തൃക്കാക്കര: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ആധികാരിക ജയമാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് നേടിയത്. 239 ബൂത്തുകളിൽ 217 ബൂത്തുകളിലും വ്യക്തമായ ലീഡ് നേടിയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി ജോ ജോസഫിനെ തറപറ്റിച്ചത്.

ഇടതുമുന്നണിക്ക് ലീഡ് ലഭിച്ചത് 22 ബൂത്തുകളിൽ മാത്രമാണ്. കോർപ്പറേഷൻ പരിധിയിലെ ബുത്തുകളിലും നഗരസഭയിലെ ബൂത്തുകളിലും. ഉമതോമസ് കൃത്യമായ ലീഡ് ഉറപ്പിച്ചാണ് തിളക്കമാർന്ന ജയം കൈക്കലാക്കിയത്. 72770 വോട്ടുകൾ നേടിയാണ് പി ടി തോമസിന്റെ പിൻഗാമിയായി മത്സരിച്ച ഉമ തോമസിന്റെ മിന്നുംവിജയം.

മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം വൻ പ്രചാരണം നടത്തിയ മണ്ഡലത്തിൽ നിന്നും 25,016 വോട്ടുകളുടെ, അതായത് കാൽലക്ഷം പിന്നിട്ട വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസ് തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് 47754 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് 12957 വോട്ടുകളാണ് കിട്ടിയത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ട്വന്റി20 കഴിഞ്ഞ തവണ നേടിയ 13,897 വോട്ടുകളിൽ നല്ലൊരു വിഭാഗം പോയത് ഉമയ്ക്കാണെന്ന് തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 1,36,570 വോട്ടുകളിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.ടി. തോമസ് 59,839 വോട്ടുകളും (43.82%) എൽഡിഎഫ് സ്വതന്ത്രൻ ഡോ. ജെ. ജേക്കബ് 45,510 വോട്ടുകളും (33.32%) നേടിയപ്പോൾ എൻഡിഎ സ്ഥാനാർത്ഥി എസ്. സജി 15,483 വോട്ടുകളുമായി (11.34%) മൂന്നാമതും ട്വന്റി20യുടെ ഡോ. ടെറി തോമസ് 13,897 വോട്ടുകളുമായി (10.18%) നാലാമതും എത്തുകയായിരുന്നു. എൻഡിഎ , ട്വന്റി20 സ്ഥാനാർത്ഥികൾ തമ്മിൽ 1.16% മാത്രം വോട്ടുകളുെട വ്യത്യാസം. 70.36% പേർ വോട്ടു ചെയ്ത തിരഞ്ഞെടുപ്പിൽ 14,329 വോട്ടുകളായിരുന്നു പി.ടി. തോമസിന്റെ ഭൂരിപക്ഷം.

2016ൽ നേടിയ 61,268 വോട്ടുകളിൽനിന്ന് രണ്ടു ശതമാനത്തിനടുത്ത് കുറവുണ്ടായെങ്കിലും ഭൂരിപക്ഷം അന്നത്തെ 11,966ൽനിന്ന് 14,329 എത്തിക്കാൻ പി.ടി. തോമസിന് സാധിച്ചിരുന്നു. എൽഡിഎഫ് വോട്ട് 2016ൽ സെബാസ്റ്റ്യൻ പോൾ നേടിയ 49,455ൽനിന്ന് 2021 ൽ 45,510 ആയി കുറയുകയും ചെയ്തു. ബിജെപി വോട്ടുകൾ 2016 ലെ 21,247 വോട്ടുകളിൽനിന്ന് 2021ൽ 15,483 ആയി കുറഞ്ഞു. ട്വന്റി20 സ്ഥാനാർത്ഥി 13,897 വോട്ടുകൾ പിടിച്ചു.

