കൊച്ചി: തൃക്കാക്കരയിൽ 'നെയ്യാറ്റിൻകര മോഡൽ' സ്ഥാനാർത്ഥിയെ വേണമെന്ന ആവശ്യം ബിജെപിയിൽ അതിശക്തം. അഞ്ചാം മന്ത്രി പദം ചർച്ചയാകരുന്ന സമയത്തായിരുന്നു നിമയസഭാ തെരഞ്ഞെടുപ്പ് നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പ് സമയത്ത് എത്തിയത്. ഒ രാജഗോപാലിനെ അവിടെ സ്ഥാനാർത്ഥിയാക്കി. വോട്ട് വിഹിതം വലിയ തോതിൽ കൂടി. നേമത്തെ കന്നി വിജയത്തിന് പോലും ഇത് നിർണ്ണായകമായി. ഈ സാഹചര്യത്തിലും ഇതിന് സമാനമായ രാഷ്ട്രീയ തന്ത്രം ഒരുക്കണമെന്നതാണ് ബിജെപിയുടെ ആഗ്രഹം. എന്നാൽ കരുത്തനായ സ്ഥാനാർത്ഥിയെ കിട്ടാനില്ലെന്നതാണ് വസ്തുത.

രാജഗോപാലിന് പ്രായം തടസ്സമാണ്. 97 വയസ്സു കഴിഞ്ഞ രാജഗോപാലിനെ തൃക്കാക്കരയിൽ മത്സരിപ്പിക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. സുരേഷ് ഗോപിയാണ് ബിജെപിയുടെ ജനപ്രിയ മുഖം. എന്നാൽ തൃക്കാക്കരയിൽ മത്സരിക്കാൻ സുരേഷ് ഗോപിക്ക് സമ്മതമില്ല. അതുകൊണ്ട് തന്നെ ആ സാധ്യത നടക്കില്ല. വോട്ട് ഇരട്ടിയാക്കാൻ കഴിയുന്ന മറ്റൊരു നേതാവ് കേരളത്തിൽ ബിജെപിക്കില്ലെന്നതാണ് വസ്തുത. ശോഭാ സുരേന്ദ്രനും നേതൃത്വവും തമ്മിൽ ഭിന്നതയാണ്. അതുകൊണ്ട് ആ പേരിനേയും പരിഗണിക്കാൻ കഴിയില്ല. എഎൻ രാധാകൃഷ്ണനെ തൃക്കാക്കരയിൽ മത്സരിപ്പിക്കാനാണ് ആലോചന. എന്നാൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം പോലെ തരംഗമുണ്ടാക്കാൻ എ എന്നിന് കഴിയുകയുമില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതിനയ്യായിരത്തോളം വോട്ട് ബിജെപി നേടിയിരുന്നു. ഇത് നിലനിർത്തുക എന്നതാണ് ആദ്യ കടമ്പ. ലൗജിഹാദും പിസി ജോർജിന്റെ പ്രസ്താവനയുമെല്ലാം തൃക്കാക്കരയിൽ ചർച്ചയാക്കി ക്രൈസ്തവ വോട്ട് പിടിക്കാനാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനുള്ള തന്ത്രങ്ങൾ ബിജെപി അണിയറയിൽ ഒരുക്കും. മധ്യ കേരളത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് തെളിവായി തൃക്കാക്കര മാറണമെന്നതാണ് അവരുടെ ആഗ്രഹം. എന്നാൽ അത് അത്ര എളുപ്പമുള്ള കാര്യമല്ല. ട്വന്റി ട്വന്റിയും ആംആദ്മിയും തമ്മിൽ ചേരുന്നതും ബിജെപി വോട്ടുകളെ സ്വാധീനിക്കും ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയാൽ ബിജെപിക്ക് വലിയ പ്രതിസന്ധിയാവുകയും ചെയ്യും.

