കൊച്ചി: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പു ഫലം വരാൻ ഇനി ഏതാനു മിനിറ്റുകൾ മാത്രം അവശേഷിക്കുകയാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഏറെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ വിജയത്തിൽ കുറഞ്ഞൊന്നും അവർക്ക് ചിന്തിക്കാനില്ല. മറിച്ച് ജോ ജോസഫ് തോറ്റാൽ ഇടതു മുന്നണിക്ക് നഷ്ടമാകാൻ ഒന്നുമില്ല. ഈ ഘട്ടത്തിൽ ഉമ തോമസിന്റെ വിജയം നിശ്ചയിക്കുന്നത് കോർപ്പറേഷനിലെ വോട്ടുകളാകും. തുടക്കത്തിൽ തന്നെ ലീഡ് പിടിക്കാൻ കഴിഞ്ഞാൽ ഉമയ്ക്ക് ആ ലീഡ് നില നിർത്താൻ സാധിച്ചേക്കും. മറിച്ചായാൽ കാര്യങ്ങൾ അപകടത്തിലേക്ക് നീങ്ങുകയും ചെയ്യും.

239 ബൂത്തുകളിലായി 1,35,342 വോട്ടർമാർ രേഖപ്പെടുത്തിയ വോട്ടുകളാണ് എണ്ണാനുള്ളത്. എട്ട് മണിയോടെ സ്‌ട്രോങ് റൂം തുറക്കും. ആദ്യം എണ്ണുക പോസ്റ്റൽ ബാലറ്റുകളും സർവീസ് ബാലറ്റുകളുമാണ്. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ എണ്ണി തുടങ്ങും. ഒരു റൗണ്ടിൽ 21 വോട്ടിങ് മെഷീനുകൾ എണ്ണി തീർക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകൾ പൂർത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും തെളിയും. കൊച്ചി കോർപ്പറേഷനിലെ ഇടപ്പള്ളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുക.

ഈ ബൂത്തുകളിലെ വോട്ടുകൾ എണ്ണി കഴിയുമ്പോൾ തന്നെ ചിത്രം തെളിയും. കഴിഞ്ഞ തവണ ഈ മേഖലയിൽ പി ടി തോമസ് നേടിയത് 1258 വോട്ടുകളുടെ ലീഡാണ്. ആദ്യ റൗണ്ടിൽ ഉമയുടെ ലീഡ് 800നും ആയിരത്തി മുന്നൂറിനും ഇടയിലെങ്കിൽ യുഡിഎഫ് ജയിക്കുമെന്നതിന്റെ കൃത്യമായ സൂചനയാകും അതെന്നാണ് വിലയിരുത്തപ്പെടുന്നത്. പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന മേഖലകളിലൂടെയാവും പിന്നെ കൗണ്ടിങ് കടക്കുക. അഞ്ചാം റൗണ്ടോടെ വൈറ്റില വരെയുള്ള കോർപറേഷൻ പരിധിയിലെ ബൂത്തുകൾ എണ്ണി തീരും.

വോട്ടെണ്ണൽ അഞ്ചു റൗണ്ട് പിന്നിടുമ്പോൾ ഉമയുടെ ലീഡ് അയ്യായിരം കടന്നുവെങ്കിൽ യുഡിഎഫിന് വിജയം ഉറപ്പിക്കാം. ഇവിടെ യുഡിഎഫ് ഭൂരിപക്ഷം മൂവായിരത്തിൽ താഴെയെങ്കിൽ കടുത്ത മൽസരമാണ് നടക്കുന്നതെന്ന് വിലയിരുത്തേണ്ടി വരും. അതല്ല ജോ ജോസഫ് നേരിയ ലീഡ് സ്വന്തമാക്കിയാൽ പോലും ഇടതുമുന്നണി ജയിക്കുമെന്നതിന്റെ സൂചനയാകും അത്. അങ്ങനെ വന്നാൽ തൃക്കാക്കര മുനസിപ്പാലിറ്റിയിലെ വോട്ടുകൾ നിർണായകമാകും. എട്ടാം റൗണ്ട് മുതലാണ് തൃക്കാക്കരയിലെ വോട്ടുകൾ എണ്ണി തുടങ്ങുക. ഇഞ്ചോടിഞ്ച് മൽസരമാണ് നടക്കുന്നതെങ്കിൽ തൃക്കാക്കര വെസ്റ്റ്, സെൻട്രൽ മേഖലകളിലെ വോട്ടുകൾ എണ്ണുന്ന 9,10,11 റൗണ്ടുകൾ പിന്നിടുന്നതോടെ ഇരു സ്ഥാനാർത്ഥികളും ഏതാണ്ട് ഒപ്പത്തിനൊപ്പമെത്തും.

അങ്ങനെ സംഭവിച്ചാൽ മാത്രം ഇടതുമുന്നണിക്ക് പ്രതീക്ഷയോടെ അവസാന നാലു റൗണ്ടുകളിലേക്ക് കടക്കാം. ഇടതു ശക്തികേന്ദ്രമായ തൃക്കാക്കര ഈസ്റ്റ് മേഖല ഈ ഘട്ടത്തിലാവും എണ്ണുക. കോർപ്പറേഷൻ പരിധിയിലെ യുഡിഎഫ് ഭൂരിപക്ഷം എണ്ണായിരത്തിനും പതിനായിരത്തിനും ഇടയിലെങ്കിൽ തൃക്കാക്കര മുനിസിപ്പൽ പരിധിയിലെ വോട്ടുകൾ കൊണ്ട് അട്ടിമറി നടത്താമെന്ന ഇടത് പ്രതീക്ഷ അണയും. അവസാന വട്ട കണക്കുകൂട്ടലുകളും നടത്തിയ ശേഷവും വിജയം ഉറപ്പാണെന്ന് തന്നെയാണ് ഇടത് വലത് ക്യാമ്പുകൾ പ്രതികരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്ക് നേർ ഇറങ്ങി നടത്തിയ വൻ പ്രചാരണവും മഴമാറിയ തെളിഞ്ഞ അന്തരീക്ഷവും ആയിക്കും പോളിങ് കുറഞ്ഞത് ഇരു മുന്നണികളെയും ആശങ്കപ്പടുത്തുന്നുണ്ട്. കോർപ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തിൽ താഴെയാണ് പോളിങ്. ഇതിൽ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ് എന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.