- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടു കയറി വോട്ടു ചോദിക്കുക മന്ത്രിമാർ; താഴെ തട്ടിലെ കമ്മറ്റി യോഗങ്ങളിൽ പങ്കെടുത്തും റാലികൾ നടത്തിയും മുഖ്യമന്ത്രിയും ഒപ്പമെത്തും; ഇതിനോടകം മണ്ഡലത്തിൽ സജീവമായത് 50തോളം എംഎൽഎമാർ; പണമൊഴുക്കിയും പ്രചരണം കൊഴുപ്പിക്കും; നിയമസഭയിൽ സെഞ്ച്വറി അടിക്കാൻ തൃക്കാക്കരയിൽ പതിനെട്ട് അടവും പുറത്തെടുക്കാൻ സിപിഎം
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വീറും വാശിയും വർധിച്ചു വരികയാണ്. സിപിഎം സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി മണ്ഡലത്തിൽ സജീവമാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭാവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു തന്നെയാകും പ്രചരണം നയിക്കാൻ എത്തുക. ഏതുവിധേനയും തൃക്കാക്കരയിൽ വിജയം നേടുക എന്നതാണ് സർക്കാറിന്റെ ആവശ്യം. കെ റെയിൽ അടക്കമുള്ള പദ്ധതികളുമായി മുന്നോട്ടു പോകണമെങ്കിൽ തൃക്കാക്കരയിലെ വിജയം അത്യാവശ്യമാണ്. അതുകൊണ്ടു കൂടിയാണ് പുറമേ കാടിളക്കിയും അടിത്തട്ടിൽ ചിട്ടയാർന്നതുമായ പ്രവർത്തനം നടത്താൻ സിപിഎം ഒരുങ്ങുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രണ്ടു ഘട്ടമായി 6 ദിവസത്തോളം മണ്ഡലത്തിൽ ചെലവഴിച്ച് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നൽകും. വരും ദിവസങ്ങളിൽ അദ്ദേഹം നേരിട്ടെത്തിയാകും പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കു. മന്ത്രിസഭയിലെ മന്ത്രിമാർ മുഴുവൻ തൃക്കാക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കും. ഇത് കൂടാതെ പാർട്ടി സംസ്ഥാന നേതാക്കളും ജി്ല്ലാ നേതാക്കളുമെല്ലം സെഞ്ച്വറി ലക്ഷ്യത്തോടെ അണി നിരക്കുമെന്നം ഉറപ്പാണ്.
മുഖ്യമന്ത്രിയെ എത്തിച്ച് റാലികളിൽ പങ്കെടുപ്പിച്ചു മണ്ഡലത്തിലാകെ ഓളമുണ്ടാക്കാനാണു പാർട്ടി തീരുമാനം. പൊതു യോഗങ്ങളിൽ പ്രസംഗിക്കാനുള്ള സാധ്യത കുറവാണ്. കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തു പ്രവർത്തനങ്ങൾ വിലയിരുത്തുകയാവും പ്രധാന ചുമതലയെന്നു സിപിഎം കേന്ദ്രങ്ങൾ സൂചിപ്പിച്ചു. പാർട്ടി കമ്മറ്റികളിൽ പിണറായി സജീവമായി പങ്കെടുത്തേക്കും.
മുഖ്യമന്ത്രിക്കു പുറമേ, മന്ത്രിസഭ ഒന്നാകെ തൃക്കാക്കരയിലുണ്ട്. വരുന്ന ആഴ്ചകളിൽ മന്ത്രിമാർ വോട്ട് ചോദിച്ചു വീടുകളിലെത്തിയാലും അത്ഭുതപ്പെടാനില്ല. മൂന്നോ നാലോ ദിവസത്തേക്കാണു ഓരോ മന്ത്രിമാർക്കും പരിപാടികൾ നിശ്ചയിച്ചിട്ടുള്ളത്. ലോക്കൽ യോഗങ്ങൾ, പൊതുയോഗങ്ങൾ എന്നിവയിൽ മന്ത്രിമാർ പങ്കെടുക്കും. ഇതിനു പുറമേ അൻപതിലേറെ എംഎൽഎമാരും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സജീവമായുണ്ട്. കുടുംബ യോഗങ്ങളിലെ പ്രാതിനിധ്യമാണ് ഇവരുടെ ചുമതല.
