- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാബിന്റെയും സിറാജിന്റെയും മൊഴിയിൽ തെളിയുന്നത് മോളിവുഡ് ബന്ധം; വിദേശത്ത് ഒളിവിലുള്ള വാങ്കും ചാർമിനാറും എടുത്ത നിർമ്മാതാവിനെ പൊക്കാൻ ഇന്റർപോൾ; ബിനീഷ് കേസിൽ കോടിയേരിക്കായി പ്രതിരോധം തീർത്തവർ തൃക്കാക്കരയിൽ സമരത്തിന്; നെടുമ്പാശേരി സ്വർണ്ണക്കടത്തിലും ചർച്ച സിനിമയും രാഷ്ട്രീയവും
കൊച്ചി: ഇറച്ചിവെട്ടുന്ന യന്ത്രത്തിന്റെ മറവിൽ സ്വർണം കടത്തിയ കേസിൽ പിടിയിലായ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ ഷാബിനെയും കള്ളക്കടത്തിൽ പങ്കാളിയായ തുരുത്തുമ്മേൽ സിറാജിനെയും ചോദ്യം ചെയ്തതിലൂടെ തെളിയുന്നത് സ്വർണ്ണക്കടത്തിന് പിന്നിലെ കൂടുതൽ സിനിമാ ബന്ധങ്ങൾ. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഇവരെ വിശദമായ ചോദ്യം ചെയ്തുവരികയാണ്.
സ്വർണം അയച്ച സിനിമാ നിർമ്മാതാവ് കെ.പി. സിറാജുദ്ദീൻ വിദേശത്ത് ഒളിവിലാണെന്നാണ് വിവരം. പ്രതികൾ മുൻപും വലിയ യന്ത്രങ്ങളുടെ മറവിൽ സ്വർണം കടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു. ഇതിന്റെ ഭാഗമായി ബംഗളൂരു മുംബൈ വിമാനത്താവളങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
സിനിമാ നിർമ്മാതാവ് സിറാജുദ്ദീൻ, എറണാകുളം സ്വദേശി തുരുത്തുമ്മേൽ സിറാജ് , തൃക്കാക്കര സ്വദേശി ഷാബിൻ എന്നിവർ ചേർന്നാണ് സ്വർണം കടത്തിയത്. മൂന്ന് പേരും ചേർന്നാണ് സ്വർണക്കടത്തിന് പണം മുടക്കിയത്. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകനാണ് ഷാബിൻ. ഇയാൾ നഗരസഭയിലെ കരാറുകാരനാണ്. ഇതുവഴി കിട്ടിയ പണവും വിദേശത്ത് സ്വർണം വാങ്ങാനായി ഉപയോഗിച്ചു എന്നാണ് കണ്ടെത്തൽ.
തുരുത്തുമ്മേൽ സിറാജിന്റെ പേരിലുള്ള കൊച്ചിയിലെ സ്ഥാപനത്തിന്റെ പേരിലാണ് സ്വർണം എത്തിയത്. സിനിമാ നിർമ്മാതാവായ മറ്റൊരു പ്രതി സിറാജുദ്ദീൻ നിലവിൽ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കസ്റ്റംസ് തുടങ്ങി. അടിയന്തരമായി ഹാജരാകണമെന്ന് ഇയാളുടെ കൊച്ചിയിലെ വീട്ടിലും നോട്ടീസ് നൽകിയിട്ടുണ്ട്.
സിനിമാ നിർമ്മാതാവായ സിറാജ്ജുദ്ദിന്റെ വീട്ടിൽ കസ്റ്റംസ് പ്രിവന്റീവ് സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. വാങ്ക്, ചാർമിനാർ സിനിമകളുടെ നിർമ്മാതാവാണ് സിറാജുദ്ദീൻ. തുരുത്തുമ്മേൽ എന്റർപ്രൈസിന്റെ പേരിൽ നേരത്തെയും ഇത്തരത്തിൽ കാർഗോ എത്തിയിട്ടുണ്ട്. തുരുത്തുമ്മേൽ എന്റർ പ്രൈസസിന്റെ പേരിലാണ് ഇറച്ചി മുറിക്കുന്ന യന്ത്രം എത്തിച്ചത്. കമ്പനിയിലെ നാല് ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. തുടർന്നാണ് ഇബ്രാഹിം കുട്ടിയുടെ വീട് പരിശോധിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഷാബിൻ ഉൾപ്പെട്ട സംഘത്തിന്റെ സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. ഇറച്ചിവെട്ടുന്ന യന്ത്രത്തിന്റെ മറവിൽ സ്വർണം കടത്തുന്നു എന്ന വിവരത്തെതുടർന്നാണ് കസ്റ്റംസ് യന്ത്രം പരിശോധിച്ചത്. തുടർന്ന് സ്വർണം കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സ്വർണം വാങ്ങാനെത്തിയ നകുൽ എന്നയാളെ കസ്റ്റംസ് നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായ പരിശോധനയിൽ ഷാബിന്റെ പങ്ക് കസ്റ്റംസ് കണ്ടെത്തുകയും തൃക്കാക്കര നഗരസഭ വൈസ് ചെയർമാനായ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ പരിശോധന നടത്തുകയും ഷാബിന്റെ പാസ്പോർട്ട് ലാപ്ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവ പരിശോധിച്ചതിൽ നിന്നാണ് ഷാബിൻ വലിയൊരു സ്വർണക്കടത്തിന്റെ കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയത്. നേരത്തേയും ഇതുപോലെ ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ ഇറച്ചിവെട്ട് യന്ത്രം അടക്കമുള്ളവ ഷാബിനും മറ്റു കക്ഷികളും ഇറക്കുമതി ചെയ്തിരുന്നതായാണ് വിവരം.
