- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമയെത്തിയത് സൈക്കിൾ റിക്ഷയിൽ; പ്രകടനമായി നേതാക്കൾക്ക് ഒപ്പം ജോ ജോസഫും; തൃക്കാക്കരയിൽ യുഡിഎഫ്- എൽഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു; ട്വന്റി-20 വോട്ട് നിർണായകം; പ്രചാരണത്തിന് ചൂടേറുന്നു
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞതിന് പിന്നാലെ ഇടതു - വലതു മുന്നണി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫാണ് ആദ്യം നാമനിർദേശ പ്രതിക നൽകിയത്.
മന്ത്രി പി.രാജീവ്, ജോസ് കെ.മാണി, എം.സ്വരാജ് എന്നിവർക്കൊപ്പം പ്രകടനമായി കളക്ടറേറ്റിൽ എത്തിയാണ് ഇടതു സ്ഥാനാർത്ഥി വരണാധികാരിക്ക് നാമനിർദേശ പത്രിക കൈമാറിയത്. മൂന്ന് സെറ്റ് പത്രികകളാണ് നൽകിയത്. രാവിലെ 11 മണിയോടെ ഘടകകക്ഷി നേതാക്കൾക്കൊപ്പമാണ് കളക്ടറേറ്റിൽ എത്തിയത്.
മന്ത്രി പി രാജീവ്, സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, എം സ്വരാജ്, മുന്മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി തുടങ്ങിയവർ നാമനിർദേശ പത്രിക സമർപ്പണവേളയിൽ ഇടതുസ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് ഉച്ചയ്ക്ക് 12.10 ഓടെ കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. ഹൈബി ഈഡൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ ഉമയ്ക്കൊപ്പം നാമനിർദേശപത്രികാസമർപ്പണ സമയത്ത് ഒപ്പമുണ്ടായിരുന്നു. സൈക്കിൽ റിക്ഷയിലാണ് ഉമ തോമസ് നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയത്. ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം എന്ന നിലയിലാണ് സൈക്കിൾ റിക്ഷയിൽ സ്ഥാനാർത്ഥിയെത്തിയത്.
വിലക്കയറ്റത്തിനും ഇന്ധനവിലവർധനയ്ക്കും എതിരായ പ്രതിഷേധം അറിയിക്കാനാണ് സൈക്കിൾ റിക്ഷയിൽ എത്തിയതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു. തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണമെന്ന് ട്വന്റി 20യുടെ പിന്തുണ തേടുമോ എന്ന ചോദ്യത്തിന് മറുപടിയായി ഉമ തോമസ് പറഞ്ഞു.
ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്നത്തേതെന്ന് പത്രിക സമർപ്പിച്ച ശേഷം ഡോ. ജോ ജോസഫ് പറഞ്ഞു ആദ്യഘട്ടം വിജയിച്ച് കഴിഞ്ഞതായും ഇടതുമുന്നണി സ്ഥാനാർത്ഥി പറഞ്ഞു. ഓരോ ദിവസവും പ്രവർത്തകർ ആവേശഭരിതരാകുകയാണ്. 100 സീറ്റ് തികയ്ക്കുമെന്നും തൃക്കാക്കരയിൽ 100 മേനി വിജയം കൊയ്യുമെന്നും ഡോ. ജോ ജോസഫ് പറഞ്ഞു. ഗുരുതുല്യനായ ഡോ. ജോസ് ചാക്കോ പെരിയപുരമാണ് കെട്ടിവയ്ക്കാൻ പണം നൽകിയത്. ഐഎംഎയിലെ ഡോക്ടർമാരുടെ അനുഗ്രഹാശിസ്സുകളും തനിക്കുണ്ടെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി അവകാശപ്പെട്ടു.
എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. സ്ഥാനാർത്ഥിയെ നിർത്തുന്നില്ലെന്ന് പ്രഖ്യാപിച്ച് എ.എ.പിയും-ട്വന്റി-20 യും രംഗത്ത് വന്നതോടെ ആ വോട്ടുകൾ എങ്ങോട്ട് പോവുമെന്ന് ഉറപ്പിച്ച് പറയാനാവാത്ത അവസ്ഥയിലാണ് മുന്നണികൾ.
ട്വന്റി-20 തൃക്കാക്കര മുൻ എംഎൽഎ പി.ടി തോമസുമായി വലിയ ഏറ്റ് മുട്ടലുകളിലായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ വോട്ടുകൾ ഉമാ തോമസിന് കിട്ടുമോയെന്നത് ഉറപ്പിച്ച് പറയാനാവാത്ത അവസ്ഥയിലാണ് യുഡിഎഫ്. കഴിഞ്ഞ തവണ 13897 വോട്ടാണ് ട്വന്റി-20 പിടിച്ചെടുത്തത്. ഇത് ആരിലേക്ക് പോവുമെന്നതാണ് നിർണായകം.
ട്വന്റി-ട്വന്റി ഇടതുസർക്കാരുമായാണ് ഇപ്പോൾ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. ട്വന്റി-ട്വന്റി പ്രവർത്തകൻ സി.കെ. ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇടത് എംഎൽഎ. പി.വി. ശ്രീനിജനുമായി വലിയ ഏറ്റുമുട്ടലിലാണ് അവർ. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മനംമടുത്ത് ട്വന്റി-ട്വന്റി പ്രസിഡന്റ് സാബു എം. ജേക്കബ് കേരളത്തിൽ തുടങ്ങാനിരുന്ന വ്യവസായസ്ഥാപനം തെലങ്കാനയിലേക്കു മാറ്റി.
അതുകൊണ്ട് തന്നെ ട്വന്റി-ട്വന്റി വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ വീഴുമെന്ന് ഉറപ്പിക്കാൻ ഇടതുപക്ഷത്തിനും സാധിക്കില്ല. എങ്കിലും ജോ ജോസഫിലൂടെ വികസന രാഷ്ട്രീയം പറഞ്ഞ് തൃക്കാക്കര ഇത്തവണ പിടിച്ചെടുത്ത് സെഞ്ച്വറിയടിക്കാമെന്നുള്ള വിശ്വാസത്തിലാണ് എൽ.ഡി.എഫ്.
മറുനാടന് മലയാളി ബ്യൂറോ