അതുകൊണ്ടു തന്നെ പി.ടി. തോമസിനോടുള്ള എതിർപ്പായിരുന്നില്ല ട്വന്റി20ക്കു ലഭിച്ച വോട്ട് എന്നു വ്യക്തമായിരുന്നു. ബിജെപിക്കാകട്ടെ, കഴിഞ്ഞ തവണ ലഭിച്ചതിലും വോട്ട് കുറഞ്ഞ് ഇത്തവണ 12957 എത്തിയതിലൂടെ തെളിഞ്ഞത് ട്വന്റി20 വോട്ടുകൾ അവിടേക്കും മറിഞ്ഞിട്ടില്ല എന്നുകൂടിയാണ്. പി.ടി. തോമസിനോടുള്ള എതിർപ്പ് അദ്ദേഹത്തിന്റെ ഭാര്യ ഉമയോട് ട്വന്റി20 അനുഭാവികൾ കാണിച്ചിട്ടില്ല എന്നും തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.

സ്ഥാനാർത്ഥി നിർണ്ണയം മുതൽ തീരുമാനങ്ങൾ പിഴച്ചതാണ് തൃക്കാക്കരയിൽ സിപിഎമ്മിന്റെ കനത്ത തോൽവിക്ക് കാരണം. ജില്ലാ നേതൃത്വത്തെ നോക്കുകുത്തിയാക്കിയുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങളും പാർട്ടിക്കുള്ളിൽ കരടായി. നയിച്ചത് പിണറായി ആയിരുന്നെങ്കിലും തോൽവി കനത്തതോടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് അല്ലെന്നാണ് സിപിഎം ജില്ലാ നേതൃത്തിന്റെ വിശദീകരണം.

തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മന്ത്രി പി.രാജീവ് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിരുദ്ധ വോട്ടുകളുടെ ഏകോപനം ഉണ്ടായി. ബിജെപി വോട്ടുകൾ മൂന്ന് ശതമാനം കുറഞ്ഞു. എറണാകുളത്ത് മുന്നേറ്റമുണ്ടാക്കാനാകാത്തത് പരിശോധിക്കുമെന്നും രാജീവ് പറഞ്ഞു. കെ.വി.തോമസ് ഉൾപ്പടെയുള്ള ഘടകങ്ങളും പരിശോധിക്കും. ട്വന്റി ട്വന്റി വോട്ടുകൾ മുഴുവൻ യുഡിഎഫിന് പോയോ എന്ന് ഇപ്പോൾ പറയാനാകില്ല.

അതേസമയം എൽഡിഎഫ് വോട്ടിൽ വർധന ഉണ്ടായി എന്നും പി.രാജീവ് പറഞ്ഞു. എൽഡിഎഫും യുഡിഎഫും വോട്ട് വർദ്ധിപ്പിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ 31,000 വോട്ടിന് പിറകിൽ പോയ മണ്ഡലത്തിലാണ് വോട്ട് വർധിപ്പിക്കാനായതെന്നും പി.രാജീവ് പറഞ്ഞു. തൃക്കാക്കര കുറച്ച് കടുപ്പമുള്ള മണ്ഡലമായിരുന്നു. സിൽവർലൈനിനുള്ള തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പ് ഫലത്തെ കാണാനാകില്ല. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ വോട്ട് ലഭിച്ചു എന്നതാണ് യാഥാർത്ഥ്യമെന്ന് എം.സ്വരാജ് പറഞ്ഞു. എൽഡിഎഫ് തകർന്നുപോയിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 2,500 വോട്ട് അധികം ലഭിച്ചു. വോട്ടിങ് ശതമാനം കുറഞ്ഞിട്ടും വോട്ട് കൂടി. യുഡിഎഫിനും കൂടുതൽ വോട്ട് കിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി മാത്രമല്ല തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് നയിച്ചത്, കൂട്ടായാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നേരിട്ട് നയിച്ചു. ഇത് ഒരു ഉപതെരഞ്ഞെടുപ്പ് മാത്രമല്ലേ എന്നും എം.സ്വരാജ് ചോദിക്കുന്നു.