കേസിലെ പ്രധാനപ്രതിയും സിനിമാ നിർമ്മാതാവുമായ കെ പി സിറാജുദ്ദീനാണ് ഷാബിന് വേണ്ടി സ്വർണം അയച്ചു കൊടുക്കുന്നെന്നാണ് വിവരം. സിറാജുദ്ദീൻ നിലവിൽ വിദേശത്ത് ഒളിവിലാണെന്നാണ് റിപ്പോർട്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തൃക്കാക്കര 'തുരുത്തേൽ എന്റർപ്രൈസസി'ന്റെ പേരിലെത്തിയ ഇറച്ചി അരിയൽ യന്ത്രത്തിൽ നിന്നാണ് രണ്ടേകാൽ കിലോ സ്വർണം കസ്റ്റംസ് പിടിച്ചത്. ദുബായിൽ നിന്ന് കാർഗോ വിമാനത്തിലാണ് യന്ത്രം നെടുമ്പാശ്ശേരിയിൽ എത്തിയത്. പാഴ്സൽ ഏറ്റെടുക്കാൻ വാഹനവുമായി എത്തിയ കാക്കനാട് സ്വദേശി നകുലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തതിൽ നിന്നാണ് ഷാബിന്റെയും സിറാജുദ്ദീന്മാരുടെയും പങ്കാളിത്തം വ്യക്തമായതെന്ന് കസ്റ്റംസ് പറയുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ, എ.എ. ഇബ്രാഹിംകുട്ടി ബുധനാഴ്ച കൊച്ചി കസ്റ്റംസ് ഓഫീസിൽ ചോദ്യംചെയ്യലിന് രാവിലെ ഹാജരായിരുന്നു. ഉച്ചയ്ക്ക് ഒന്നരവരെ ചോദ്യംചെയ്യൽ നീണ്ടു. തനിക്കോ മകനോ സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് അദ്ദേഹം കസ്റ്റംസിന് മുന്നിൽ ആവർത്തിച്ചു. ആവശ്യമെങ്കിൽ വീണ്ടും അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന.
ഇറച്ചിവെട്ട് യന്ത്രത്തിന്റെ മറവിൽ ദുബായിൽ നിന്ന് കൊച്ചയിലേക്കു സ്വർണം കടത്തിയത് ഷാബിനുവേണ്ടി തന്നെയാണെന്ന നിഗമനത്തിലാണു കസ്റ്റംസ്. സ്വർണമടങ്ങിയ പാർസൽ സ്വീകരിക്കാനെത്തി അറസ്റ്റിലായ നകുലിനെ ചോദ്യം ചെയ്തു കൂടുതൽ ആളുകൾ കള്ളക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ഷാബിനും സിറാജുദ്ദിനും ചേർന്നാണ് തൃക്കാക്കര നഗരസഭയിലെ കോൺട്രാക്ട് ജോലികളേറെയും ചെയ്തിരുന്നത്. വൈസ് ചെയർമാന്റെ വഴിവിട്ട ഇടപെടലിലൂടെയാണ് ഇതു സാധിച്ചതെന്ന് ആരോപിക്കുന്ന പ്രതിപക്ഷം വിജിലൻസ് അന്വേഷണമെന്ന ആവശ്യമാണു മുന്നോട്ട് വയ്ക്കുന്നത്. പരാതിയുമായി ഇടതു കൗൺസിലർമാർ ഉടൻ വിജിലൻസിനെ സമീപിക്കും.
അതേസമയം, തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ സ്വർണക്കടത്ത് ആയുധമാക്കാൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവായ നഗരസഭ വൈസ് ചെയർമാനെതിരെ ഉയർന്ന സ്വർണക്കടത്ത് ആരോപണം കത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എ എ ഇബ്രാഹിംകുട്ടിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിപക്ഷ കൗൺസിലർമാർ ഇന്നും പ്രതിഷേധം തുടരും. എന്നാൽ ബിനീഷ് കോടിയേരി ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അടക്കം കോടിയേരി ബാലകൃഷ്ണനെ പ്രതിരോധിച്ചവർ തൃക്കാക്കരയിൽ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സമരത്തിന് ഇറങ്ങുന്നതിൽ ആക്ഷേപം ഉയർന്നിട്ടുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രിയാണ് ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പിടികൂടിയത്. ദുബായിൽ നിന്ന് കാർഗോ വിമാനത്തിലെത്തിയ രണ്ടേകാൽ കിലോ സ്വർണ്ണമാണ് കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