ്ങിയ കവർ ചെയർപേഴ്സന് തിരിച്ചു നൽകുന്നതിന്റെ തെളിവുകളാണ് പുറത്തുവിട്ടത്.
ദൃശ്യത്തിൽ പണം ആണെന്നും ഇത് വാങ്ങുന്നത് ശരിയല്ലെന്നും കൗൺസിലർമാർ ചെയർപേഴ്സണെ അറിയിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ പരാതിയുടെ കവറാണ് സ്വീകരിച്ചതെന്നായിരുന്നു ചെയർപേഴ്സൺ നേരത്തെ പ്രതികരിച്ചത്. എന്നാൽ പണം നൽകിയതായി സ്ഥിരീകരിച്ച് ഭരണപക്ഷത്തിലുള്ള കൂടുതൽ കൗൺസിലർമാർ കൂടി രംഗത്ത് എത്തിയതോടെയാണ് ചെയർപേഴ്സൺ കൂടുതൽ കുരുക്കിലായിരിക്കുകയാണ്. പുടവ മാത്രമാണെന്ന് കരുതിയാണ് കവർ വാങ്ങിയതെന്നും കൗൺസിലർമാർ പറയുന്നുണ്ട്.
കൗൺസിലർമാർക്ക് നൽകിയ കവറിലെ പണം താൻ നേരിട്ട് കണ്ടുവെന്നും പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടെന്നും പന്ത്രണ്ടാം വാർഡിലെ കൗൺസിലർ വി.ഡി.സുരേഷ് പറഞ്ഞിരുന്നു. കൗൺസിലർമാർക്ക് പണം നൽകിയിട്ടില്ലെന്ന വാദത്തിൽ അജിത തങ്കപ്പൻ ഉറച്ചുനിൽക്കുകയാണ്. കൗൺസിലർമാർ പണം തിരികെ നൽകിയെന്നു പറയുന്നതും കളവാണ്. കവറിലുണ്ടായിരുന്നത് പേരോ ഒപ്പോ ഇല്ലാത്ത പരാതിയെന്നും അജിത പ്രതികരിച്ചു.
കൗൺസിലർമാർ തെളിവെന്ന രീതിയിൽ പുറത്തുവിട്ട വീഡിയോയിൽ ഉള്ളത് കവറിൽ പരാതി സ്വീകരിക്കുന്നതിന്റേതാണെന്നാണ് അജിതയുടെ വാദം. അതിനിടെ തങ്ങൾ തിരിച്ചേൽപ്പിച്ചത് പണമടങ്ങിയ കവർ തന്നെ ആണെന്ന് തെളിയിക്കാനുള്ള കൂടുതൽ വീഡിയോ കൗൺസിലർമാർ പുറത്ത് വിട്ടു. പരാതി ശരിവെച്ച് ഭരണപക്ഷ കൗൺസിലർ റാഷിദ് ഉള്ളമ്പള്ളി നടത്തിയ ഫോൺ സംഭാഷവും പുറത്തായിരുന്നു.
ഓണക്കോടിയോടൊപ്പം 43 കൗൺസിലർമാർക്കും 10,000 രൂപ വെറുതെ നൽകിയെന്നാണ് ആരോപണം. പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നിയ 18 കൗൺസിലർമാർ പണം തിരിച്ച് നൽകി. അധ്യക്ഷയുടെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതിയും കൊടുത്തു. അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് സ്വകാര്യമായി പണമടങ്ങിയ കവർ കൈമാറിയെന്നാണ് ആരോപണം. നഗരസഭയ്ക്ക് ഇങ്ങനെയൊരു ഫണ്ടില്ലെന്നിരിക്കെ ഈ പണം എവിടെ നിന്നെന്നാണ് അംഗങ്ങളുടെ സംശയം.
മറുനാടന് മലയാളി ബ്യൂറോ