- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കാക്കരയിലെ സഹതാപം അനുകൂലമാക്കാൻ ഉമ എത്തുമോ? മഹാരാജാസിലെ പഴയ കെ എസ് യു വൈസ് ചെയർപേഴ്സണിന്റെ തീരുമാനം നിർണ്ണായകമാകും; കോൺഗ്രസ് പരിഗണനയിൽ ബൽറാമും ഷിയാസും മേത്തറും ദീപ്തിയും വരെ; സ്വരാജും ജേക്കബും സെബാസ്റ്റ്യൻ പോളും ഇടതു ചർച്ചകളിൽ; സിപിഎം സ്ഥാനാർത്ഥിയെ പിണറായി നിശ്ചയിക്കും
കൊച്ചി: ഇനി രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ തൃക്കാക്കരയിലേക്ക്. ജനപ്രിയനായ പിടി തോമസിന്റെ മരണത്തോടെ ഒഴിവു വന്ന തൃക്കാക്കര സീറ്റ് നിലനിർത്തുക കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ്. എന്നും കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ വലിയ മാർജിനിലെ വിജയം ഈ ഘട്ടത്തിൽ അനിവാര്യമാണ്. തൃക്കാക്കരയിൽ അടിതെറ്റിയാൽ അത് കോൺഗ്രസിലെ പുതു നേതൃത്വത്തിന്റെ വീഴ്ചയായും വിലയിരുത്തും. ഈ സാഹചര്യത്തിൽ മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം. എന്നാൽ തൃക്കാക്കര മണ്ഡലത്തിൽ മികവ് കാട്ടി ഭരണതുടർച്ചയിൽ ഗ്രാഫ് ഉയർത്താനാണ് സിപിഎം നീക്കം. അതിശക്തനെ സ്ഥാനാർത്ഥിയാക്കാനാകും സിപിഎം ശ്രമിക്കുക. അതുകൊണ്ട് തന്നെ പോരാട്ടം കടുക്കും.
പിടിയുടെ കോൺഗ്രസിലെ പിൻഗാമി ആരെന്നതിൽ അനിശ്ചിത്വം ഏറെയാണ്. വിടി ബലാറാമിനേയും ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനേയും പരിഗണിക്കാൻ സാധ്യത ഏറെയാണ്. മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തറിനേയും പരിഗണിക്കും. ദീപ്തി മേരി വർഗ്ഗീസും ചർച്ചകളിൽ സജീവമാകും. എന്നാൽ പിടി തോമസിന് അനുകൂലമായുണ്ടായ തരംഗം മുതലെടുക്കാൻ അരുവിക്കര മോഡലും കോൺഗ്രസ് പരിഗണിച്ചേക്കും. പിടി തോമസിന്റെ ഭാര്യ ഉമയെ സ്ഥാനാർത്ഥിയാക്കുന്നതും ചർച്ചയാകും. ഉമ സമ്മതിച്ചാൽ അവർക്ക് തന്നെയാകും മുൻതൂക്കം. പഴയ കെ എസ് യുക്കാരിയായ ഉമ മഹാരാജാസ് കോളേജിലെ പഴയ വൈസ് ചെയർപേഴ്‌സണുമാണ്.
അതുകൊണ്ട് ഉമയ്ക്ക് രാഷ്ട്രീയ പാരമ്പര്യവും ഉണ്ട്. ഈ സാഹചര്യത്തിൽ ഉമയെ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം അതിശക്തമാണ്. പിടി തോമസിനുള്ള ജനപിന്തുണ വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന് തൃക്കാക്കരയിലെ രവിപുരത്ത് നൽകിയ അന്ത്യയാത്ര. നിലപാടുകൾ മരണത്തിലും കാത്തു സൂക്ഷിച്ച നേതാവ്. ഇതിനൊപ്പമായിരുന്നു ഭാര്യയും കുടുംബവും എന്നും നിലകൊണ്ടത്. മഹാരാജാസിലെ കെ എസ് യു പ്രവർത്തനത്തിനിടെ തുടങ്ങിയ പ്രണയവും വിവാഹവുമെല്ലാം പൊതു സമൂഹത്തിൽ ചർച്ചയുമായി. അതുകൊണ്ട് തന്നെ ഉമയാണ് ശരിയായ സ്ഥാനാർത്ഥിയെന്ന വികാരം കോൺഗ്രസ് അണികളിൽ സജീവമാണ്. അവർ മത്സരിക്കാൻ സന്നദ്ധമാകുമോ എന്നതാണ് നിർണ്ണായകം. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ തീരുമാനവും അതിനിർണ്ണായകമാണ്.
