- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ് ലൈനിൽ കെ.എസ്. അരുൺകുമാറിന് വോട്ടഭ്യർഥിച്ചു ചുവരെഴുത്തും തുടങ്ങി; പിന്നാലെ എഴുത്തു മാറ്റി; ചാനൽ ചർച്ചകളിലെ കെ റെയിൽ വാദക്കാരനെ സ്ഥാനാർത്ഥിയാക്കിയാൽ തെരഞ്ഞെടുപ്പ് കെ റെയിൽ റഫറണ്ടം ആകുമോയെന്ന് പാർട്ടിക്കും ഭയം; അണിയറ നീക്കം സ്വതന്ത്ര സ്ഥാനാർത്ഥിക്കായി; തൃക്കാക്കരയിലെ സിപിഎം സസ്പെൻസ് ഇന്ന് തീരും
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആരാകും ഇടതു മുന്നണി സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നു. ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ അഡ്വ. കെ എസ അരുൺകുമാറിന്റെ പേരിനാണ് മുൻതൂക്കം ലഭിച്ചതും. എന്നാൽ, മണ്ഡലത്തിൽ അരുണിന്റെ വിജയസാധ്യതയിൽ അപ്പോഴും സംശയം ഉയർന്നു. ഇതോടയാണ് ഇന്നലെ ചുവരെഴുത്തു പോലും മായ്‌ക്കേണ്ടി വന്നത്. കെ റെയിലിനായി വാദിക്കുന്ന സജീവ രാഷ്ട്രീയക്കാരനാണ് അരുൺകുമാർ. ഈ സാഹചര്യത്തിൽ അരുണിനെ സ്ഥാനാർത്ഥിയാക്കായിൽ അത് ഫലത്തിൽ റെയിൽ റഫറണ്ടം ആകുമോയെന്ന് സിപിഎമ്മിന് ഉൾഭയമുണ്ട്. അതുകൊണ്ട് കൂടിയാണ് അരുണിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ രണ്ടു മനസ്സ് പാർട്ടിക്കുണഅടായതും.
സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ.എസ്. അരുൺകുമാറാണ് സ്ഥാനാർത്ഥിയെന്നു കരുതി പാർട്ടി പ്രവർത്തകർ ചുവരെഴുത്ത് നടത്തിയെങ്കിലും വൈകിട്ടോടെ ഇതു നിർത്തിവയ്ക്കാൻ സിപിഎം നേതൃത്വം ആവശ്യപ്പെട്ടു. ചിലയിടങ്ങളിൽ ചുവരെഴുത്തു മായ്ച്ചു. സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ വെളിപ്പെടുത്തിയതോടെ ആശയക്കുഴപ്പവും ആകാംക്ഷയുമേറി.
പാർട്ടി പ്രഖ്യാപിക്കുംമുൻപു സ്ഥാനാർത്ഥിക്കുവേണ്ടി ചുവരെഴുതുന്നതും പിന്നാലെ മായ്ക്കുന്നതും സിപിഎമ്മിൽ പുതുമയാണ്. ഡിവൈഎഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയായ അരുൺകുമാർ ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകനുമാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ഇന്നലെ ചേർന്നെങ്കിലും ഒറ്റപ്പേരിലേക്ക് എത്തിയതായി സൂചനയില്ല. അപ്രതീക്ഷിത സ്ഥാനാർത്ഥി വന്നേക്കുമെന്നും അഭ്യൂഹമുണ്ട്. ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെ ടിവി ചാനലുകളിൽ അരുൺകുമാറിന്റെ പേരു വന്നതോടെ 'ഞങ്ങൾ തീരുമാനിക്കാത്ത സ്ഥാനാർത്ഥിയെ നിങ്ങൾ പ്രഖ്യാപിക്കുന്നു'വെന്ന് ഇ.പി.ജയരാജൻ പരാതിപ്പെട്ടു.
