- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറിലേക്ക്; കൊട്ടിക്കലാശം പാലാരിവട്ടത്ത്; നാടും നഗരവും പിന്നിട്ട് വാഹനജാഥകൾ; ആവേശത്തിൽ പ്രവർത്തകർ; പ്രതീക്ഷ പങ്കുവച്ച് മുന്നണികൾ; കൊച്ചി നഗരം ഗതാഗതക്കുരുക്കിൽ
കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ പരസ്യ പ്രചാരണം അവസാന മണിക്കൂറിൽ. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളും അണികളും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ വാഹന ജാഥയിലൂടെ അവസാന റൗണ്ടിലും പ്രചാരണം കൊഴുപ്പിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളെല്ലാം തൃക്കാക്കരയിൽ എത്തിയിട്ടുണ്ട്. വാഹനജാഥയിൽ മണ്ഡലം ചുറ്റിയെത്തുന്ന സ്ഥാനാർത്ഥികളും പ്രവർത്തകരുമെല്ലാം പാലാരിവട്ടത്തെത്തി കൊട്ടിക്കലാശത്തിന് ആവേശം പകരും.
എൻഡിഎയുടെ പ്രചാരണജാഥ തൃക്കാക്കരയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് പാലാരിവട്ടത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് എത്തും. എ.എൻ.രാധാകൃഷ്ണനൊപ്പം പി.സി.ജോർജ്ജും വാഹനജാഥയിൽ പങ്കെടുക്കുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും യുഡിഎഫ് സ്ഥാനാർത്ഥി ഉമാ ജോസഫും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചു വരികയാണ്. ഉമാ തോമസിനൊപ്പം ചലച്ചിത്രതാരം രമേശ് പിഷാരടിയും പ്രചാരണ വാഹനത്തിലുണ്ട്. എൽഡിഎഫ് കണ്വീനർ ഇ.പി.ജയരാജൻ എൽഡിഎഫ് പ്രചാരണം ഏകോപിപ്പിക്കാൻ പാലാരിവട്ടത്തുണ്ട്.
വികസനം പ്രധാന വാഗ്ദാനം നൽകി നൂറ് തികയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് ഇടതുപക്ഷം എംഎൽഎമാരും മന്ത്രിമാരുമടക്കം ജോ ജോസഫിനായി പ്രചാരണരംഗത്തുണ്ട്.സ്ഥാനാർത്ഥി പ്രഖ്യാപനത്തോടനുബന്ധിച്ച് ഉയർന്ന വിവാദങ്ങൾ ഇടതുപക്ഷത്തിന്റെ പ്രചരണത്തെ പിന്നോട്ട് വലിച്ചെങ്കിലും മുഖ്യമന്ത്രിയെ അടക്കം മണ്ഡലത്തെത്തിച്ചാണ് സിപിഎം ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
കെ റെയിൽ കല്ലിടലടക്കം നിർത്തി വെച്ച് ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് സിപിഎം. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവുമോ ഉപതിരഞ്ഞെടുപ്പ് ഫലം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാതെ കെവി തോമസിനെയടക്കം പരസ്യപ്രചാരണത്തിന് ഇറക്കിയാണ്സിപിഎം പ്രചാരണം പൊടിപൊടിക്കുന്നത്. സിപിഎം സ്ഥാനാർത്ഥിയുടേ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങളും അണിയറയിൽ സജീവമാണ്.
ഉറച്ച യുഡിഫ് കോട്ട നിലനിർത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. ഭൂരിപക്ഷം വർദ്ധിപ്പിക്കാനാണ് ശ്രമമെന്നും തിരഞ്ഞെടുപ്പ് ഫലം സർക്കാരിനെതിരെയുള്ള ജനങ്ങളുടെ മറുപടിയായിരിക്കുമെന്നും യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നുണ്ട്. തൃക്കാക്കരയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന് ആരോപണവും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നുണ്ട്. കള്ളവോട്ടുണ്ടെന്നും വോട്ടർമാരെ ഒഴിവാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
പിസി തോമസിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ പത്നി ഉമ തോമസ് വിജയിക്കുമെന്ന വിശ്വാസമാണ് യുഡിഎഫ് പുലർത്തുന്നത്. ഉറച്ചകോട്ടയെന്ന് അഭിമാനിക്കുന്ന മണ്ഡലം നിലനിർത്തേണ്ടത് യുഡിഎഫിന്റെ അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്. മണ്ഡലം കൈവിടേണ്ട അവസ്ഥ വന്നാൽ പ്രധാനമായും പ്രചാരണ രംഗത്തുണ്ടായിരുന്ന കെപിസിസി പ്രസിഡന്റിന്റേയും പ്രതിപക്ഷ നേതാവിന്റേയും കനത്ത പരാജയമായി തന്നെ വിലയിരുത്തപ്പെടും.
