- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമയെ കോൺഗ്രസ് സ്ഥാനാർത്ഥി ആക്കിയതോടെ ക്രൈസ്തവ വോട്ടുകളിൽ 'സുവർണാവസരം' കണ്ട് സിപിഎം; ഇടഞ്ഞു നിന്ന ഡൊമിനിക്കും പാർട്ടിക്കൊപ്പം ചേർത്തതോടെ സഭാ പിന്തുണയുള്ള സ്ഥാനാർത്ഥിക്കായി ശ്രമം; ഒടുവിൽ കണ്ടെത്തിയത് സഭാ ആശുപത്രിയിലെ ഡോക്ടറെയും; സിപിഎമ്മിന്റെ ക്രൈസ്തവ രാഷ്ട്രീയത്തിൽ സീറ്റ് പോയത് കെ എസ് അരുൺകുമാറിനും
കൊച്ചി: തൃക്കാക്കരയിൽ പി.ടി. തോമസിന്റെ ഭാര്യ ഉമ സ്ഥാനാർത്ഥിയായതോടെ കെ.എസ്. അരുൺകുമാറിന്റെ ആദ്യ ചുമരെഴുത്ത് മായ്ച്ച് ഡോ.ജോ ജോസഫിനെ സിപിഎം സ്ഥാനാർത്ഥിയാക്കുന്നത് മണ്ഡലത്തിലെ പതിവു രാഷ്ട്രീയ ചുമരെഴുത്ത് മായ്ക്കാനാണ്. ക്രൈസ്തവ സഭകളുടെ പിന്തുണയ്ക്ക് വേണ്ടി മാത്രമാണ് സിപിഎം ഇക്കുറി ഡോ. ജോ ജോസഫിനെ സ്്ഥാനാർഥിയാക്കിയത്. രാഷ്ട്രീയ മത്സരം എന്ന നിലയിൽ നിന്നും മാറി പിന്നീട് മതം കൂടി കലർത്തിയ രാഷ്ട്രീയം കളിക്കാൻ കൃത്യമായ ലക്ഷ്യങ്ങളോടെയാണ് സിപിഎം തൃക്കാക്കരയിലെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്.
ക്രൈസ്തവ സഭയുടെ പിന്തുണ പ്രതീക്ഷിക്കുന്ന സിപിഎം ഉമ കോൺഗ്രസ് സ്ഥാനാർത്ഥി ആയതോടെ 'സുവർണാവസരം' എന്നു കണ്ടിരുന്നു. സഭാ വിരുദ്ധ പ്രതിച്ഛായയുള്ള പി ടി തോമസിന്റെ ഹിന്ദു ഭാര്യ എന്നാണ് ഉമയുടെ സ്ഥാനാർത്ഥിത്വത്തെ സിപിഎം നോക്കി കണ്ടത് എന്ന് വ്യക്തം. ഇതിൽ നിന്നുമാണ് പിന്നീട് സഭയുടെ കുഞ്ഞാടായ സ്ഥാനാർത്ഥിയെ തേടിയുള്ള പരിശ്രമങ്ങൾ തുടങ്ങിയതും. കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലെ ആശുപത്രിയിലെ ഡോക്ടറെ ഒടുവിൽ കളത്തിൽ ഇറക്കിയത് ചില നേതാക്കളുടെ ബന്ധു താൽപ്പര്യവും ഒളിഞ്ഞു കിടക്കുന്നുണ്ട്.
ജോയുടെ ജനസ്വീകാര്യതയിൽ വിശ്വാസമർപ്പിക്കുന്നതിനൊപ്പം കോൺഗ്രസിലെ പടലപിണക്കങ്ങൾ സഹായത്തിനെത്തുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. കെ വി തോമസിന്റെ പിന്തുണ ഇടതുമുന്നണി ഉറപ്പിച്ചിട്ടുണ്ട്. ഉമയുടെ സ്ഥാനാർത്ഥിത്തത്തിൽ തുടക്കത്തിൽ തന്നെ എതിർപ്പുതയർത്തിയത് ഡൊമിനിക് പ്രസന്റേഷൻ ആയിരുന്നു. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ അദ്ദേഹം ശാന്തനായതോടെ സിപിഎം പ്രതീക്ഷ തെറ്റി. തുടർന്നാണ് മറ്റൊരു സ്ഥാനാർത്ഥിയെ തേടിയതും.
സാമൂഹിക ഘടകങ്ങൾ കൂടി പരിഗണിച്ച് സ്ഥാനാർത്ഥിയെ നിശ്ചയിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞത് തള്ളിയാണ് കോൺഗ്രസ് ഉമയെ കളത്തിലിറക്കിയത്. എന്നാൽ ഡൊമിനിക്കിന്റെ വാക്ക് ചെവിക്കൊണ്ടത് സിപിഎമ്മാണ്. ഉയർന്നു കേട്ട അരുൺകുമാറിന്റെ ചുവരെഴുത്തു മാഞ്ഞു. അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫ് എത്തി.