സിപിഎമ്മിന്റെ 17 സെക്രട്ടേറിയറ്റ് അംഗങ്ങളിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ ആനാവൂർ നാഗപ്പൻ, പാർട്ടി സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പുത്തലത്ത് ദിനേശൻ എന്നിവരൊഴികെ എല്ലാവരും തൃക്കാക്കരയിൽ പ്രത്യേക ചുമതലകൾ ഏറ്റെടുത്തു പ്രവർത്തിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. ഭരണപരമായി തലസ്ഥാനത്തെ സാന്നിധ്യം അനിവാര്യമാകുന്ന ദിവസങ്ങളിൽ ഒഴികെ ബാക്കിയെല്ലാ ദിവസവും സിപിഎം മന്ത്രിമാർ തൃക്കാക്കരയിലായിരിക്കും. ഈ മാസം അവസാനം ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്കു പോകാനിരുന്ന മന്ത്രി വി.ശിവൻകുട്ടി യാത്ര റദ്ദാക്കി.
സിപിഎമ്മിന്റെ മുഴുവൻ എംഎൽഎമാരോടും തൃക്കാക്കരയിൽ എത്തിച്ചേരാൻ ആവശ്യപ്പെട്ടു. ഇതോടെ പാർട്ടിയും നിയമസഭാകക്ഷിയും ഒന്നാകെ ഒരു ഉപതിരഞ്ഞെടുപ്പിൽ കേന്ദ്രീകരിക്കുന്ന സ്ഥിതിയായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ പലരും ഇതിനകം ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങി. മന്ത്രിമാരെല്ലാം ഒരു റൗണ്ട് പ്രചാരണം നടത്തി. അവർ കൂടുതലും കുടുംബ യോഗങ്ങളിലാണ് ഇപ്പോൾ പങ്കെടുക്കുന്നത്. സ്ത്രീകളുടെ മികച്ച പ്രതികരണം കുടുംബയോഗങ്ങളിൽ ലഭിക്കുന്നുണ്ടെന്നാണു നേതൃത്വം വിലയിരുത്തുന്നത്.
കെ വി തോമസിനെ അടക്കം സജീവമായി രംഗത്തിറക്കാനും എൽഡിഎഫ് ആലോചനയുണ്ട്. സഭാ നേതൃത്വവുമായി സംസാരിച്ചു വോട്ടുകൾ ഉറപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലേക്കും സിപിഎം കടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് ഇടതുക്യാമ്പിൽ ആവേശം നിറച്ച മുഖ്യമന്ത്രി മണ്ഡലത്തിലുടനീളം സഞ്ചരിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും. പ്രധാനമായും ഭരണനേട്ടങ്ങൾ എണ്ണി പറഞ്ഞാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നത്. നാടിന് ഗുണമുള്ള ഏതെങ്കിലും പദ്ധതിയെ കോൺഗ്രസും യുഡിഎഫും അനുകൂലിച്ചിട്ടുണ്ടോ? നാടിന്റെ വികസനവും പുരോഗതിയും ആഗ്രഹിക്കുന്നവർ ഏത് പക്ഷത്ത് നിൽക്കണം? തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തി എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകർന്നിരിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി പ്രചാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകാനെത്തുന്നത് ഇടതുക്യാമ്പിനെ ആവേശത്തിലാക്കിയിട്ടുണ്ട്.
അതേസമയം 'തൃക്കാക്കരക്കാർ തെറ്റുതിരുത്തണമെന്ന' മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിലെ പ്രസംഗ വാചകത്തെ പ്രചാരണായുധമാക്കാനാണ് യുഡിഎഫ് നീക്കം. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവർണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹവും ദുഃഖകരവും ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് രംഗത്തെത്തിയിട്ടുണ്ട്.
വസ്തുതാവിരുദ്ധവും യാഥാർഥ്യ ബോധമില്ലാത്തതുമായ കാര്യങ്ങളാണ് മുഖ്യമന്ത്രി തൃക്കാക്കരയിൽ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദയ്പൂരിലും പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ വിഷയ ദാരിദ്യം നേരിടുന്നതുകൊണ്ടാണ് യുഡിഎഫ് പ്രസംഗ വാചകത്തെ ആയുധമാക്കുന്നതെന്ന് ഇടതുമുന്നണിയും വോട്ടർമാർക്കിടയിൽ മറുപടി നൽകുന്നു.
മറുനാടന് മലയാളി ബ്യൂറോ