കൊച്ചിയിൽ കോൺഗ്രസ് ഈയിടെ നടത്തിയ ഇടപെടൽ എല്ലാം വലിയ ചർച്ചയായി. പെട്രോൾ വില വർദ്ധനവിനെതിരായ സമരം പുത്തൻ ആവേശം നൽകി. മൊഫിയ എന്ന നിയമ വിദ്യാർത്ഥിനിയുടെ മരണത്തിൽ നടത്തിയ കൂട്ടായ ഇടപെടലും ഫലം കണ്ടു. ഗ്രൂപ്പുകൾക്ക് അതീതമായി നേതാക്കൾ ഒരുമിച്ചു. കിഴക്കമ്പലവും ട്വന്റി ട്വന്റിയും ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ചാണ് പിടി തോമസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയത്. അതുകൊണ്ട് തന്നെ അതിന്റെ തുടർച്ച ഉമയ്ക്ക് നൽകണമെന്നതാണ് അണികളുടെ പൊതുവികാരം. അരുവിക്കരയിൽ ജി കാർത്തികേയൻ മത്സരിച്ചപ്പോൾ ഭാര്യയെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. പിന്നീട് മകൻ ശബരിനാഥ് സ്ഥാനാർത്ഥിയും എംഎൽഎയുമായി. തൃക്കാക്കരയിലും ഉമയെ പരീക്ഷിച്ച് അരുവിക്കര മോഡൽ ആവാമെന്ന അഭിപ്രായം കോൺഗ്രസിൽ സജീവമാണ്.
എം സ്വരാജാണ് സിപിഎം പരിഗണനാ പട്ടികിയെലെ പ്രധാനി. കഴിഞ്ഞ തവണ പിടി തോമസിനോട് മത്സരിച്ച് തോറ്റ ഡോ ജേക്കബിനേയും പരിഗണിച്ചേക്കും. ഏറെ തിരിക്കുള്ള ഡോക്ടറാണ് ജേക്കബ്. അതുകൊണ്ട് അദ്ദേഹം എടുക്കുന്ന നിലപാടും നിർണ്ണായകമാകും. പിടി തോമസിന്റെ തൃക്കാക്കരയിലെ ആദ്യ ജയം സെബാസ്റ്റ്യൻ പോളിനെതിരെയായിരുന്നു. ജോർജ് ഈഡന്റെ മരണ ശേഷം നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച ചരിത്രം സെബാസ്റ്റ്യൻ പോളിനുണ്ട്. അതുകൊണ്ട് സെബാസ്റ്റ്യൻ പോളിനേയും വീണ്ടും പരിഗണിക്കും. അതിശക്തനായ സ്ഥാനാർത്ഥിയെന്ന ചർച്ച വന്നാൽ സ്വരാജിനാകും പരിഗണന. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയനാകും തീരുമാനങ്ങളിൽ അന്തിമ വാക്ക്.
