- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടിയ്ക്കൊരു വോട്ട് പ്രതീക്ഷിച്ച് ഉമാ തോമസ്; കോൺഗ്രസ് കോട്ടയിൽ അട്ടിമറിക്ക് ഡോ ജോ ജോസഫ്; ബിജെപിയും ശുഭ പ്രതീക്ഷയിൽ; ഇടതു വലതു സ്ഥാനാർത്ഥികൾ വോട്ട് രേഖപ്പെടുത്തി; പ്രശ്നങ്ങളില്ലാതെ എങ്ങും നല്ല വോട്ടിങ്; തൃക്കാക്കര ജനവിധി രേഖപ്പെടുത്തി തുടങ്ങി; മഴ മാറി നിൽക്കുമെന്ന പ്രതീക്ഷയിൽ കണക്കുകൂട്ടലുകൾ
കൊച്ചി: തൃക്കാക്കര വിധി എഴുതി തുടങ്ങി. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് തുടങ്ങി. രാവിലെ മഴ മാറി നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയ തിരിക്കാണ് രാവിലെയുള്ളത്. കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസും ഇടതു സ്ഥാനാർത്ഥി ജോ ജോസഫും വോട്ടിട്ടു. ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് ഈ മണ്ഡലത്തിൽ വോട്ടില്ല. തൊട്ടടുത്ത മണ്ഡലത്തിലാണ് രാധാകൃഷ്ണന്റെ താമസം.
ഒരുമാസത്തെ തകർപ്പൻ പ്രചാരണത്തിന് ഒടുവിൽ, മണ്ഡലം പോളിങ് ബൂത്തിലേക്ക് എത്തുന്നത്. രണ്ടാം പിണറായി സർക്കാർ നേരിടുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. ജൂൺ മൂന്നിനാണു വോട്ടെണ്ണൽ. തികഞ്ഞ ജയ പ്രതീക്ഷയിലാണ് ഇടതു വലതു സ്ഥാനാർത്ഥികൾ. രണ്ടു സ്ഥാനാർത്ഥികളും പോസിറ്റീവ് പൊളിട്ടിക്‌സാണ് ചർച്ചയാക്കിയത്. ബിജെപിയും അട്ടിമറി പ്രതീക്ഷയുമായാണ് മുതിർന്ന നേതാവിനെ തന്നെ സ്ഥാനാർത്ഥിയാക്കിയത്. തൃക്കാക്കര കോൺഗ്രസിന്റെ കോട്ടയായാണ് കരുതുന്നത്. എന്നാൽ ഇത് തകർക്കുമെന്ന് ഇടതുപക്ഷം പറയുന്നു.
നിയമസഭയിൽ നൂറ് സീറ്റ് തികയ്ക്കുക എന്നതാണ് ഇടതുമുന്നണിയുടെ ലക്ഷ്യമെങ്കിൽ, ഉറച്ച കോട്ടയായ മണ്ഡലത്തിൽ പിടി തോമസിന്റെ പിന്തുടർച്ച ഉറപ്പാക്കാനാണ് യുഡിഎഫ് ശ്രമം. പിസി ജോർജിനെ രംഗത്തിറക്കിയാണ് എൻഡിഎ അവസാന റൗണ്ടിലെ പ്രചാരണം കൊഴുപ്പിച്ചത്. തൃക്കാക്കരയിൽ ഇനി താമരക്കാലമാണെന്നാണ് എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ പ്രതികരിച്ചത്. തൃക്കാക്കരയിൽ യു ഡി എഫ് കോട്ട തകരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോളിങ് തുടങ്ങുമ്പോൾ കോട്ടയ്ക്ക് ഇളക്കം തട്ടുമെന്നും. പോളിങ്ങ് തീരുമ്പോഴേക്കും കോട്ട തകരുമെന്നും എൽ ഡി എഫ് അട്ടിമറി വിജയം നേടുമെന്നും കോടിയേരി പറഞ്ഞു.
