തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിൽ പ്രചരണരംഗത്ത് സജീവമായി സ്ഥാനാർത്ഥികൾ.ഫലം എന്തായാലും പ്രചരണരംഗത്ത് ഒരു കുറവും വരുത്തില്ലെന്നത് തന്നെയാണ് എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ തങ്ങളുടെ ഇടപെടലുകളിലൂടെ വ്യക്തമാക്കുന്നത്.ശാന്തമാണ് ഉമ തോമസിന്റെ പ്രചാരണം.തികച്ചും സൗമ്യമായ സാന്നിധ്യം, അതിലേറെ സൗഹാർദം നിറച്ച വാക്കുകൾ. ''അറിയാമല്ലോ, ഞാൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിവരം ? പി.ടിയോടു കാണിച്ച സ്‌നേഹം എന്നോടും കാണിക്കണേ''. തൃക്കാക്കരയിൽ ഉമ തോമസിന്റെ അഭ്യർത്ഥന ഇത്ര മാത്രം. വോട്ടു തേടുന്ന പതിവു രീതിക്കപ്പുറം മണ്ഡലത്തിലെ സ്‌നേഹ, സൗഹൃദങ്ങളിലേയ്ക്കുള്ള പാലം ഉറപ്പിക്കുകയാണ് സ്ഥാനാർത്ഥി.

പടമുകൾ ജുമാ മസ്ജിദിൽ പ്രാർത്ഥന കഴിഞ്ഞെത്തിയ വിശ്വാസികളുമായി സൗഹൃദം പങ്കിടുകയായിരുന്നു ഉമ. ''വോട്ടിന്റെ കാര്യമൊന്നും പ്രത്യേകിച്ചു പറയേണ്ട. ഞങ്ങൾക്ക് അറിയാവുന്നതല്ലേ'' എന്നു സൗഹൃദം പുതുക്കുന്നു നാട്ടുകാരും. ഉമ 3 ദിവസത്തെ പ്രചാരണം പൂർത്തിയാക്കിക്കഴിഞ്ഞു. ഉമ ചെല്ലുന്ന മേഖലയിലെല്ലാം മുൻപു പി.ടി.തോമസിനു ലഭിച്ച അതേ സ്വീകാര്യത ലഭിക്കുന്നുവെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

ഇന്നലെ രാവിലെ ചങ്ങനാശേരി പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചാണ് ഉമയുടെ ദിവസം ആരംഭിച്ചത്. ഉച്ചയോടെ മണ്ഡലത്തിൽ തിരിച്ചെത്തിയ ശേഷം കാക്കനാട്, വാഴക്കാല, ഇടച്ചിറ പ്രദേശങ്ങളിലെ ആരാധനാലയങ്ങൾ സന്ദർശിച്ചു. പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും വോട്ടഭ്യർഥന നടത്തി. പിന്നീട്, മണ്ഡലത്തിലെ ചില മരണ വീടുകൾ സന്ദർശിച്ചു.

എന്നാൽ ആദ്യമായെത്തുന്ന പരിഭ്രമങ്ങളൊന്നുമില്ലാതെയാണ് ജോ ജോസഫിന്റെ ഇടപെടൽ. ഇടതു സ്ഥാനാർത്ഥി ജോ ജോസഫിന് ആദ്യ ദിനം സഭാകമ്പങ്ങളില്ലാതെയായിരുന്നു. ശീലമല്ലാത്ത പല കാര്യങ്ങൾ സംഭവിച്ച ദിവസമായിരുന്നു എന്ന പ്രത്യേകത മാത്രം.പാന്റ്‌സും ഷർട്ടുമെന്ന പതിവു വേഷത്തിൽ നിന്നു മുണ്ടിലേക്കുള്ള മാറ്റം, തേടിയെത്തുന്ന രോഗികളിൽ നിന്നു ഭിന്നമായി വോട്ടർമാരെത്തേടിയുള്ള സഞ്ചാരം, തണുത്തുറഞ്ഞ ഓപ്പറേഷൻ തിയറ്ററിൽ നിന്നു ചൂടും പൊടിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര. എങ്ങനെയുണ്ട് മാറ്റമെന്ന ചോദ്യത്തിനു സ്ഥാനാർത്ഥിയുടെ ഉത്തരം കൃത്യമായി വന്നു. 'ഇതൊന്നും ഒരു മാറ്റമല്ല, വേഷവും ആളുകളുമായുള്ള ഇടപെടലുകളുമെല്ലാം പുതിയ കാര്യമല്ല'.

പക്ഷേ, ഡോക്ടർ ഒരു മാറ്റം പ്രതീക്ഷിക്കുന്നുണ്ട്, തൃക്കാക്കരയുടെ രാഷ്ട്രീയ മാറ്റം. രാവിലെ ഡോ. ജോ ജോസഫ് ഇടപ്പള്ളി കണ്ണംതോടത്ത് ലെയ്‌നിൽ കെ.എൻ.രവീന്ദ്രനാഥിന്റെ വീട്ടിലെത്തി അനുഗ്രഹം തേടി.തോപ്പിൽ പള്ളിയിൽ നിന്നിറങ്ങുമ്പോൾ മന്ത്രി മുഹമ്മദ് റിയാസ് ആശംസകളുമായെത്തി. 99 അടിച്ചു നിൽക്കുന്ന സർക്കാർ സെഞ്ചറി തികയ്ക്കുന്നതു സിക്‌സർ അടിച്ചായിരിക്കുമെന്ന റിയാസിന്റെ ആശംസ എല്ലാവരും ആസ്വദിച്ചു.

പ്രഫ. എം.കെ.സാനു അനുഗ്രഹിച്ചു യാത്രയാക്കുമ്പോൾ ഒരു കാര്യം ഓർമിപ്പിച്ചു. 'പി.ടി.തോമസും ഉമയും ശിഷ്യരാണ്. എന്നാൽ എനിക്കൊരു നിലപാടുണ്ട്. അതനുസരിച്ച് നിങ്ങളുടെ കൂടെയാണ്. ആരോഗ്യം ഉണ്ടായിരുന്നെങ്കിൽ പ്രചാരണത്തിനു വരുമായിരുന്നു'. മുതിർന്ന നേതാവ് എം.എം.ലോറൻസിനെയും ജോ സന്ദർശിച്ചു.