ഇന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. അവിടെ സ്ഥാനാർത്ഥിയുടെ പേരു തീരുമാനിച്ചശേഷം ജില്ലയിലെ ഇടതു മുന്നണിയിലും മണ്ഡലം കമ്മിറ്റിയിലും റിപ്പോർട്ട് ചെയ്യാനാണു സാധ്യത. അരുണിലേക്ക് തന്നെയാണ് പാർട്ടി എത്തുന്നതെങ്കിൽ അത് സംസ്ഥാന തലത്തിൽ തീരുമാനം മതിയെന്നാണ് പൊതുവിൽ അഭിപ്രായം അതുകൊണ്ടാണ് ഈ നീക്കമെന്നുമാണ് പുറത്തുവരുന്ന വിവരം.
സിപിഎം അംഗങ്ങളുടെയും അനുഭാവികളുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ അരുൺകുമാറിന്റെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും ഇവ ഫോർവേഡ് ചെയ്യരുതെന്നു പാർട്ടി നേതൃത്വം നിർദേശിച്ചു. മാധ്യമ വാർത്തകൾ കണ്ട് അണികൾ തെറ്റിദ്ധരിച്ചതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞു. ഇതിനിടെ, യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് പ്രചാരണം സജീവമാക്കി. ബിജെപി സ്ഥാനാർത്ഥിയെ നാളെയോടെ തീരുമാനിച്ചു മറ്റന്നാൾ വൈകിട്ട് പ്രഖ്യാപിക്കുമെന്നാണു സൂചന. ട്വന്റി20 പിന്തുണയോടെ ആംആദ്മി പാർട്ടി മത്സരിക്കുന്ന കാര്യം ചർച്ച ചെയ്യുന്നതായി സംസ്ഥാന കൺവീനർ പി.സി.സിറിയക് അറിയിച്ചു.
അതിനിടെ തൃക്കാക്കരയിൽ സിപിഎം ഒരുങ്ങുന്നത് ഒരു സർപ്രൈസ് സ്ഥാനാർത്ഥിയാകുമെന്നും സൂചനകളുണ്ട്. കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിക്കുന്ന നേതാവ് തൃക്കാക്കരയിൽ സിപിഎം പിന്തുണയോടെ മത്സരിക്കുമെന്നാണ് പുറത്തുവന്ന സൂചനയും. അമേരിക്കയിൽ ചികിൽസയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആണ് കരുക്കൾ നീക്കിയത്. സ്ഥാനാർത്ഥിയെ കണ്ടെത്തിയതിൽ കെവി തോമസിനും നിർണ്ണായക പങ്കുണ്ട്.
തൃക്കാക്കരയിൽ ഉമ തോമസിന് എതിരാളിയായി അരുൺ കുമാർ വരുമെന്ന വാർത്ത മണിക്കൂറുകൾക്ക് മുൻപാണ് പുറത്തുവന്നത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നതിനിടെയാണ് റിപ്പോർട്ടുകൾ വന്ന് തുടങ്ങിയത്.സിപിഐഎം ജില്ലാ കമ്മറ്റി അംഗമാണ് അരുൺ കുമാർ. ഡിവൈഎഫ്‌ഐ നേതാവായിരുന്ന അരുൺ കുമാർ കെ റെയിൽ സംവാദങ്ങളിൽ സർക്കാർ നിലപാട് അവതരിപ്പിച്ചതിലൂടെ വളരെ ശ്രദ്ധേയനായി. ശിശുക്ഷേമ സമിതി ജില്ലാ ഉപാദ്ധ്യക്ഷനാണ്. ഡിവൈഎഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയും മുൻ പ്രസിഡന്റുമാണ്. ഭാരത് മാതാ കോളേജ് മുൻ അദ്ധ്യാപികയും സീറോ മലബാർ സഭാ വക്താവുമായ കൊച്ചുറാണി ജോസഫ്, കൊച്ചി മേയർ എം അനിൽ കുമാർ എന്നിവരുടെ പേരും എൽഡിഎഫ് പരിഗണിക്കുന്നതായി വാർത്തയുണ്ടായിരുന്നു. കെ വി തോമസിന്റെ മകൾ രേഖാ തോമസിന്റെ പേരും ഇക്കൂട്ടത്തിൽ ഉയർന്നുകേട്ടു.
