- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ത്രില്ലറാകും സിപിഎമ്മിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം; അമേരിക്കയിൽ ഇരുന്ന് കോടിയേരി നടത്തി നീക്കങ്ങൾ നിർണ്ണായകമായി; സ്ഥാനാർത്ഥിയെ മുഖ്യമന്ത്രി പിണറായിയും അംഗീകരിച്ചു; ഇടതിന് വേണ്ടി മത്സരിക്കാൻ ആരും പ്രതീക്ഷിക്കാത്ത നേതാവ് എത്തുമെന്ന് സൂചന
കൊച്ചി: തൃക്കാക്കരയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കാൻ സിപിഎം. കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന സ്ഥാനാർത്ഥി തൃക്കാക്കരയിൽ വരുമെന്നാണ് സിപിഎം കേന്ദ്രങ്ങൾ നൽകുന്ന സൂചന. കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വ്യക്തിയാകും ആ സസ്‌പെൻസ് സ്ഥാനാർത്ഥിയെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. വികസന രാഷ്ട്രീയം ചർച്ചയാക്കി സിപിഎം അണികളിൽ ആവേശമുണ്ടാക്കാനാണ് ഇത്. കെവി തോമസിന്റെ അഭിപ്രായവും പരിഗണിച്ചിട്ടുണ്ട്.
അട്ടിമറിയിലൂടെ തൃക്കാക്കര പിടിച്ചെടുക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയെയാണ് മുമ്പോട്ട് വയ്ക്കുക. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ പേരിനെ അനുകൂലിക്കുന്നു. കോടിയേരിയാണ് ഈ സ്ഥാനാർത്ഥിയെ പിണറായിക്ക് മുമ്പിൽ അവതരിപ്പിച്ചത്. കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ത്രില്ലറാകും സിപിഎമ്മിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.
സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഈ നേതാവിനോട് വ്യക്തിപരമായ താൽപ്പര്യമുണ്ട്. പാർട്ടി ചിഹ്നത്തിൽ തന്നെയാകും മത്സരിക്കുക. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തൃക്കാക്കരയിൽ സജീവമാണ്. ജയരാജനാകും പ്രചരണത്തിന് നേതൃത്വം നൽകുക. കൊച്ചി മേയർ എം അനിൽകുമാർ, ജില്ല കമ്മിറ്റിയംഗം കെ എസ് അരുൺ കുമാർ, കൊളേജ് അദ്ധ്യാപിക കൊച്ചു റാണി ജോസഫ് എന്നിവരെയാണ് ആദ്യം സിപിഎം പരിഗണിച്ചിരുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് വന്നതോടെ കോൺഗ്രസിലുണ്ടായ അനൈക്യം മുതലെടുത്ത് കൂടിയാകും ഇടത് സ്ഥാനാർത്ഥി നിർണയം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ട് ഇടതുപക്ഷം. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളിൽ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട കാർഡുകൾ പുറത്തുവിട്ടു. തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. കേരള നിയമസഭയിൽ എംഎൽഎമാരുടെ എണ്ണം നൂറിലെത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. വികസനത്തിന് വേണ്ടിയായിരിക്കും വോട്ട് ചോദിക്കുകയെന്നും പി രാജീവ് പറഞ്ഞു. കെ റയിൽ പ്രചാരണ വിഷയമാക്കാനാണ് സിപിഎം തീരുമാനം.
യുഡിഎഫിന് മേൽക്കോയ്മയുള്ള മണ്ഡലമാണ്, എന്നാൽ ഇത്തവണ മണ്ഡലം പിടിക്കണം എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഉന്നത നേതാക്കളുമായുള്ള ആശയവിനിമയത്തിൽ അതിന് കഴിയുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്നും രാജീവ് പറഞ്ഞു. രണ്ടാഴ്ച മുൻപ് മുന്നണി കൺവീനറായി ചുമതലയേറ്റെടുത്ത ഇപി ജയരാജൻ നേരിട്ട് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കും. മന്ത്രി പി രാജീവും സെക്രട്ടേറിയറ്റംഗം എം സ്വരാജും മുഴുവൻ സമയം മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. കെ റയിലിനെതിരെ സംസ്ഥാന വ്യാപകമായ എതിർപ്പ് മുന്നണിക്കും സർക്കാരിനുമെതിരെ നിൽക്കുമ്പോൾ വികസന വിഷയം തന്നെ മുന്നോട്ട് വെക്കാനുള്ള ധൈര്യവും സിപിഎം കാണിക്കും.
നഗര കേന്ദ്രീകൃത മണ്ഡലത്തിൽ വികസന അജണ്ടക്ക് പ്രാധാന്യം കിട്ടുമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം. ഉടക്കി നിൽക്കുന്ന കെവി തോമസ് ഘടകം, യുഡിഎഫിലെ സ്ഥാനാർത്ഥി നിർണയം ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങൾ, ട്വന്റി ട്വന്റി - ആപ് സംയുക്ത സ്ഥാനാർത്ഥി നീക്കം ഇതെല്ലാം പരമാവധി തങ്ങൾക്ക് ഗുണകരമാകുമെന്ന് സിപിഎം പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