കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സിപിഎം. സ്ഥാനാർത്ഥിയെ ബുധനാഴ്ച തീരുമാനിക്കും. സിപിഎം. ജില്ലാകമ്മിറ്റി അംഗവും ഡിവൈഎഫ്ഐ. മുൻജില്ലാ സെക്രട്ടറിയുമായ കെ.എസ്. അരുൺകുമാറിന്റെ പേരാണ് ഒന്നാമതായി പരിഗണിക്കുന്നത്. ഇതോടൊപ്പം കൊച്ചി മേയർ എം. അനിൽകുമാറിന്റെ പേരും ചർച്ചയിലുണ്ടായി. എന്നാൽ അനിൽകുമാർ മാറിനിന്നാൽ കൊച്ചി കോർപ്പറേഷൻ ഭരണം പ്രതിസന്ധിയിലാകും. എം സ്വരാജും അപ്രതീക്ഷിത സ്ഥാനാർത്ഥിയായി മാറാൻ ഇടയുണ്ട്. എന്നാൽ ജയം ഉറപ്പില്ലാത്ത സീറ്റിൽ സ്വരാജിനെ മത്സരിപ്പിക്കരുതെന്നാണ് നേതാക്കൾക്കിടയിലെ പൊതു വികാരം.

കെവി തോമസിന്റെ മകളേയും മകനേയും പരിഗണിക്കുന്നുണ്ട്. എന്നാൽ ഇവർ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരി്ക്കാൻ താൽപ്പര്യം കാട്ടുന്നില്ല. ഉമാ തോമസ് സ്ഥാനാർത്ഥിയായതോടെ ജയ സാധ്യത കുറഞ്ഞുവെന്നാണ് സിപിഎം വിലയിരുത്തൽ. അതുകൊണ്ടാണ് അരുൺകുമാറിലേക്ക് ചർച്ച എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിൽ ചികിൽസയിലാണ്. എന്നാലും ഇവരാകും സ്ഥാനാർത്ഥിയെ അന്തിമമായി നിശ്ചയിക്കുക.

തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെയും മന്ത്രി പി. രാജീവിന്റെയും സാന്നിധ്യത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ ചൊവ്വാഴ്ച കൂടിയാലോചിച്ച് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഏകദേശ ധാരണയിലെത്തി. ബുധനാഴ്ചത്തെ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലകമ്മിറ്റിയിലും ഈ പേര് ചർച്ചചെയ്യും. കാക്കനാട് സെപ്സിലെ തൊഴിലാളി യൂണിയൻ നേതാവായ അരുൺകുമാർ കെ- റെയിലുമായി ബന്ധപ്പെട്ട മാധ്യമചർച്ചകളിലൂടെ ജനശ്രദ്ധ നേടിയിരുന്നു. അവസാന നിമിഷം മറ്റു ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ അരുൺകുമാറിനെ ബുധനാഴ്ച സ്ഥാനാർത്ഥിയായി തീരുമാനിച്ചേക്കും.

എന്നാൽ കെവി തോമസിന്റെ നിലപാട് അറിഞ്ഞ് സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സാധ്യത ഏറെയാണ്. ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പള്ളി, ഡിവൈഎഫ്ഐ. നേതാവ് പ്രിൻസി കുര്യാക്കോസ്, ഡോ. കൊച്ചുറാണി ജോസഫ് തുടങ്ങിയവരുടെ പേരുകളും സിപിഎം. ചർച്ചയിലുണ്ടായിരുന്നു. കേരളാ കോൺഗ്രസുമായി ഏറെ അടുപ്പം കൊച്ചുറാണി ജോസഫിനുണ്ട്. എന്നാൽ തൃക്കാക്കരയിൽ മത്സരിക്കാൻ കൊച്ചുറാണിക്കും താൽപ്പര്യക്കുറവുണ്ട്. തൃക്കാക്കരയിൽ സഹതാപം വീശുമെന്നും ഉമ ജയിക്കുമെന്നുമുള്ള പൊതു ധാരണയുടെ അടിസ്ഥാനത്തിലാണ് കൊച്ചുറാണിയും പിന്മാറുന്നത്.

ജയിച്ചാൽ നിയമസഭയിൽ എൽ.ഡി.എഫിന് സെഞ്ച്വറി അടിക്കാമെന്നതാണ് സിപിഎമ്മിന് കൈവരുന്ന ഏറ്റവും വലിയ നേട്ടം. രൂപവത്കരണശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും യു.ഡി.എഫ് കൈവശം വെച്ച മണ്ഡലം പിടിച്ചെടുത്തു എന്നതിനെക്കാൾ മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന രാഷ്ട്രീയത്തിന് ലഭിക്കുന്ന മറ്റൊരു ജനകീയ അംഗീകാരം കൂടിയായി അത് മാറും. യു.ഡി.എഫിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നേരിടുന്ന വലിയ പരീക്ഷ കൂടിയാണിത്. അതിനാൽ ഭരണത്തിന്റെ എല്ലാ സൗകര്യവും എൽ.ഡി.എഫിന്റെ സംഘടനാ സംവിധാനവും തൃക്കാക്കരയിൽ കേന്ദ്രീകരിക്കും. അതുകൊണ്ട് തന്നെ പിടിക്കൊരു വോട്ട് എന്ന തന്ത്രമാകും പരീക്ഷിക്കുക.

അമേരിക്കയിൽ ചികിൽസയിലുള്ള പിണറായിയും കോടിയേരിയും മുതിർന്ന നേതാക്കളുമായി ഫോണിൽ ആശയവിനിമയം നടത്തി. ഇടതുമുന്നണി കൺവീനറായ ഇ.പി.ജയരാജനാണ് തൃക്കാക്കരയിലെ ഏകോപന ചുമതല. എന്ത് വില കൊടുത്തും തൃക്കാക്കരയിൽ ഇടത് ആധിപത്യം ഉറപ്പിക്കണമെന്നാണ് പിണറായിയുടെ നിർദ്ദേശം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജയിച്ചാൽ എൽഡിഎഫിന്റെ സീറ്റുകളുടെ എണ്ണം 100 ആകും. തൃക്കാക്കര കൂടി പിടിച്ചെടുത്ത് സെഞ്ചുറി തികയ്ക്കുകയാണ് പിണറായി വിജയന്റെ ലക്ഷ്യം.