ഉമാ തോമസാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെന്നതിനാൽ കരുതലോടെയാണ് സിപിഎം ഓരോ ചുവടും നീങ്ങുന്നത്. സിപിഎമ്മിൽ നിന്നൊരു സ്ഥാനാർത്ഥിക്ക് പിടി തോമസ് സഹതാപ തരംഗത്തെ അതിജീവിക്കാൻ കഴിയില്ല. ഇതു കൂടി മനസ്സിലാക്കിയാണ് എതിർ ക്യാമ്പിലേക്ക് ചൂണ്ടിയിട്ടത്. കുമ്പളങ്ങിയിലെ തിരുത മീനിനെ പിടിക്കുന്ന വൈഭവത്തോടെ കെവി തോമസ് സിപിഎമ്മിന് വേണ്ടി ആ ലക്ഷ്യം കൈയെത്തി നേടിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത്. ജില്ലാ കമ്മറ്റിയും മറ്റും അരുൺകുമാറിനൊപ്പമാണ്. എന്നാൽ നിയമസഭയിൽ സെഞ്ച്വറി അടിക്കാൻ ഇറക്കുമതി താരത്തെ ഇറക്കുകയാണ് പിണറായിയും കോടിയേരിയും. സഭയുടെ പിന്തുണ ഉറപ്പാക്കി മത്സരിക്കാനാണ് സ്ഥാനാർത്ഥിക്ക് താൽപ്പര്യം. അതുകൊണ്ടാണ് പ്രഖ്യാപനം വൈകുന്നത്. അതിനിടെ സഭാ നേതൃത്വത്തെ കൈയിലെടുത്ത് സിപിഎമ്മിനെ ഞെട്ടിക്കാൻ കോൺഗ്രസും നീക്കം സജീവമാക്കുന്നുണ്ട്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ടാണ് ഇടതുപക്ഷം ഇറങ്ങുന്നത്. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളിൽ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട കാർഡുകൾ പുറത്തുവിട്ടു. തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. കേരള നിയമസഭയിൽ എംഎൽഎമാരുടെ എണ്ണം നൂറിലെത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. വികസനത്തിന് വേണ്ടിയായിരിക്കും വോട്ട് ചോദിക്കുകയെന്നും പി രാജീവ് പറഞ്ഞു. കെ റയിൽ പ്രചാരണ വിഷയമാക്കാനാണ് സിപിഎം തീരുമാനം.
യുഡിഎഫിന് മേൽക്കോയ്മയുള്ള മണ്ഡലമാണ്, എന്നാൽ ഇത്തവണ മണ്ഡലം പിടിക്കണം എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഉന്നത നേതാക്കളുമായുള്ള ആശയവിനിമയത്തിൽ അതിന് കഴിയുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്നും രാജീവ് പറഞ്ഞു. രണ്ടാഴ്ച മുൻപ് മുന്നണി കൺവീനറായി ചുമതലയേറ്റെടുത്ത ഇപി ജയരാജൻ നേരിട്ട് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കും. മന്ത്രി പി രാജീവും സെക്രട്ടേറിയറ്റംഗം എം സ്വരാജും മുഴുവൻ സമയം മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. കെ റയിലിനെതിരെ സംസ്ഥാന വ്യാപകമായ എതിർപ്പ് മുന്നണിക്കും സർക്കാരിനുമെതിരെ നിൽക്കുമ്പോൾ വികസന വിഷയം തന്നെ മുന്നോട്ട് വെക്കാനുള്ള ധൈര്യവും സിപിഎം കാണിക്കും.
മറുനാടന് മലയാളി ബ്യൂറോ