- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കാക്കരയിലെ ഓരോ വീടും അരിച്ചു പെറുക്കി ഇടതിന്റെ പ്രചരണം; അടുക്കും ചിട്ടയുമായി കേഡർ സ്റ്റൈലിൽ തെരഞ്ഞെടുപ്പു പ്രവർത്തനം; മന്ത്രിമാർ വീട്ടിലെത്തി വോട്ടു ചോദിക്കുന്നത് കണ്ട് അന്തംവിട്ട് നാട്ടുകാർ; യുഡിഎഫും ബൂത്തുകൾ കേന്ദ്രീകരിച്ചു പ്രവർത്തനത്തിൽ; സംഗതി കളറാക്കാൻ എ കെ ആന്റണിയുമെത്തും
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. 31ന് പോളിങ് ബൂത്തിലേക്ക് ആളുകൾ എത്തുമ്പോഴേക്കും വോട്ടുകൾ ഉറപ്പിക്കാനാണ് മുന്നണി നേതാക്കളുടെ നീക്കം. ഇതിനായി പ്രചരണം കൂടുതൽ ഊർജ്ജിതമാക്കുന്നു മുന്നണികൾ. സർവ്വ ആയുധങ്ങളും പുറത്തെടുത്താണ് പ്രചരണം ഊർജ്ജിതമാക്കുന്നത്. പ്രചരണത്തിന്റെ കാര്യത്തിൽ ഇടതു മുന്നണിയാണ് മുന്നിൽ. കാരണം ഒരു സർക്കാർ സംവിധാനം മുഴുവൻ മണ്ഡലത്തിൽ കേന്ദ്രീകരിക്കുന്നു. മന്ത്രിമാർ വീടുകയറി വോട്ടു ചോദിക്കുന്നതു കണ്ട് അന്തംവിട്ടിരിക്കയാണ് തൃക്കാക്കരക്കാർ.
സംസ്ഥാന ഭരണത്തെ ഒരു വിധത്തിലും ബാധിക്കാനിടയില്ലെങ്കിലും ഉപതിരഞ്ഞെടുപ്പിനെ അഭിമാനപ്പോരാട്ടമായാണു ഭരണ, പ്രതിപക്ഷ മുന്നണികൾ ഏറ്റെടുത്തത്. വോട്ടെടുപ്പിന് ഇനി 5 നാൾ മാത്രമാണുള്ളത്. യുഡിഎഫ് എൽഡിഎഫ് നേതാക്കൾ തമ്മിലുള്ള വാക്‌പോരിൽ തുടങ്ങിയ പ്രചാരണ യുദ്ധം ഇപ്പോൾ 'ഫീൽഡിലും' പടർന്നു കഴിഞ്ഞു. മുക്കിലും മൂലയിലും ഉന്നത നേതാക്കളുടെ സാന്നിധ്യം. കോളിങ് ബെൽ ശബ്ദം കേട്ടു വീടിന്റെയോ ഫ്‌ളാറ്റിന്റെയോ വാതിൽ തുറക്കുന്ന വോട്ടർമാർക്കു മുന്നിൽ ചിരിയോടെ നിൽക്കുന്നതു മന്ത്രിമാരോ പ്രതിപക്ഷ നേതാവോ കെപിസിസി അധ്യക്ഷനോ സിപിഎം പൊളിറ്റ്ബ്യൂറോ അംഗമോ ഒക്കെ ആകാം.
കുടുംബ സംഗമങ്ങളിൽ സ്വന്തം സ്ഥാനാർത്ഥികൾക്കായി വോട്ടു തേടിയെത്തുന്നതു മന്ത്രിമാരും എംപിമാരും എംഎൽഎമാരുമൊക്കെയടങ്ങുന്ന വലിയ നിരയാണ്. എൻഡിഎയും മുതിർന്ന നേതാക്കളെത്തന്നെ രംഗത്തിറക്കിയിട്ടുണ്ട്. എൽഡിഎഫിനായി മുഖ്യമന്ത്രിയും മന്ത്രിപ്പടയുമാണ് രംഗത്തുള്ളത്.
