- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ തോമസ് ബിജെപി ഓഫീസിൽ കയറി വോട്ടു ചോദിച്ചത് വിവാദമാക്കിയപ്പോൾ സിഐടിയു ഓഫീസിൽ കയറിയത് ചൂണ്ടിക്കാട്ടി ചുട്ട മറുപടി; തൃക്കാക്കരയിൽ യുഡിഎഫ് പ്രചരണത്തിന്റെ കുന്തമുനയായി വി ഡി സതീശൻ; ഏകോപനം സജീവമാക്കി സുധാകരനും; മുഖ്യമന്ത്രിയിൽ നിന്ന് ബാറ്റൺ കൈയിലേന്തി അണിയറയിൽ നിറഞ്ഞ് കോടിയേരിയും
കൊച്ചി: കൊച്ചിയിൽ ഇരു മുന്നണികളിലുമായി തെരഞ്ഞെടുപ്പു പ്രചരണം നയിക്കാൻ പ്രമുഖർ തന്നെ രംഗത്തുണ്ട്. എൽഡിഎഫിൽ ആണെങ്കിൽ എല്ലാ മന്ത്രിമാരും സിപിഎം നേതാക്കളുമെല്ലാം മണ്ഡലത്തിൽ നിറഞ്ഞിട്ടുണ്ട്. മറുവശത്ത് യുഡിഎഫിലും മിക്ക നേതാക്കളും പ്രചരണങ്ങളുമായി കളത്തിലിറങ്ങി.
ഇടയ്ക്കു മാത്രം അരങ്ങിലും അല്ലാത്തപ്പോൾ അണിയറയിലുമായി സജീവമാണു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. തുടരെ പൊതുപരിപാടികളിൽ പങ്കെടുത്തു വന്നതാണെങ്കിലും ഇടയ്ക്കുണ്ടായ തൊണ്ട വേദനയുടെ ചികിത്സ കാരണം ഇപ്പോൾ വലിയ പൊതുയോഗങ്ങളിൽനിന്നു താൽക്കാലികമായി മാറി നിൽക്കുകയാണ്. പകരം, തിരഞ്ഞെടുത്ത പരിപാടികളിൽ അദ്ദേഹം നേരിട്ടു പങ്കെടുക്കുന്നു. അണിയറയിൽ തന്ത്രങ്ങൾ വിലയിരുത്തുന്നതിനും മറ്റു നേതാക്കളുമായി ആശയവിനിമയം നടത്തുന്നതിലും ശ്രദ്ധിക്കുന്നു. സജീവമായ വിഷയങ്ങളിൽ ഇടപെടാനും മറക്കുന്നില്ല. മണ്ഡലത്തിലെ ഓരോ മേഖലയിലെയും പ്രവർത്തനങ്ങളുടെ വിലയിരുത്തലും നിർദേശങ്ങളുമായി സുധാകരൻ കളം നിറയുന്നു.
അതേസമയം മണ്ഡലത്തിൽ യുഡിഎഫ് പ്രചരണത്തിന്റെ കുന്തമുന പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. നേതാക്കളുമായി നിരന്തരമായി നേതാക്കളുമായി നിരന്തര ചർച്ചകളും ആസൂത്രണവും സതീശൻ നടത്തുന്നുണ്ട്. നടി പീഡനത്തിനിരയായ കേസുകളുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളിൽ ഇടപെട്ട് ഇന്നലെയും ശക്തമായ പ്രതികരണമാണ് അദ്ദേഹം നടത്തിയത്.
എൽഡിഎഫ് പ്രചരണങ്ങളുടെ മുനയൊടിപ്പിക്കുന്നതാണ് സതീശന്റെ ഓരോ വാക്കുകളും. ഉമ തോമസ് ബിജെപി ഓഫീസ് ഓഫീസിലെത്തിയ വോട്ടു ചോദിച്ചത് ഇടതു മുന്നണി ആരോപണമാക്കിയപ്പോൾ അതിന് അതേ നാണയത്തിൽ സതീശൻ മറുപടി നൽകി. വികസനം കേന്ദ്ര ബിന്ദുവാകുമെന്ന് ആദ്യം കരുതിയ തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമാകുന്ന വിഷയങ്ങൾ വേറെ. അവയുടെ അടിസ്ഥാനത്തിൽ തന്ത്രങ്ങളും മറു തന്ത്രങ്ങളും മെനയുകയാണു നേതാക്കൾ. സ്ഥാനാർത്ഥി വിവാദം മുതൽ ബിജെപി ബന്ധം വരെ ആരോപണ പ്രത്യാരോപണങ്ങളായി മുഴങ്ങുന്ന തിരഞ്ഞെടുപ്പു ഗോദയിൽ ഇതുവരെ കാര്യമായ വികസന ചർച്ച നടന്നിട്ടില്ല. ഇനി ശേഷിക്കുന്ന ദിവസങ്ങളിലും വികസനം വിവാദങ്ങൾക്കു വഴിമാറാനാണു സാധ്യത.
അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ഡോ.ജോ ജോസഫിനെ അവതരിപ്പിക്കാൻ അദ്ദേഹം ജോലിചെയ്യുന്ന ആശുപത്രി തിരഞ്ഞെടുത്തതിനെ വിമർശിച്ചു രംഗത്തുവന്ന യുഡിഎഫ്, സഭയെ എൽഡിഎഫ് അവഹേളിച്ചുവെന്ന ആരോപണത്തോടെ തിരഞ്ഞെടുപ്പു വേദിയിൽ ആദ്യ വെടിപൊട്ടിച്ചു. ന്യായീകരണവുമായി ഇടതു മുന്നണി രംഗത്തു വന്നെങ്കിലും വിഷയം സഭയുമായി ബന്ധപ്പെട്ടതാകയാൽ ആരും അത് അധികം മുന്നോട്ടു കൊണ്ടു പോയില്ല.
സിപിഎം സെമിനാറിൽ പങ്കെടുത്തതിന് സസ്‌പെൻഷനിൽ കഴിഞ്ഞ മുതിർന്ന നേതാവ് കെ. വി. തോമസിനെ തിരഞ്ഞെടുപ്പു കൺവൻഷനിൽ എത്തിച്ച സിപിഎം അദ്ദേഹത്തിനു പാർട്ടിക്കു പുറത്തേക്കുള്ള വഴിതെളിച്ചു കൊടുത്തെങ്കിലും സഹോദരന്റെ വിയോഗവും മറ്റും കാരണമാകാം പ്രചാരണത്തിൽ അദ്ദേഹത്തെ അധികം വിളിച്ചു കണ്ടില്ല. ഉമ തോമസിന് സീറ്റു നൽകിയതിൽ പ്രതിഷേധിച്ച ഡിസിസി ജനറൽ സെക്രട്ടറി എം. ബി. മുരളീധരനെയും ഇടതു പാളയത്തിൽ എത്തിച്ച സിപിഎം അടുത്ത കാലത്തു കോൺഗ്രസ് വിട്ട നേതാക്കളെ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്ന് കൊച്ചിയിലെത്തിച്ച് കോൺഗ്രസ് വോട്ടുകൾ പിടിക്കാൻ ശ്രമം നടത്തുന്നുണ്ട്.
യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഓഫിസ് സന്ദർശിച്ചു വോട്ടഭ്യർഥിച്ചതുമായി ബന്ധപ്പെട്ട് ബിജെപികോൺഗ്രസ് രഹസ്യ ധാരണയെന്ന വിവാദം കത്തിക്കാൻ ഇടതുമുന്നണി ശ്രമിച്ചെങ്കിലും അതു നനഞ്ഞ പടക്കമായി. പ്രചാരണത്തിന്റെ ഭാഗമായി സിഐടിയു ഓഫിസുകളിലടക്കം കയറി ഉമ വോട്ടു ചോദിക്കുന്നതിന്റെ വിഡിയോകൾ പ്രചരിച്ചതോടെ കോൺഗ്രസ് ബിജെപി വോട്ടുകച്ചവടം എന്ന പ്രചാരണം ഏശിയില്ല. 'നട്ടുച്ചക്ക് പത്തൻപത് ആളുകളുമായി ചെന്നാണല്ലോ വോട്ടുകച്ചവടം' എന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആരോപണത്തെ പരിഹാസത്തോടെ നേരിട്ടു.
