- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃദുവായ ദോശയുടെ ഫാൻ ഉമ; 'ഇടുക്കി ടച്ചും' ഭക്ഷണ ശീലങ്ങളിൽ; കൊളസ്‌ട്രോൾ കൂട്ടുന്ന ചോറും കടുപ്പമുള്ള ചായയും കുടിക്കുന്ന ഹൃദ്രോഗ വിദഗ്ധൻ; ജോ ജോസഫിനും എഎൻആറിനും ആഹാരത്തിൽ നിർബന്ധമില്ല; വോട്ടു പിടിക്കാനെത്തുന്ന താര പ്രചാരകർക്ക് താൽപ്പര്യം വീട്ടിലെ ഊണും; തൃക്കാക്കരയിൽ വിഭവങ്ങൾ പലവിധം
കൊച്ചി: തൃക്കാക്കരയിലെ ഭക്ഷണ വിശേഷങ്ങൾ രസകരമാണ്. പ്രചരണത്തിന് എത്തിയ നേതാക്കൾക്ക് നല്ല ഭക്ഷണമൊരുക്കാൻ തൃക്കാക്കരയിലെ ഓരോ പാർട്ടിക്കാരനും മുൻകൈയെടുക്കുന്നു. ഉമാ തോമസിനും ജോ ജോസഫിനും എ എൻ രാധാകൃഷ്ണനുമുണ്ട് ഭക്ഷണ താൽപ്പര്യങ്ങൾ. ഇവയെല്ലാം വോട്ടുകാലത്തെ ചർച്ചകളാണ്.
പ്രചണത്തിന് നിരവധി സംസ്ഥാന നേതാക്കൾ തൃക്കാക്കരയിലുണ്ട്. അവർക്കെല്ലാം വീട്ടിലെ ഊണിനോടാണ് താൽപ്പര്യം. പക്ഷേ തൃക്കാക്കരയിൽ കൂടുതലും ഫ്‌ളാറ്റുകളാണ്. ഇവിടെ നേതാക്കൾക്ക് വീട്ടിലെ ഊണൊരുക്കുകയാണ് ഓരോ പാർട്ടിയിലേയും പ്രാദേശിക നേതാക്കൾ. ഇടതു പക്ഷത്തിന് വേണ്ടി അമ്പതോളം എംഎൽഎമാരടക്കം തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്നു. ഇവർക്കെല്ലാം പല വീടുകളിലാണ് ഉച്ചഭക്ഷണം ദിവസവും ഒരുക്കുന്നത്. അങ്ങനെ വീട്ടിലെ ഊണും വോട്ട് പിടിത്തത്തിനൊപ്പം നടക്കുന്നു.
ദോശയുടെ ഫാനാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. വീട്ടിലെ മെനുവിലും സ്ഥിരം താരം പലതരം ദോശയാണ്. ജോലിക്കു പോയിരുന്ന സമയത്തു ദോശയാകും മിക്കവാറും പ്രഭാത ഭക്ഷണം. ഉച്ചഭക്ഷണത്തിനും അതുതന്നെ കൊണ്ടുപോകും. വെജിറ്റേറിയൻ ഭക്ഷണം ശീലിച്ച ഉമയും നോൺ വെജ് ഭക്ഷണം മെനുവിലുള്ള പി.ടി. തോമസും ഒന്നിച്ചതോടെ പി.ടിയും വെജ് 'ഭക്ഷണ വക്താവാ'യിരുന്നുവെന്ന വിശദീകരിക്കുന്നത് മനോരമയാണ്. ഇതിനൊപ്പം മറ്റ് സ്ഥാനാർത്ഥികളുടെ വിശേഷങ്ങളുണ്ട്.
ഉമ തീർത്തും നോൺവെജുകാരിയല്ല. ഇടയ്ക്ക് പി.ടിക്കും മക്കൾക്കും നോൺ വെജ് ഭക്ഷണം വേണ്ടിവരും. അതു പാചകം ചെയ്യാറില്ലെങ്കിലും അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഭക്ഷണം ഒരുക്കാൻ ഒപ്പം നിൽക്കുമായിരുന്നു. ഒന്നിച്ചിരുന്നു കഴിക്കും. വിവിധതരം ദോശ പോലെതന്നെ പ്രിയമാണു കാന്താരി പനീർ പോലുള്ള വിഭവങ്ങളും. വീട്ടിൽ പിടിയുടെ 'ഇടുക്കി ടച്ച്' ഉള്ളതുകൊണ്ട് കാച്ചിലും ചേമ്പുമെല്ലാം അതിഥികളാകുമെന്നും ഉമ പറയുന്നു. ഫലൂഡയോടും സ്‌നേഹ കൂടുതലുണ്ട്.
എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് ഹൃദ്രോഗ വിദഗ്ധനാണ്. പക്ഷേ കൊളസ്‌ട്രോൾ കൂട്ടുന്ന ചോറിനോടാണ് താൽപ്പര്യം. സ്ഥിരം മെനുവിലുള്ള ഡോക്ടറുടെ ഇഷ്ടഭക്ഷണം ചോറാണ്. ഒപ്പം അവിയൽ പോലുള്ള കറികളും. മൂന്നുനേരം വേണമെങ്കിലും ചോറ് കഴിക്കാൻ തയ്യാർ. മറ്റൊരു പതിവു ശീലം കടുപ്പത്തിലുള്ള ചായയാണ്. നല്ലപോലെ പാലും മധുരവും ചായപ്പൊടിയും ചേർത്ത കടുപ്പമുള്ള ചായ.
എൻഡിഎ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന് ഭക്ഷണത്തിൽ വലിയ ചിട്ടകളില്ല. വീട്ടിലുള്ളപ്പോൾ രാവിലെ ഏലയ്ക്ക ചേർത്ത ഒരു കട്ടൻ ചായ വേണം. പത്രവായനയോടൊപ്പം പതിവു പാൽച്ചായ. പ്രഭാത ഭക്ഷണങ്ങളിൽ ഇഷ്ടം കടലപ്പരിപ്പ് അല്ലെങ്കിൽ പീസ് പരിപ്പ് പച്ചരി ചേർത്ത് അരച്ചെടുത്ത മാവുകൊണ്ട് ഉണ്ടാക്കുന്ന പൊട്ടുപരത്തിയാണ്. മാവിൽ ചെറുഉള്ളി, മുളക്, മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളക് എന്നിവ ചേർക്കുന്നതുകൊണ്ട് മറ്റു കറി ആവശ്യമില്ല.
വാട്ടക്കപ്പയും കടലയും ചേർത്തുള്ള പുഴുക്കും ഇഷ്ടം. ഒപ്പം പപ്പടവും. പിന്നെ ഇഷ്ടം ചക്ക കൊണ്ടുള്ള വിഭവങ്ങളാണ്. ഉച്ചഭക്ഷണത്തിന് ചിലപ്പോൾ അധികം ഉണ്ടാകുന്നത് ചെറു മീനുകൾ കൊണ്ടുള്ള വിഭവങ്ങളാണ്. രാത്രി വൈകിയാണു വീട്ടിലെത്തുന്നതെങ്കിൽ കൂവ പാലിൽ കാച്ചിയെടുത്ത ലഘുഭക്ഷണം മാത്രം കഴിക്കും.
മറുനാടന് മലയാളി ബ്യൂറോ