ദിവസങ്ങൾക്കു മുൻപേ ഭവന സന്ദർശനത്തിനായി മന്ത്രിപ്പടയെ രംഗത്തിറക്കിയ എൽഡിഎഫിന്റെ പ്രചാരണം ഇന്നലെയും നയിച്ചതു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. ഏതാനും ദിവസങ്ങൾക്കിടെ, മുഖ്യമന്ത്രി പങ്കെടുത്ത 3 പൊതുസമ്മേളനങ്ങളാണു നടന്നത്. ഇന്നലെ കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സിനു സമീപമായിരുന്നു അദ്ദേഹത്തിന്റെ പൊതുപരിപാടി.
മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, എം വിഗോവിന്ദൻ, സജി ചെറിയാൻ, മുഹമ്മദ് റിയാസ്, വീണാ ജോർജ്, വി.എൻ.വാസവൻ, വി.അബ്ദുറഹിമാൻ, എംപിമാരായ എളമരം കരീം, എ.എം.ആരിഫ്, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, കെ.ബി.ഗണേശ് കുമാർ എംഎൽഎ തുടങ്ങിയവർ ഡോ.ജോ ജോസഫിനായി പ്രചാരണ രംഗത്തുണ്ടായിരുന്നു. വ്യത്യസ്തമായ പ്രചാരണ പരിപാടികളും എൽഡിഎഫ് അവതരിപ്പിച്ചു. രാത്രി വൈകി പാലച്ചുവട് ടർഫ് ഗ്രൗണ്ടിൽ എൽഡിഎഫ് എംഎൽഎമാർ പങ്കെടുത്ത ഫുട്‌ബോൾ മത്സരമായിരുന്നു പ്രധാന കൗതുകം.
യുഡിഎഫ് നേതാക്കളും ബൂത്തുകൾ കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഒരു ദിവസം കൊണ്ടു തൃക്കാക്കര ഇളക്കി മറിക്കും വിധമായിരുന്നു ഇന്നലെ യുഡിഎഫ് പ്രചാരണം. 164 ബൂത്തുകളിലും ഉന്നത നേതാക്കളെത്തി. ഓരോ ബൂത്തിന്റെയും ചുമതല പ്രമുഖ നേതാക്കൾക്കു നൽകിയാണു വോട്ടു തേടിയത്. ആ ബൂത്ത് പരിധിയിലെ വീടുകൾ കയറുന്നത് ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ചുമതല ആ നേതാവിന്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, കെപിസിസി പ്രചാരണ സമിതി അധ്യക്ഷൻ കെ.മുരളീധരൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.സിദ്ദിഖ്, എംപിമാരായ ബെന്നി ബഹനാൻ, എൻ.കെ.പ്രേമചന്ദ്രൻ, ഹൈബി ഈഡൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ടി.എൻ.പ്രതാപൻ, വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ആന്റോ ആന്റണി, ജെബി മേത്തർ, ഘടകകക്ഷി നേതാക്കളായ പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, ജി.ദേവരാജൻ, സി.പി.ജോൺ, മാണി സി.കാപ്പൻ, എഐസിസി പ്രതിനിധികളായ വിശ്വനാഥ് പെരുമാൾ, ദീപിക ഷെഖാവത്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, മുൻ എംപിമാർ, മുൻ എംഎൽഎമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉമ തോമസിനു വോട്ടഭ്യർഥിച്ചു വീടുകൾ സന്ദർശിച്ചത്.
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി ഇന്നു തൃക്കാക്കരയിലെത്തുമ്പോൾ പ്രചരണം കൂടുതൽ ഊർജ്ജിതമാകും. രാവിലെ 11ന് മാധ്യമങ്ങളെ കാണുന്ന ആന്റണി വൈകിട്ട് തൃക്കാക്കരയിലും വെണ്ണലയിലും പൊതുയോഗങ്ങളിൽ പ്രസംഗിക്കും.
അതേസമയം എൻഡിഎ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണനു വേണ്ടി ഇന്നലെ പ്രചാരണം നയിച്ചതു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനായിരുന്നു. അഖിലേന്ത്യാ സെക്രട്ടറി അരവിന്ദ് മേനോനും ഇന്നലെ രംഗത്തുണ്ടായിരുന്നു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി, ദേശീയ നിർവാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, സി.കെ. പത്മനാഭൻ, സംസ്ഥാന ഭാരവാഹികളായ ശോഭാ സുരേന്ദ്രൻ, ജോർജ് കുര്യൻ, എസ്.സുരേഷ്, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരും പ്രചാരണത്തിലെ പ്രമുഖരായി.
മറുനാടന് മലയാളി ബ്യൂറോ