- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജനക്ഷേമ മുന്നണിയുടെ വോട്ട് ആർക്ക്? കഴിഞ്ഞ തവണ ട്വന്റി ട്വന്റി പെട്ടിയിൽ വീണ 13897 വോട്ടുകൾ ഇക്കുറി വിധി നിർണയിക്കും; മുന്നണികളെ പിന്തുണയ്ക്കാതെ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാൻ സാധ്യത; സാബു ജേക്കബിന്റെ വാക്കുകൾക്ക് കാതോർത്ത് കേരളം
തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മിയും ട്വന്റി ട്വന്റിയും ചേർന്ന് ജനക്ഷേമ മുന്നണി ഇന്ന് നിലപാട് പ്രഖ്യാപിക്കും. സാബു ജേക്കബാകും നിർണായകമായ പ്രഖ്യാപനം ഇന്ന് നടത്തുക. മുന്നണികളെ പിന്തുണയ്ക്കാതെ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാനാണ് സാധ്യത. ട്വന്റി ട്വന്റിയുടെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടപ്പിൽ ട്വന്റി ട്വന്റിക്ക് ലഭിച്ചത് 13897 വോട്ടാണ്. ഇത്തവണ സ്ഥാനാർത്ഥിയില്ലാത്തതിനാൽ അത് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉമ തോമസും ജോ ജോസഫും എ.എൻ രാധാകൃഷ്ണനും. ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് സംസ്ഥാന സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്നതാണ് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നത്. കുന്നത്തുനാട് എംഎൽഎ പി.വി ശ്രീനിജൻ കഴിഞ്ഞ ദിവസവും സാബു എം ജേക്കബിനെതിരെ രംഗത്ത് വന്നതും ഗുണമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
ജീവിച്ചിരുന്ന കാലത്ത് ട്വന്റി ട്വന്റിയുടെ കടുത്ത വിമർശകനായിരുന്നു പി.ടി തോമസ് എന്നതുകൊണ്ട് ഉമ തോമസിന് വോട്ട് നൽകാൻ തീരുമാനിക്കില്ലെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സാബു എം. ജേക്കബും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
സംസ്ഥാന സർക്കാരുമായി പ്രശ്നങ്ങളുണ്ടായപ്പോൾ ബിജെപി ഭരിക്കുന്ന സർക്കാറുകൾ കിറ്റക്സ് ഉടമ കൂടിയായ സാബു ജേക്കബിനെ വ്യവസായത്തിനായി ക്ഷണിച്ചത് അനുകൂല ഘടകമാകുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശ്വാസം. വൈകിട്ട് മൂന്ന് മണിക്കാണ് നിലപാട് പ്രഖ്യാപനം.
ഏതെങ്കിലും മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് പറയില്ല. ഒരു മുന്നണിക്കും ഉറപ്പ് നൽകിയിട്ടില്ല. സമകാലിക വിഷയങ്ങളിൽ ജനം പ്രതികരിക്കണമെന്ന് സാബു ജേക്കബ് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയമായ തിരുത്തലുകൾക്ക് വേണ്ടിയാകണം ജനങ്ങൾ വോട്ടു ചെയ്യേണ്ടത്. ട്വന്റി ട്വന്റിയുടെ രാഷ്ട്രീയം ജനങ്ങളോട് പറയും. എല്ലാവരും ബന്ധപ്പെടുന്നുണ്ട്. യു.ഡി.എഫും എൽ.ഡി എഫും തമ്മിൽ ഭേദമില്ല കേരളത്തിൽ ഇതുവരെ ഭരിച്ച ഒരു സർക്കാരും മെച്ചപ്പെട്ടതല്ല. ബിജെപി ഉപദ്രവിച്ചിട്ടില്ലെന്നും പക്ഷെ സഹായിച്ചിട്ടുമില്ലെന്നും അദ്ദേഹം പറയുകയുണടായ.
മറുനാടന് മലയാളി ബ്യൂറോ