2016ലും 2021ലും സംസ്ഥാനത്ത് ഇടതുപക്ഷം അധികാരത്തിലേറിയപ്പോഴാണ് പി ടി തോമസ് യുഡിഎഫിനായി തൃക്കാക്കര മണ്ഡലം കാത്തത്. കോളജ് വിദ്യാഭ്യാസ കാലം മുതൽ എറണാകുളവുമായി അടുത്ത ബന്ധം പുലർത്തുന്ന പി ടിയുടെ രാഷ്ട്രീയാതീത സൗഹൃദങ്ങൾ ഈ ജയത്തിനു തുണയായെന്നാണ് വിലയിരുത്തപ്പെടുന്നത്. വരുന്ന ഉപതെരഞ്ഞെടുപ്പിൽ പി ടി എന്ന നേതാവിന്റെ വികസന സ്വപ്നങ്ങൾ ഉയർത്തിയുള്ള മുദ്രാവാക്യം തന്നെയാകും യുഡിഎഫ് മുന്നോട്ട് വയ്ക്കുക. ഇത് വോട്ടായി മാറാനുള്ള സാധ്യതയും ഏറെയാണ്. അതേസമയം പി ടിയുടെ 14329 വോട്ടുകളുടെ ഭൂരിപക്ഷം മറികടക്കാൻ ആകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇടത് പക്ഷവും.
സംസ്ഥാനത്ത് യുഡിഎഫിനെതിരെ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ച 2016ലും, ഇടത് തരംഗം ആഞ്ഞടിച്ച 2021ലെ നിയമഭ തെരഞ്ഞെടുപ്പിലും പി ടി തോമസിനെ വിജയിപ്പിച്ച മണ്ഡലമാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ പ്രിയ നേതാവിന്റെ വിയോഗത്തെ തുടർന്ന് വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശങ്കകകളൊന്നും ഉണ്ടാകില്ല. മണ്ഡല ചരിത്രത്തിൽ ഇതുവരെ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളാണ് തൃക്കാക്കരയിൽ നടന്നത്. മൂന്നിലും വിജയിച്ചതോടെ കോൺഗ്രസുകാർ തൃക്കാക്കരയെ തങ്ങളുടെ ശക്തി കേന്ദ്രങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മണ്ഡല രൂപീകരണത്തിന് ശേഷം ആദ്യം നടന്ന 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബെന്നി ബഹനാനു മികച്ച ഭൂരിപക്ഷം നൽകിയാണ് തൃക്കാക്കര എൽഡിഎഫിനെ ഞെട്ടിച്ചത്. സിപിഐഎം സ്ഥാനാർത്ഥി എംഇ ഹസൈനാരെ 22,046 വോട്ടുകൾക്കായിരുന്നു ബഹനാൻ വീഴ്‌ത്തിയത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃക്കാക്കര യുഡിഎഫിനൊപ്പം തന്നെയായിരുന്നു. 2016ൽ സിറ്റിങ് എംഎൽഎയെ മാറ്റി പി ടി തോമസിനെയാണ് മണ്ഡലം നിലനിർത്താൻ കോൺഗ്രസ് നിയോഗിച്ചത്. മറുവശത്ത് എൽഡിഎഫ് ഇറക്കിയതാകട്ടെ ഡോ. സെബാസ്റ്റ്യൻ പോളിനെ. ഫലം പ്രഖ്യാപിച്ചപ്പോൾ 11,966 വോട്ടുകൾക്ക് പി ടി വിജയിച്ചു.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം തന്നെയായിരുന്നു. 2021ൽ പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് തുടർഭരണത്തിന് ഇറങ്ങിയപ്പോൾ പല യുഡിഎഫ് കോട്ടകളും തകർന്നെങ്കിലും തൃക്കാക്കര പി ടി തോമസിന് ഒപ്പം തന്നെ നിന്നു. മണ്ഡലം പിടിച്ചെടുക്കാൻ എൽഡിഎഫ് നിയോഗിച്ച സ്വതന്ത്ര സ്ഥാനാർത്ഥി ഡോ ജെ ജേക്കബിനെ 14329 വോട്ടുകൾക്കാണ് പി ടി വീഴ്‌ത്തിയത്.
മറുനാടന് മലയാളി ബ്യൂറോ