- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർലൈനും വ്യാജ വിഡിയോയും വിദ്വേഷ മുദ്രാവാക്യവും; രാഷ്ട്രീയ വിവാദങ്ങളിൽ പടർന്ന പ്രചാരണച്ചൂട്; തൃക്കാക്കരയെ ഇളക്കിമറിച്ച് കൊട്ടിക്കലാശവും; ഇനി നിശബ്ദ വോട്ടുതേടൽ; ആവേശത്തിൽ പ്രവർത്തകർ; വിജയ പ്രതീക്ഷയിൽ മുന്നണികൾ; നിർണായകം ട്വന്റി 20യുടെ വോട്ടുകൾ; വിധിയെഴുത്ത് ചൊവ്വാഴ്ച
കൊച്ചി: വികസന വിഷയത്തിൽ തുടങ്ങി വ്യാജ വീഡിയോയും വിദ്വേഷ മുദ്രാവാക്യവും രാഷ്ട്രീയ ആയുധങ്ങളായി തീക്കാറ്റ് സൃഷ്ടിച്ച തൃക്കാക്കരയിൽ പരസ്യ പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. ഇനി നിശബ്ദ വോട്ടുതേടൽ. രണ്ടാം പിണറായി സർക്കാർ നേരിടുന്ന ആദ്യ ഉപതിരഞ്ഞെടുപ്പിനായി മണ്ഡലം ചൊവ്വാഴ്ച പോളിങ് ബൂത്തിലെത്തും. ജൂൺ മൂന്നിനാണു വോട്ടെണ്ണൽ.
ഞായറാഴ്ച വൈകുന്നേരം ആറ് മണി വരെയായിരുന്നു പരസ്യപ്രചാരണത്തിനുള്ള സമയം. അവസാന മണിക്കൂറുകളിൽ അത്യാവേശത്തിലായിരുന്നു മുന്നണി പ്രവർത്തകരും സ്ഥാനാർത്ഥികളും കലാശക്കൊട്ടിൽ നിറഞ്ഞത്. എട്ട് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളെല്ലാം തൃക്കാക്കരയിൽ എത്തിയിരുന്നു.
മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലായതിനാൽ കലാശക്കൊട്ടിന് പതിവിലേറെ ആവേശം പകർന്നു. കലാശക്കൊട്ടിനായി സ്ഥാനാർത്ഥികളും നേതാക്കളും അണികളും പാലാരിവട്ടത്താണ് എത്തിയത്.
ഉമ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവർ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിൽ വികസന ചർച്ചകൾക്കായിരുന്നു മുൻതൂക്കമെങ്കിൽ പിന്നീട് അന്തരീക്ഷമാകെ രാഷ്ട്രീയ വാക്പോരിന്റെ കനലുകളെരിഞ്ഞു.
സ്ഥാനാർത്ഥികളുടെ റോഡ് ഷോയിൽ നൂറുകണക്കിനുപേർ അണിനിരന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് അവസാന റൗണ്ടിലും പ്രചാരണം കൊഴുപ്പിച്ച് വോട്ടുറപ്പിക്കുകയായിരുന്നു സ്ഥാനാർത്ഥികൾ. വലിയ ആത്മവിശ്വാസത്തിലാണ് മുന്നണി സ്ഥാനാർത്ഥികൾ പരസ്യപ്രചാരണം അവസാനിപ്പിച്ചത്.
നിയമസഭയിൽ നൂറ് സീറ്റ് തികയ്ക്കുക എന്ന ലക്ഷ്യത്തിലാണ് എൽഡിഎഫ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ മണ്ഡലത്തിൽ പ്രചാരണത്തിന് നേരിട്ടെത്തിയിട്ടുണ്ട്. ഉറച്ച കോട്ടയായ മണ്ഡലത്തിൽ പിടി തോമസിന്റെ പിന്തുടർച്ച ഉറപ്പാക്കാനാണ് യുഡിഎഫ് ശ്രമം. സിനിമാതാരം രമേഷ് പിഷാരടി ഉൾപ്പെടെയുള്ളവർ ഉമാ തോമസിനൊപ്പം അവസാനഘട്ട പ്രചാരണത്തിനെത്തിയിരുന്നു.
പിസി ജോർജിനെ രംഗത്തിറക്കിയാണ് എൻഡിഎ അവസാന ലാപ്പിലെ പ്രചാരണം കൊഴുപ്പിച്ചത്. തൃക്കാക്കരയിൽ ഇനി താമരക്കാലമാണെന്നാണ് എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ പ്രതികരിച്ചത്.
സിൽവർലൈൻ ഉൾപ്പെടെയുള്ള വികസന പദ്ധതികൾ മുന്നോട്ടുവച്ച് പ്രചാരണത്തിനു തുടക്കമിട്ട എൽഡിഎഫ്, അപകടം മണത്ത് അൽപം വഴി മാറി. സിൽവർലൈൻ വിരുദ്ധ വികാരം സജീവമാക്കി നിർത്തിയും സ്വന്തം വികസന ചരിത്രം ഓർമിപ്പിച്ചുമായിരുന്നു യുഡിഎഫിന്റെ ബദൽ പ്രചാരണം. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം അടക്കം രാഷ്ട്രീയ ആയുധങ്ങളായി മാറി.
പോരിന്റെ മൂർധന്യത്തിൽ വിദ്വേഷ രാഷ്ട്രീയം പുറത്തുവന്നതും സ്ഥാനാർത്ഥിക്കെതിരെ വ്യാജ വിഡിയോ പ്രചാരണം നടന്നതും പതിവില്ലാത്ത കാഴ്ചകളായി. വിഡിയോ പ്രചരിപ്പിച്ചവരിൽ ചിലരെ പിടികൂടിയെങ്കിലും അതിനു തുടക്കമിട്ടവരെ കണ്ടെത്താത്തതും ചർച്ചയായി.
പി.സി.ജോർജിന്റെ പ്രസംഗങ്ങളും അറസ്റ്റും നാടകമെന്നു യുഡിഎഫ് ആക്ഷേപിച്ചപ്പോൾ സർക്കാരിന്റെ ഉറച്ച നിലപാടിന്റെ തെളിവായി വ്യാഖ്യാനിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. ന്യൂനപക്ഷ വോട്ടുകളിൽ കണ്ണുവച്ചുള്ള കള്ളക്കളിയെന്നാണ് അറസ്റ്റിനെ എൻഡിഎ വിശേഷിപ്പിച്ചത്.
മന്ത്രിമാരുടെ നേതൃത്വത്തിൽ സമുദായ അടിസ്ഥാനത്തിൽ വീടുകയറി പ്രചാരണം നടത്തുന്നുവെന്ന ആരോപണം യുഡിഎഫ് ഉയർത്തി. മന്ത്രിമാർ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ടു നേടാൻ ശ്രമിക്കുന്നുവെന്നും ആരോപണമുയർന്നു. പരാജയഭീതിയിൽനിന്നാണ് ഇത്തരം ആക്ഷേപങ്ങളെന്നു ഭരണപക്ഷം തിരിച്ചടിച്ചു.
പി.ടി.തോമസിന്റെ വിയോഗത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമയ്ക്കു സീറ്റ് നിലനിർത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. യുഡിഎഫിനു കിട്ടാറുള്ള വോട്ടുകൾ ചിതറിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനെ നയിക്കുന്നത്. എൽഡിഎഫിനും യുഡിഎഫിനും അനായാസം കീഴടങ്ങില്ലെന്ന മുന്നറിയിപ്പാണ് എൻഡിഎയുടേത്.
മറുനാടന് മലയാളി ബ്യൂറോ