ജോലി ആവശ്യത്തിനും മറ്റുമായി പുറത്ത് നിന്നും ആയിരക്കണക്കിനാളുകൾ വന്ന് താമസിക്കുന്ന സ്ഥലമാണ് തൃക്കാക്കര. അതിനാൽ തന്നെ പൊതുസ്വീകാര്യതയുള്ള ഒരു പ്രമുഖ വ്യക്തിത്വത്തെ ഇവിടെ സ്ഥാനാർത്ഥിയായി ഇറക്കണം എന്നാണ് ബിജെപിയുടേയും ആഗ്രഹം. കേന്ദ്ര നേതാക്കളെ എത്തിച്ച് അണികളെ സജ്ജരാക്കുകയാണ് ലക്ഷ്യം. ഇതിനായി ഈ മാസം 15 ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും. റാലിയും ഉണ്ടാകും. ഈ മാസം ആറിന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ കോഴിക്കോടെത്തും. ഈ രണ്ട് നേതാക്കളും കേരളത്തിൽ എത്തുമ്പോൾ പ്രധാനമായും ചർച്ച ചെയ്യുക തൃക്കാക്കരയിലെ സാധ്യതകളാകും.

കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷ വോട്ട് സ്വരൂപിക്കാനായി ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന റിപ്പോർട്ടുകളും ഉണ്ട്. മുൻ കേരള കോൺഗ്രസ് നേതാക്കളെ മുൻനിർത്തി കേരളത്തിൽ രണ്ടിടത്തായി രണ്ട് ക്രിസ്ത്യൻ സംഘടനകൾ രൂപീകരിക്കാനും ഇവയിലൊന്നിനെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനുമാണ് ശ്രമം നടക്കുന്നതെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ. തമിഴ്‌നാട്ടിലെ ഒരു ബിജെപി നേതാവിന്റെ നേതൃത്വത്തിൽ തെക്കൻ കേരളത്തിലെ ഒരു രാഷ്ട്രീയേതര ക്രിസ്ത്യൻ സംഘടനയുടെ പിന്തുണയോടെ സംഘടന രൂപീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഇതിനു സമാന്തരമായി ചില മുൻ കേരള കോൺഗ്രസ് എംഎൽഎമാർ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇവർ പുതിയ പാർട്ടിയുണ്ടാക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോകുകയാണെന്നും സൂചനയുണ്ട്. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ പുതിയ രാഷ്ട്രീയപാർട്ടി രൂപീകണ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്ക് കരുത്ത് പകരുന്നതാണ് വിദ്വേഷ പ്രസംഗത്തിൽ ബിജെപി നേതൃത്വത്തിൽ നിന്നും പി സി ജോർജിന് ലഭിച്ച അകമഴിഞ്ഞ പിന്തുണ. ഈ പ്രസ്താവനകൾക്കെല്ലാം ബിജെപിയിൽ നിന്നും സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്നും പി സിക്ക് ശക്തമായ പിന്തുണ ലഭിക്കുകയും ചെയ്തു. ഇതെല്ലാം തൃക്കാക്കരയിൽ ചർച്ചയാക്കാനാണ് ബിജെപി നീക്കം.

ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്തി രഷ്ട്രീയ നേട്ടമുണ്ടാക്കാൻ കാലങ്ങളായി ശ്രമിക്കുന്ന ബിജെപിക്ക് ലഭിച്ച ഏറ്റവും മികച്ച നേതാവായിരിക്കും പി സി ജോർജ്. സംസ്ഥാനത്തെ ക്രിസ്ത്യൻ സമുദായത്തെ ഒപ്പം നിർത്താൻ ബിജെപി ശ്രമം നടത്തുന്നുണ്ട്. ഇതെല്ലാം തൃക്കാക്കരയിലും വോട്ടായി മാറേണ്ടതുണ്ട്. ലൗ ജിഹാദ്, ഹലാൽ, തീവ്രവാദം എന്നീ വിഷയങ്ങളിൽ തൃക്കാക്കരയിലും ബിജെപി ആളിക്കത്തിക്കും.