- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വരാജിനെ മത്സരിപ്പിക്കില്ല; ജിസിഡിഎ പദവി ചന്ദ്രൻപിള്ള ഏറ്റെടുക്കാത്തത് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനോ? സ്വതന്ത്രന്മാർക്ക് വേണ്ടിയും അന്വേഷണങ്ങൾ; തൃക്കാക്കരയിൽ അന്തിമ തീരുമാനം അമേരിക്കയിൽ നിന്ന് പിണറായി മടങ്ങിയെത്തിയ ശേഷം; സംസ്ഥാന സമ്മേളനത്തിനൊപ്പം എറണാകുളം സിപിഎമ്മിൽ തൃക്കാക്കര സ്ഥാനാർത്ഥി ചർച്ചയും
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥിയിൽ സർവ്വത്ര അനിശ്ചിതത്വം. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിൽസ കഴിഞ്ഞു തിരിച്ചു വന്നശേഷമേ ഇനി സ്ഥാനാർത്ഥി ചർച്ചകൾ ഉണ്ടാകൂ. ആർക്കും തൃക്കാക്കരയിൽ മത്സരിക്കാൻ വലിയ താൽപ്പര്യമില്ല. അതിനിടെ ജിസിഡിഎ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ ചന്ദ്രൻപിള്ള മടിക്കുന്നതും ചർച്ചയ്ക്ക് പുതുമാനം നൽകുന്നു. തൃക്കാക്കരയിൽ മത്സരിക്കാൻ വേണ്ടിയാണോ ചന്ദ്രൻപിള്ളയുടെ നീക്കമെന്ന ചർച്ച സജീവമാണ്. ചന്ദ്രൻപിള്ള ആഗ്രഹം പ്രകടിപ്പിച്ചാൽ ചന്ദ്രൻപിള്ള തന്നെയാകും തൃക്കാക്കരയിലെ സ്ഥാനാർത്ഥി.
സിപിഎമ്മിന് വലിയ പ്രതീക്ഷയില്ലാത്ത മണ്ഡലമാണ് തൃക്കാക്കര. പിടി തോമസിനെതിരെ ആദ്യം മത്സരിച്ചത് സെബാസ്റ്റ്യൻ പോളാണ്. പിന്നീട് ഡോ ജേക്കബും. ഇടതു തരംഗം ആഞ്ഞടിച്ചിട്ടും കോൺഗ്രസിലെ ഗ്രൂപ്പ് പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും തൃക്കാക്കരയിൽ അട്ടിമറിയുണ്ടായില്ല. അതുകൊണ്ടു തന്നെ സ്വന്തം ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ നിർത്താൻ സിപിഎം ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. കഴിഞ്ഞ തവണ മത്സരിച്ച ഡോ ജേക്കബിന് താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹത്തെ തന്നെ സ്ഥാനാർത്ഥിയാക്കും. ഇത്തവണ സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്താണ്. അതുകൊണ്ട് തന്നെ സംഘടനാ സംവിധാനം തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ തിരക്കിലാണ്. എറണാകുളത്ത് മാർച്ച് ഒന്നുമുതൽ നാലുവരെയാണ് സംസ്ഥാന സമ്മേളനം.
അതിന് ശേഷം മാത്രമേ തെരഞ്ഞടുപ്പ് നടക്കൂവെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. അതുകൊണ്ട് തന്നെ സംഘടനാപരമായ ഉണർവ്വുണ്ടാകും. ഇത് വോട്ടു കൂട്ടുമെന്നും പ്രതീക്ഷയുണ്ട്. എന്തുവന്നാലും എം സ്വരാജ് തൃക്കാക്കരയിൽ മത്സരിക്കില്ലെന്നാണ് സൂചന. ഡി വൈ എഫ് ഐ നേതാവ് എഎ റഹിമിന്റെ പേരും ആലോചനകളിലുണ്ടായിരുന്നു. റഹിമിനേയും മത്സരിപ്പിക്കേണ്ടതില്ലെന്ന ഏകദേശ ധാരണ സിപിഎമ്മിൽ ഉണ്ടായി കഴിഞ്ഞു. ശക്തമായ പിടി തോമസ് വികാരം തൃക്കാക്കരയിൽ ആഞ്ഞെടിക്കുമെന്നാണ് സിപിഎമ്മും വിലയിരുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് ചികിൽസ കഴിഞ്ഞ് മടങ്ങിയെത്തിയാൽ ഉടൻ സ്ഥാനാർത്ഥിയിൽ ഏകദേശ ധാരണ ഉണ്ടാക്കും.
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിനുള്ള പ്രാരംഭഘട്ട ചർച്ചകൾ ആരംഭിച്ച് കോൺഗ്രസ് മുന്നോട്ട് നീങ്ങി കഴിഞ്ഞു പി ടി തോമസിന് ഉചിതമായ പിൻഗാമിയുണ്ടാകുമെന്ന് ബെന്നി ബഹനാൻ പറയുന്നു. തൃക്കാക്കരയിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിന് ഏൽക്കുന്ന ആദ്യ പ്രഹരമാകും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിധിയെന്നാണ് കോൺഗ്രസ് പറയുന്നത്. ചിലപേരുകൾ ഉയർന്നു കേൾക്കുന്നു എന്നതിനപ്പുറത്തേക്ക് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് ഇരു മുന്നണികളും കടന്നിട്ടില്ല. ഉമാ തോമസ്, ടോണി ചമ്മണി, ദീപ്തി മേരി വർഗീസ്, ഡൊമിനിക് പ്രസന്റേഷൻ, വി.ടി ബൽറാം എന്നിവരുടെ പേരുകളാണ് കോൺഗ്രസ് ക്യാമ്പുകളിൽ നിന്നും ഉയർന്നു കേൾക്കുന്നത്.
പി.ടി തോമസിന്റെ സംസ്കാര ചടങ്ങുകൾക്കു ശേഷം അദ്ദേഹത്തിന്റെ ചില അടുത്ത സുഹൃത്തുക്കൾ പ്രധാനപ്പെട്ട നേതാക്കളോട് ഉമയെ സ്ഥാനാർത്ഥിയാക്കുന്നത് ഉചിതമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇങ്ങനെ ചർച്ചകൾ നടന്നു എന്നതല്ലാതെ തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. ഉമാ തോമസും ഇത് സംബന്ധിച്ച അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. കോൺഗ്രസിനെ സംബന്ധിച്ച് സുരക്ഷിതമായ സീറ്റായാണ് തൃക്കാക്കര വിലയിരുത്തപ്പെടുന്നത്. അതിനാൽ തന്നെ മത്സരിക്കാൻ എറണാകുളത്തെ പല പ്രമുഖ നേതാക്കളും താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
അവസാന നാളുകളിൽ പി.ടി എ ഗ്രൂപ്പുകാരൻ ആയിരുന്നില്ലെങ്കിൽ പോലും എ ഗ്രൂപ്പിന്റെ സീറ്റായാണ് തൃക്കാക്കരയെ കണക്കാക്കുന്നത്. എന്നതിനാൽ തന്നെ, എ ഗ്രൂപ്പിൽ നിന്നുള്ള നേതാക്കളും സീറ്റിൽ കണ്ണുവച്ചിട്ടുണ്ട്. പിടിയുടെ ഭാര്യയായ ഉമയെ പിന്തുണയ്ക്കുന്നവരാണ് കോൺഗ്രസ് നേതാക്കളിൽ ഏറെയും.
മറുനാടന് മലയാളി ബ്യൂറോ