ഇത്തരത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ മുന്നണികൾ അവതരിപ്പിക്കുന്നത് ഇതാദ്യമായല്ല; പലപ്പോഴായി നേട്ടങ്ങളും തിരിച്ചടികളും ഇത്തരം സ്ഥാനാർത്ഥികൾ മുന്നണിക്കു സമ്മാനിച്ചിട്ടുണ്ട്. ചിലതെല്ലാം കേരളത്തിലെ വലിയ രാഷ്ട്രീയ അട്ടിമറികളായി. ചിലത് പാർട്ടികളിൽ വലിയ കലാപത്തിനു തിരികൊളുത്തി. എന്നിട്ടും രാഷ്ട്രീയ പരീക്ഷണങ്ങൾ അവസാനിപ്പിക്കാൻ മുന്നണികൾ തയാറായിട്ടില്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തൃക്കാക്കരയിൽ കണ്ടത്.
ജോ ജോസഫ് സ്ഥാനാർത്ഥിയായോടെ സഭയും തെരഞ്ഞെടുപ്പു ഗോദയിലേക്ക് എത്തിക്കഴിഞ്ഞു. കർദിനാൾ ജോർജ്ജ് ആലഞ്ചേരിയെ എതിർക്കുന്നതും അനുകൂലിക്കുന്നതുമായി വിഭാഗം എറണാകുളം അങ്കാമാലി അതിരൂപതയിലുണ്ട്. ഇവർക്കിടയിലും ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വം വിവാദമായിട്ടുണ്ട്. തൃക്കാക്കരയിലെ സിപിഎം സ്ഥാനാർത്ഥി നിർണയം സംശയാസ്പദമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അടക്കമുള്ളവർ ആരോപണം ഉന്നയിച്ചു കഴിഞ്ഞു.
എല്ലാവർക്കും സുപരിചിതനായ കെ.എസ്.അരുൺകുമാറിനെ മാറ്റി ആർക്കും അറിയാത്ത ഡോ. ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കുമ്പോൾ സംശയം തോന്നുമെന്ന് സുധാകരൻ പറഞ്ഞു. സഭ ഏതെങ്കിലും പാർട്ടിക്കു പിന്തുണ നൽകുമെന്നു വിശ്വസിക്കുന്നില്ല. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇടതു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നു കരുതുന്നില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സിൽവർലൈൻ പദ്ധതിയുടെ വിധിയെഴുത്താകുമെന്നും സുധാകരൻ പറഞ്ഞു.
കേരളത്തിലെ സിപിഎമ്മും, സിപിഐയും അടങ്ങുന്ന ഇടതുപക്ഷം കുറച്ചുകാലമായി മതരാഷ്ട്രീയം സമർത്ഥമായി കളിക്കുന്നുണ്ട്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാർക്‌സിന്റെ ഉദ്ധരണിയൊന്നും ഇപ്പോൾ പാർട്ടി വേദികളിൽ പോലും കേൾക്കാറില്ല. മറിച്ച് പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞതിന്റെ ഉദ്ധരണിയാണ് എവിടെയും. അതായത് ഭൗതികവാദത്തെ കൈയൊഴിഞ്ഞ് വിശ്വാസ രാഷ്ട്രീയത്തെ കൈപിടക്കുക എന്നാണ് സിപിഎം ഇപ്പോൾ ശ്രമിക്കുന്നത്.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, കഴിഞ്ഞ ദിവസം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കണ്ടത്. തീർത്തും മതം നോക്കി തന്നെയാണ്, ഡോ ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയത് എന്ന വിമർശനം, പാർട്ടി നേതാക്കളും രഹസ്യമായി ശരിവെക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുള്ള അടവ് നയമാണത്രേ ഇത്. സിപിഎം പാർട്ടി അംഗമാണെന്ന് വ്യക്തമാക്കിയ ജോ ജോസഫ് തന്റെ കന്നി വാർത്താ സമ്മേളനം നടത്തിയ രീതി രാഷ്ട്രീയമായി പിശകാണെന്ന്, സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത വിമർശനം ഉയർന്നു കഴിഞ്ഞു.