നടിയെ പീഡിപ്പിച്ച കേസിൽ അതിജീവിത െഹെക്കോടതിയിൽ നൽകിയ ഹർജിയിലെ ആക്ഷേപങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ എൽഡിഎഫിനു വലിയ പ്രതിസന്ധിയായി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെയുള്ളവർ ഇതിനു മറുപടി പറയേണ്ടി വന്നെങ്കിലും ആരോപണത്തിന്റെ മുന ഇപ്പോഴും എൽഡിഎഫിനെ കുത്തി നോവിക്കുന്നു. അതിജീവിതയ്ക്ക് ഒപ്പമാണു സർക്കാരെന്ന് എൽഡിഎഫ് ആവർത്തിച്ചു വ്യക്തമാക്കിയെങ്കിലും ഇ.പി. ജയരാജനെയും എം. എം. മണിയെയും പോലെ ചില നേതാക്കൾ അതിജീവിതയുടെ ഹർജിക്കു പിന്നിൽ യുഡിഎഫാണെന്ന സംശയം പ്രകടിപ്പിച്ചതു മുന്നണിയെയും സർക്കാരിനെയും പ്രശ്‌നത്തിലാക്കി. പ്രതിഷേധം ശക്തമായതോടെ തുടരന്വേഷണത്തിനു കൂടുതൽ സമയം ചോദിക്കാൻ െക്രെംബ്രാഞ്ചിനു നിർദ്ദേശം നൽകി തലയൂരാനാണു ശ്രമം
എറണാകുളം ജില്ലയിലെ ഏക സിൽവർലൈൻ സ്റ്റേഷൻ തൃക്കാക്കര മണ്ഡലത്തിലായതിനാൽ അത് ഇടയ്ക്കു പ്രചാരണ വിഷയങ്ങളിൽ കടന്നു വന്നെങ്കിലും കല്ലിടൽ നിർബന്ധമില്ലെന്ന സർക്കാർ നിലപാടു മാറ്റം പ്രതിപക്ഷ പ്രതിഷേധത്തിന്റെ വിജയമായി യുഡിഎഫിന് ഉയർത്തിക്കാട്ടാനായി. ഇത്ര വലിയ കോലാഹലമുണ്ടാക്കാതെ ഈ തീരുമാനമെടുക്കാമായിരുന്നില്ലേ എന്ന െഹെക്കോടതിയുടെ ചോദ്യവും അവർക്ക് ആയുധമായി.
ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്ത് െഹെക്കോടതിയിൽ കേസ് നൽകിയ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ഹർജി തള്ളപ്പെട്ട ശേഷം അദ്ദേഹം മത്സരത്തിൽനിന്നു പിന്മാറുകയും അദ്ദേഹത്തെ നിർത്തിയതായി അവകാശപ്പെട്ട ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി ഇടതുമുന്നണിക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ കേസിനു പിന്നിൽ ആരെന്ന സംശയം ഉയർന്നു.
ഇടയ്ക്ക് 'തൃക്കാക്കരക്കാരുടെ സൗഭാഗ്യം' എന്ന മുഖ്യമന്ത്രി പിണറായിയുടെ പ്രയോഗവും 'ചങ്ങല പൊട്ടിച്ച നായ് പോലെ' എന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രയോഗവും ഇരുമുന്നണികളും വിവാദമാക്കാൻ ശ്രമിച്ചെങ്കിലും അത് ഏറെനാൾ ഓടിയില്ല. പുതിയ വിവാദങ്ങൾ കടന്നു വരുന്നതോടെ പ്രചാരണത്തിന്റെ ഊന്നൽ അവയിലോരോന്നിലേക്കും മാറി മാറിയെത്തുന്നതാണ് ഇപ്പോൾ ട്രെൻഡ്.
അതേസമയം തൃക്കാക്കരയിൽ തുടക്കത്തിൽ പ്രചരണ രംഗത്ത് സജീവം മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഇപ്പോൾ പ്രചരണം നയിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ശാരീരിക അസ്വസ്ഥതകൾക്കിടയിലും സർക്കാരിന് 100 സീറ്റ് തികയ്ക്കാനുള്ള അഭിമാന പോരാട്ടത്തിന്റെ അണിയറയിൽ കോടിയേരി ബാലകൃഷ്ണൻ സജീവമാണ്. ഏതാനും ദിവസങ്ങളായി കൊച്ചിയിലുള്ള അദ്ദേഹം പൊതുയോഗ വേദികളിലേക്കും കോർണർ യോഗങ്ങളിലേക്കും എത്തുന്നില്ല.
തിരഞ്ഞെടുപ്പു കമ്മിറ്റി യോഗങ്ങളുടെ അവലോകനമാണ് ഇപ്പോഴത്തെ പ്രവർത്തനം. ഓരോ ലോക്കൽ കമ്മിറ്റി യോഗത്തിലും പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. കോട്ടങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദിവസം ഒന്നോ, രണ്ടോ യോഗങ്ങൾ മാത്രമായി അതു പരിമിതപ്പെടുത്തിയിരിക്കുന്നു. വിവിധ കമ്മിറ്റികളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തി ആവശ്യമായ തന്ത്രങ്ങൾ മെനയാൻ അദ്ദേഹം ശ്രദ്ധ ചെലുത്തുന്നു. എന്നാൽ, തന്റെ സാന്നിധ്യം ആവശ്യമുള്ളിടത്തു കോടിയേരി ചാടിയിറങ്ങും. നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയുടെ ഹർജി സർക്കാരിനെ പ്രതിസന്ധിയിലാക്കിയപ്പോൾ കോടിയേരി പ്രതികരണവുമായി രംഗത്തുവന്നത് ഉദാഹരണം.
മറുനാടന് മലയാളി ബ്യൂറോ