- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന നിമിഷം വരെ വീറും വാശിയും നിറഞ്ഞു നിന്ന തിരഞ്ഞെടുപ്പ്; തൃക്കാക്കരയുടെ ജനവിധി പെട്ടിയിലായി; ഉപതിരഞ്ഞെടുപ്പിലെ പോളിങ് 68.75 ശതമാനം; കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് സ്ത്രീകൾ; പി ടിയുടെ മണ്ഡലം ആരെ വരിക്കുമെന്ന് അറിയാൻ ഇന് രണ്ട് ദിവസത്തെ കാത്തിരിപ്പ്
കൊച്ചി: ആദ്യാവസാനം വീറും വാശിയും നിറഞ്ഞു നിന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് പര്യവസാനം. രാഷ്ട്രീയ കേരളം ഏറെ ആക്ഷാംക്ഷയോടെ കാത്തിരുന്ന തെരഞ്ഞെടുപ്പിലെ വോട്ടെല്ലാം പെട്ടിയിലായി കഴിഞ്ഞു. ഇനി രണ്ട് ദിവസം കാത്തിരുന്നാൽ പി ടി തോമസിന്റെ മണ്ഡലം ആരെ വരിക്കുമെന്ന് അറിയാം. അവസാനം നിമിഷം വരെ പ്രചരണം സജീമായിരുന്നു മണ്ഡലത്തിൽ. എന്നാൽ, പോളിങ് റെക്കോർഡിലേക്ക് എത്തിയിട്ടില്ലെന്നതാണ് ഒരു കാര്യം.
വോട്ടു പെട്ടിയിലായതോടെ അവകാശവാദവുമായി ഇരു മുന്നണികളും രംഗത്തുണ്ട്. വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനും വേണ്ടിയായിരിക്കും മുന്നണികളും പ്രവർത്തകരും കാത്തിരിക്കുക. വോട്ടെടുപ്പിൽ 68.75 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. 1,96,805 വോട്ടർമാരിൽ 1,35,320 പേരാണ് വോട്ടു ചെയ്തത്. അവസാന മണിക്കൂറുകളിൽ പൊതുവേ പോളിങ് സെന്ററുകളിൽ തിരക്ക് കറവായിരുന്നു. തൃക്കാക്കര മുനിസിപ്പാലിറ്റിയിലാണ് ശക്തമായ പോളിങ് രേഖപ്പെടുത്തിയത്.
പുറത്തുവരുന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് സ്ത്രീകളാണ്. എന്നാൽ ശതമാനക്കണക്കൽ അത് പുരുഷന്മാരാണ്. ആകെ 1,01,530 സ്ത്രീകൾക്കും 95,274 പുരുഷന്മാർക്കുമാണ് മണ്ഡലത്തിൽ വോട്ടുള്ളത്. ആകെ 239 പോളിങ് ബൂത്തുകളിലാണ് വോട്ടിങ് നടന്നത്. രാവിലെ 6ന് മോക്ക് പോളിങ് നടത്തിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
ഉയർന്ന പോളിങ് ശതമാനത്തെ തുടർന്ന് മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്. രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസ് തങ്ങളുടെ ഭൂരിപക്ഷം ഉയരുമെന്ന് പ്രതികരിച്ചിരുന്നു. എന്നാൽ എൽ ഡി എഫ് വിജയത്തിൽ സംശയമില്ലെന്നാണ് ജോ ജോസഫിന്റെ പ്രതികരണം. ബിജെപി അട്ടിമറി വിജയം നേടുമെന്ന് എ എൻ രാധാകൃഷ്ണനും വ്യക്തമാക്കി.കള്ളവോട്ട് തടയാൻ ശക്തമായ സജ്ജീകരണങ്ങൾ ഒരുക്കിയെന്ന പ്രഖ്യാപനങ്ങൾക്കിടെയും കള്ളവോട്ട് ശ്രമം നടന്നിരുന്നു.
വൈറ്റില പൊന്നുരുന്നി സ്‌കൂളിലെ പോളിങ് ബൂത്തിലാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാളെ യുഡിഎഫ്, ബിജെപി പ്രവർത്തകർ പരാതിപ്പെട്ടതിനെ തുടർന്ന് കൈയോടെ പിടികൂടിയത്. ടി എം സഞ്ജു എന്നയാളുടെ പേരിൽ വോട്ട് ചെയ്യാനെത്തിയ പിറവം പാമ്പാക്കുട സ്വദേശി ആൽബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജു എന്നയാളുടെ പേരിൽ വോട്ട് ചെയ്യാനെത്തിയത് മറ്റൊരാളാണെന്ന് യുഡിഎഫ്, ബിജെപി പ്രവർത്തകർ ആരോപിക്കുകയായിരുന്നു.
സംശയം തോന്നിയ പ്രവർത്തകർ ഇയാളോട് വീട്ടുപേരും മാതാപിതാക്കളുടെ പേരുകളും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോദിച്ചു. തുടർന്ന് ഇയാൾക്ക് കൃത്യമായി മറുപടി നൽകാൻ സാധിക്കാതെ വന്നതോടെയാണ് കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.അതേസമയം വോട്ടെടുപ്പിനിടെ മദ്യപിച്ചെത്തിയ പ്രിസൈഡിങ് ഓഫീസറും പിടിയിലായിരുന്നു. മരോട്ടിച്ചുവട് സെന്റ്‌ജോർജ് സ്‌കൂളിലെ ഇരുപത്തിമൂന്നാം നമ്പർ ബൂത്തിലെ പ്രിസൈഡിങ് ഓഫീസറായ പി വർഗീസാണ് പിടിയിലായത്. ഈ സാഹചര്യത്തിൽ മറ്റൊരു പ്രിസൈഡിങ് ഓഫീസർ നിയോഗിക്കുകയും വർഗീസിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുകയും ചെയ്തിരുന്നു.
ഒരു ബൂത്തിൽ സുരക്ഷയ്ക്കുൾപ്പെടെ മുഴുവൻ ഉദ്യോഗസ്ഥരും വനിതകളായിരുന്നു. അഞ്ചു മാതൃകാ ബൂത്തുകളുമുണ്ടായിരുന്നു. ആറ് തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളുമാണ് ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