ഉമ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവർ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിൽ വികസന ചർച്ചകൾക്കായിരുന്നു മുൻതൂക്കമെങ്കിൽ പിന്നീട് അന്തരീക്ഷമാകെ രാഷ്ട്രീയ വാക്‌പോരിന്റെ കനലുകളെരിഞ്ഞു. സിൽവർലൈൻ ഉൾപ്പെടെയുള്ള വികസന പദ്ധതികൾ മുന്നോട്ടുവച്ച് പ്രചാരണത്തിനു തുടക്കമിട്ട എൽഡിഎഫ്, അപകടം മണത്ത് അൽപം വഴി മാറി. സിൽവർലൈൻ വിരുദ്ധ വികാരം സജീവമാക്കി നിർത്തിയും സ്വന്തം വികസന ചരിത്രം ഓർമിപ്പിച്ചുമായിരുന്നു യുഡിഎഫിന്റെ ബദൽ പ്രചാരണം. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം അടക്കം രാഷ്ട്രീയ ആയുധങ്ങളായി മാറി.
പോരിന്റെ മൂർധന്യത്തിൽ വിദ്വേഷ രാഷ്ട്രീയം പുറത്തുവന്നതും സ്ഥാനാർത്ഥിക്കെതിരെ വ്യാജ വിഡിയോ പ്രചാരണം നടന്നതും പതിവില്ലാത്ത കാഴ്ചകളായി. വിഡിയോ പ്രചരിപ്പിച്ചവരിൽ ചിലരെ പിടികൂടിയെങ്കിലും അതിനു തുടക്കമിട്ടവരെ കണ്ടെത്താത്തതും ചർച്ചയായി. പി.സി.ജോർജിന്റെ പ്രസംഗങ്ങളും അറസ്റ്റും നാടകമെന്നു യുഡിഎഫ് ആക്ഷേപിച്ചപ്പോൾ സർക്കാരിന്റെ ഉറച്ച നിലപാടിന്റെ തെളിവായി വ്യാഖ്യാനിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. ന്യൂനപക്ഷ വോട്ടുകളിൽ കണ്ണുവച്ചുള്ള കള്ളക്കളിയെന്നാണ് അറസ്റ്റിനെ എൻഡിഎ വിശേഷിപ്പിച്ചത്.
മന്ത്രിമാരുടെ നേതൃത്വത്തിൽ സമുദായ അടിസ്ഥാനത്തിൽ വീടുകയറി പ്രചാരണം നടത്തുന്നുവെന്ന ആരോപണം യുഡിഎഫ് ഉയർത്തി. മന്ത്രിമാർ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ടു നേടാൻ ശ്രമിക്കുന്നുവെന്നും ആരോപണമുയർന്നു. പരാജയഭീതിയിൽനിന്നാണ് ഇത്തരം ആക്ഷേപങ്ങളെന്നു ഭരണപക്ഷം തിരിച്ചടിച്ചു. പി.ടി.തോമസിന്റെ വിയോഗത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമയ്ക്കു സീറ്റ് നിലനിർത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. യുഡിഎഫിനു കിട്ടാറുള്ള വോട്ടുകൾ ചിതറിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനെ നയിക്കുന്നത്. എൽഡിഎഫിനും യുഡിഎഫിനും അനായാസം കീഴടങ്ങില്ലെന്ന മുന്നറിയിപ്പാണ് എൻഡിഎയുടേത്.
1,96805 വോട്ടർമാരാണ് വിധി നിർണയിക്കുക. 3633 പേർ നവാഗത വോട്ടർമാരാണ്. 95274 പുരുഷന്മാരും 1,01530 സ്ത്രീകളും ഒരു ട്രാൻസ്ജൻഡർ വോട്ടറുമാണ് മണ്ഡലത്തിലുള്ളത്. മെയ് 31 ന് രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടിങ് സമയം. 3 മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ ആകെ 8 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു.
മണ്ഡലത്തിൽ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോയില്ല. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും ബൂത്തുകൾ ഒരുക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ 22 വാർഡുകളും തൃക്കാക്കര നഗരസഭയും ഉൾക്കൊള്ളുന്നതാണ് മണ്ഡലം.
മറുനാടന് മലയാളി ബ്യൂറോ