കൊട്ടിക്കലാശത്തിന് മണ്ഡലത്തിലേക്ക് പ്രവർത്തകരുടെ ഒഴുക്കാണ്.റോഡ് ഷോകളുമായി മൂന്ന് മുന്നണികളും സജീവമായി രംഗത്തുണ്ട്. പരസ്യപ്രചാരണം വൈകീട്ട് ആറുമണിക്ക് അവസാനിക്കാനിരിക്കെ തടസ്സങ്ങളെല്ലാം കാറ്റിൽ പറത്തി കേരള ജനപക്ഷം നേതാവ് പിസി ജോർജ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത് ബിജെപി അണികൾക്ക് ആവേശമായി.
കേന്ദ്രസർക്കാറിന്റെ വികസനപദ്ധതികളെല്ലാം സംസ്ഥാനസർക്കാറിന്റേതാക്കി പ്രരിപ്പിക്കുന്ന സിപിഎമ്മിനേയും തൃക്കാക്കരയിൽ ബിജെപി തുറന്നുകാട്ടി. പോപ്പുലർ ഫ്രണ്ടിന് കേരളത്തിൽ ഭീകരത വളർത്താൻ കൂട്ടു നിൽക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ജനം തിരിയുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രധാന നേതാക്കളെല്ലാം വ്യക്തമാക്കുന്നത്. കൊച്ചുകുട്ടികളെ കൊണ്ട് കൊലവിളി മുദ്രാവാക്യമടക്കം വിളിപ്പിച്ച് കേരളത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ബിജെപിയുടെ ദേശീയനേതാക്കളടക്കം വിമർശിച്ചിരുന്നു. ദേശീയ നേതാക്കളടക്കം എത്തിയാണ് എഎൻ രാധാകൃഷ്ണനായി വേട്ടഭ്യർത്ഥിക്കുന്നത്.
ഉച്ച കഴിഞ്ഞപ്പോഴേ ജനക്കൂട്ടത്തിന്റെ ഒഴുക്കു തുടങ്ങിയിരുന്നു പാലാരിവട്ടത്തേക്ക്. മുന്നണികൾക്കായി മുമ്പേ അനുവദിച്ച ഇടങ്ങളിൽ അണിനിരന്ന് പ്രവർത്തകർ . അവർക്കിടയിലൊരു മതിലു തീർത്ത് പൊലീസ് . ആട്ടവും പാട്ടുമായി അത്യാവേശത്തിന്റെ ആറാട്ടായിരുന്നു പിന്നെ. മഴ മാറിനിന്നതും കലാശക്കൊട്ടിന്റെ ആവേശം ഇരട്ടിയാക്കി. അതേസമയം പാലാരിവട്ടം പാലത്തിൽ വിവിധ മുന്നണികളുടെ പ്രവർത്തകർ അണിനിരന്നതോടെ കൊച്ചി നഗരം കനത്ത ഗതാഗതക്കുരുക്കിലായി.
തൃക്കാക്കരയിൽ കലാശക്കൊട്ട് മുറുകുമ്പോൾ അവകാശവാദങ്ങളുമായി മുന്നണികൾ രംഗത്തെത്തിക്കഴിഞ്ഞു. ജയം ഉറപ്പെന്നും ഭൂരിപക്ഷം കുറക്കാൻ സിപിഎം കള്ളവോട്ടിന് ശ്രമിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് സർക്കാറിന്റെ വിലയിരുത്തലാകുമെന്നും അട്ടിമറിവിജയമുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഫോർട്ട് പൊലീസിന്റെ നോട്ടിസ് തള്ളി എത്തിയ പിസി ജോർജ്ജാണ് എൻഡിഎയുടെ ഇന്നത്തെ പ്രധാന പ്രചാരകൻ. ഒരുമാസം നീണ്ട പ്രചാരണം ക്ലൈമാക്‌സിലേക്ക് നീങ്ങുമ്പോൾ തൃക്കാക്കര ആവേശത്തിന്റെ വൻകരയായി മാറിക്കഴിഞ്ഞു
നാളത്തെ നിശബ്ദ പ്രചാരണം കൂടി അവസാനിച്ചാൽ മറ്റന്നാൾ തൃക്കാക്കര പോളിങ്ങ് ബൂത്തിലേക്ക് നീങ്ങും. പി ടി തോമസിന്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിൽ ആരാണ് വിജയിക്കുകയെന്ന് ജനം വിധിയെഴുതും. നിയമസഭയിൽ നൂറ് സീറ്റ് തികയ്ക്കുമെന്ന് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെടുമ്പോൾ, പി ടി ടി തോമസിന്റെ മികച്ച നേതൃത്വത്തെ അംഗീകരിച്ച തൃക്കാക്കരയിലെ ജനങ്ങൾ ഉമ തോമസിനെ കൈവിടില്ലെന്ന് കോൺഗ്രസും അവകാശപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