ഒരു സ്വകാര്യ ആശുപത്രിയുടെ പരസ്യ മുഖമായി എന്നതിനപ്പുറം ആശുപത്രി മാനെജ്‌മെന്റിലെ രണ്ട് വൈദികരെ ഒപ്പം ഇരുത്തിയായിരുന്നു ജോ ജോസഫിന്റെ വാർത്താ സമ്മേളനം. അവർക്ക് മൈക്ക് കൈമാറി സംസാരിപ്പിക്കുന്നതിലുടെ എന്ത് സന്ദേശമാകും തൃക്കാക്കരയിലെ വോട്ടർമാർക്ക് നൽകുക എന്ന ചോദ്യം ഉയരുന്നുണ്ട്. 'ഇന്ത്യയിൽ മറ്റേതെങ്കിലും കമ്യുണിസ്റ്റ് സ്ഥാനാർത്ഥി ഇങ്ങനെ ചെയ്തിട്ടുണ്ടാകുമോ? ആ പ്ലാറ്റ്‌ഫോമിൽ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയും ഇരുന്നത് തെറ്റല്ലേ?- സോഷ്യൽ മീഡിയയിൽ ഉയരുന്ന ഇത്തരം ചോദ്യങ്ങളോട്, സിപിഎം നേതാക്കൾക്കും കൃത്യമായ മറുപടിയില്ല.
മുമ്പ് ആന്റണി ജോൺ, വീണ ജോർജ്, ദലീമ എന്നിവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത എംഎൽഎമാർക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് അന്നത്തെ സിപിഎം ആക്റ്റിങ്ങ് സെക്രട്ടറി എ വിജയരാഘവന്റെ മറുപടി ഇങ്ങനെയായിരുന്നു. 'മൂന്ന് എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിൽ മതിയായ പാർട്ടി വിദ്യാഭ്യാസം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി അംഗങ്ങളിൽ യുക്തിബോധവും ശാസ്ത്ര ബോധവും വളർത്തുന്നതിനായാണ് പാർട്ടി വിദ്യാഭ്യാസം നൽകുന്നത്. പാർട്ടി വിദ്യാഭ്യാസ പരിപാടികൾ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ ചേർന്നവർ ഉടൻ പാർട്ടി ബോധത്തിലേക്ക് എത്തണമെന്നില്ല. പാർട്ടി വിദ്യാഭ്യാസത്തിലൂടെയാണ് അത് നേടിയെടുക്കുകയെന്നും അദ്ദേഹം വിശദമാക്കി. 'സംസ്ഥാന കമ്മിറ്റി മുതൽ പ്രാദേശിക കമ്മിറ്റി വരെയുള്ള അംഗങ്ങൾക്ക് വിദ്യാഭ്യാസം നൽകും. കമ്മ്യൂണിസ്റ്റുകാരന് ശാസ്ത്രയുക്തി ബോധമുണ്ടാകുന്നത് പ്രധാനമാണ്. അതുകൊണ്ടാണ് പാർട്ടി വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകുന്നതെന്നും'- എ വിജയരാഘവർ അന്ന് പറഞ്ഞ് ഇങ്ങനെയാണ്.
പണ്ടൊക്കെ പാർട്ടിയിൽ മതം കലരുകയാണ് ചെയ്തിരുന്നെങ്കിൽ ഇപ്പോൾ മതത്തിൽ പാർട്ടി കലരുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അതിന്റെ കൃത്യമായ സൂചനയാണ്. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ തൃക്കാക്കരയിൽ ഒരു സ്ഥാനാർത്ഥി കൃത്യമായി ഒരു മതത്തിന്റെ പ്രതിനിധിയാവുകയാണ്. സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമാണിത്. പള്ളിക്ക് ദശാംശവും പാർട്ടിക്ക് ലെവിയും നൽകുന്ന കമ്യൂണിസ്റ്റും കത്തോലിക്കനുമായ സഖാവ്. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റങ്ങളും കത്തോലിക്കാ സഭയുടെ വിന്യാസ പദ്ധതികളെക്കുറിച്ചും ജോ ജോസഫ് എഴുതിയ ലേഖനത്തിൽ ഡോക്ടർ വിപ്ലവത്തെയും വിശ്വാസത്തെയും ഒരേ നൂലിൽ കോർക്കാൻ പരിശ്രമിക്കുന്നുണ്ട്.
ഒരു കാര്യം വ്യക്തമാണ്. 2021 ൽ തൃക്കാക്കരയിൽ മത്സരിച്ച ഡോ. ജെ ജേക്കബല്ല 2022 ലെ ഡോ.ജോ ജോസഫ്. ഇടതു കൈയിൽ ദാസ് ക്യാപിറ്റലും വലത് കൈയിൽ ബൈബിളും പിടിക്കുന്ന സ്ഥാനാർത്ഥി ഒരു രാഷ്ട്രീയ അദ്ഭുതം തന്നെയാണ്. സിപിഎമ്മിന്റെ പുതിയ പരീക്ഷണവും. ആ രാഷ്ട്രീയത്തിന്റെ ഭാവി എന്താകും എന്നതിന്റെ ഉത്തരമായിരിക്കും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പു ഫലം.
മറുനാടന് മലയാളി ബ്യൂറോ